നടൻ കൃഷ്ണകുമാറിന്റെ കുടുംബത്തിലെ എല്ലാവരും യൂട്യൂബ് വ്ലോഗിംഗിൽ സജീവമാണ്. ഭാര്യ സിന്ധുവും നാല് പെൺമക്കളായ അഹാന, ദിയ, ഇഷാനി, ഹൻസിക എന്നിവരും വ്യത്യസ്തമായ ശൈലികളിലാണ് വീഡിയോകൾ നിർമ്മിക്കുന്നത്.
സമൂഹമാധ്യമങ്ങൾ ഉപയോഗിക്കുന്നവർക്ക് സുപരിചിതരാണ് നടൻ കൃഷ്ണകുമാറും കുടുംബവും. കുടുംബത്തിലെ എല്ലാവരും യൂട്യൂബ് ചാനലുമായി സജീവമാണ്. എല്ലാവർക്കും പ്രത്യേകം ഫാൻ ബേസുമുണ്ട്. പല പ്രേക്ഷകരും ഇപ്പോൾ കുടുംബത്തിലെ അംഗങ്ങളെപ്പോലെയാണ് കൃഷ്ണകുമാറിന്റെ കുടുംബത്തിലെ ഓരോരുത്തരെയും കാണുന്നത്. പൊതുപ്രവർത്തനവുമായി കൃഷ്ണകുമാർ തിരക്കിലാണെങ്കിലും ഭാര്യ സിന്ധു കൃഷ്ണയും മക്കളായ അഹാനയും ഇഷാനിയും ദിയയും ഹൻസികയുമെല്ലാം തങ്ങളുടെ വിശേഷങ്ങൾ സമൂഹമാധ്യമങ്ങളിലൂടെ പങ്കുവെയ്ക്കാറുണ്ട്. എങ്ങനെയാണ് അഞ്ച് പേരും വ്ലോഗുകൾ തയ്യാറാക്കുന്നത് എന്നതിനെക്കുറിച്ച് കൃഷ്ണകുമാർ പറഞ്ഞ കാര്യങ്ങളും ഇപ്പോൾ ശ്രദ്ധ നേടുകയാണ്.
സിന്ധു വ്ലോഗിന് വേണ്ടി സമയം ചെലവഴിക്കാറില്ല. അതിന് പറ്റാറില്ല. പക്ഷേ, ഭയങ്കര സത്യസന്ധയാണ്. ദിയക്ക് പ്രശ്നമുണ്ടെങ്കിൽ അവിടെ കാണും. അഹാനക്ക് ഷൂട്ടിംഗ് ഉണ്ടെങ്കിൽ അവിടെ കാണും. ഇഷാനിക്ക് ഷൂട്ടിംഗ് ഉണ്ടെങ്കിൽ അവിടെയും. ഇതെല്ലാം കഴിഞ്ഞ് ഓമിയെ കുളിപ്പിക്കാൻ നോക്കുമ്പോൾ അവിടെയും സിന്ധുവുണ്ട്. ഈ തിരക്കുകൾക്കിടയിൽ എപ്പഴൊക്കെയോ ക്യാമറ ഓൺ ചെയ്യുകയും ചെയ്യും. നമ്മൾ വീട്ടിൽ ഇരിക്കുകയാണെങ്കിൽ അതൊക്കെ ഷൂട്ട് ചെയ്യും. ഇനി എന്നെ വിളിക്കല്ലേ, എനിക്കിത് എഡിറ്റ് ചെയ്ത് തീർക്കാനുണ്ട് കേട്ടോ എന്നൊക്കെ പറഞ്ഞ് ബഹളമുണ്ടാക്കി എങ്ങനെയെങ്കിലും ഒരു വ്ലോഗ് ഉണ്ടാക്കും.
അഹാന കുറേ ഇരുന്ന് ആലോചിക്കും. നോട്ട് എഴുതി വെക്കും. അവൾക്ക് തോന്നുന്ന സമയത്ത് അവളൊരു വ്ലോഗ് ഉണ്ടാക്കും. അതിനൊരു ഭംഗിയായിരിക്കും. പ്രൊഫഷണൽ സിനിമയുടെ ലുക്ക് വരും. ദിയക്ക് അങ്ങനെയൊന്നും വേണ്ട. ചുമ്മാ വീട്ടിൽ ഇരിക്കുമ്പോൾ അടുക്കളയിലുള്ള മാങ്ങ എടുത്ത് കൊണ്ട് പോയി അത് മുറിച്ച് ഉപ്പും മുളകും വിതറിയിട്ട് ക്യാമറ ഓൺ ചെയ്ത്, കുറച്ച് കായപ്പൊടിയും ഉലുവാപ്പൊടിയും പപ്പടവും പൊടിച്ചിട്ട് വെളിച്ചെണ്ണയിൽ മുക്കി കഴിച്ചാൽ ഭയങ്കര വ്യത്യസ്തമായിരിക്കും എന്നൊക്കെ പറയും. അതൊരു വ്ലോഗായി. അതിന് അതിന്റേതായ ഓഡിയൻസുണ്ട്.
ഇഷാനിക്ക് എല്ലാത്തിനും ടെൻഷനാണ്. അച്ഛനൊന്ന് മിണ്ടാതിരുന്ന് കൂടെ, ഞാൻ വ്ലോഗെടുത്ത് കൊണ്ടിരിക്കുന്നത് അച്ഛന് കണ്ട് കൂടേ എന്നൊക്കെ ചോദിക്കും. അവളുടെ വ്ലോഗിൽ സത്യസന്ധമായ ഫീൽ ഉണ്ടാകും. ഉള്ളതേ പറയൂ. ഹൻസിക ഇതിൽ നിന്നെല്ലാം വ്യത്യസ്തമായാണ് വ്ലോഗ് ചെയ്യുക. കോളേജിലെ ഗ്യാങുമായെല്ലാം ചേർന്ന് വീഡിയോ എടുക്കും. ഫ്ലെക്സിബിൾ ആയ ബോഡിയാണ് അവൾക്ക്. അതുകൊണ്ടുതന്നെ ഡാൻസ് വീഡിയോകളും ചെയ്യാറുണ്ട്.



