മക്കളെ സംരക്ഷിക്കാൻ ഏതറ്റം വരെയും പോകുമെന്നും കൃഷ്ണകുമാര്‍.
സാമ്പത്തിക തട്ടിപ്പു കേസിൽ തന്റെ കുടുംബത്തെ പിന്തുണച്ചവർക്ക് നന്ദി പറഞ്ഞ് കൃഷ്ണകുമാറും ഭാര്യ സിന്ധു കൃഷ്ണയും. മക്കളെ സംരക്ഷിക്കാൻ ഏതറ്റം വരെയും താൻ പോകുമെന്നും വലിയ കൊടുങ്കാറ്റുകളിലൂടെ കടന്നുപോയവർക്ക് ചെറിയ കാറ്റൊന്നും ഏൽക്കില്ലെന്നും കൃഷ്ണകുമാർ പറഞ്ഞു. സിന്ധു കൃഷ്ണയുടെ പുതിയ വ്ളോഗിൽ സംസാരിക്കുകയായിരുന്നു ഇരുവരും.
''വലിയ വീട്ടിലൊന്നും ജനിച്ചുവളർന്നയാളല്ല ഞാൻ. അച്ഛന്റെ കുടുംബമൊക്കെ വലിയ കുടുംബമായിരുന്നെങ്കിലും അച്ഛന് വലിയൊരു തകർച്ചയുണ്ടായി. അതിനു ശേഷം ഞങ്ങൾ വല്ലാത്തൊരു അവസ്ഥയിലേക്ക് പോയി. എന്റെ പത്താം ക്ലാസ് ഒക്കെ കഴിഞ്ഞ് കുറച്ചുനാൾ ഞങ്ങൾ വലിയ ബുദ്ധിമുട്ടുകളിലൂടെയാണ് കടന്നുപോയത്. പ്രതിസന്ധികൾ നമുക്കു കരുത്താകും എന്നു പറയാറില്ലേ. വലിയ കൊടുങ്കാറ്റുകളിലൂടെ കടന്നുപോയവർക്ക് ചെറിയ കാറ്റൊന്നും ഏൽക്കില്ല'', എന്ന് കൃഷ്ണകുമാർ പറഞ്ഞു.
''മക്കളെ ഞാൻ വഴക്കു പറയുകയും അതിരൂക്ഷമായ ഭാഷയിൽ വിമർശിക്കുകയുമൊക്കെ ചെയ്യാറുണ്ട്. അതൊക്കെ ഒരു വശത്ത് നടക്കും. പക്ഷേ, അവർക്കൊരു പ്രശ്നം വന്നാൽ കൂടെ നിൽക്കേണ്ടത് മാതാപിതാക്കളുടെ ഉത്തരവാദിത്തമാണ്. അവർക്കൊരു പ്രശ്നം വന്നാൽ ഞങ്ങൾ ഏതറ്റം വരെയും പോകും. ആരൊക്കെയാണ് നമ്മുടെ സുഹൃത്തുക്കൾ, ആരൊക്കെയാണ് നമ്മുടെ ശത്രുക്കൾ എന്നൊക്കെ അറിയാനുള്ള അവസരം കൂടിയായിരുന്നു ഇത്. എന്റെ ഓഫീസിലുള്ള എല്ലാവരും എനിക്കൊപ്പം ഉണ്ട്'', എന്നും കൃഷ്ണകുമാർ കൂട്ടിച്ചേർത്തു. എല്ലാവരുടേയും പിന്തുണയ്ക്കും പ്രാർത്ഥനയ്ക്കും തങ്ങൾ നന്ദി അറിയിക്കുന്നതായും കൃഷ്ണകുമാറും സിന്ധു കൃഷ്ണയും വീഡിയോയിൽ പറഞ്ഞു.
ഏതൊരു പെൺകുട്ടിയും ആഗ്രഹിക്കുന്ന ഏറ്റവും ശക്തനായ അച്ഛൻ ആയിരുന്നു കിച്ചു എന്നാണ് സിന്ധു കൃഷ്ണ ഇൻസ്റ്റഗ്രാമിൽ കുറിച്ചത്. ''ഞങ്ങളുടെ കുടുംബം പരസ്പരം എങ്ങനെ ശക്തമായി നിലകൊണ്ടു എന്ന് കാണാൻ കഴിഞ്ഞതിൽ എന്റെ ഹൃദയം നിറഞ്ഞു. നിങ്ങളുടെ സഹോദരബന്ധം എന്റെ മനസുനിറച്ചു. അമ്മുവും ഇഷാനിയും ഹൻസുവും എപ്പോഴും നിനക്കൊപ്പമുണ്ടാകും'', എന്നും സിന്ധു കൃഷ്ണ കുറിച്ചു.



