മകൾ അഹാന കൃഷ്ണയുടെ മുപ്പത്തിയൊന്നാം ജന്മദിനത്തിൽ ഹൃദയസ്പർശിയായ കുറിപ്പ് പങ്കുവെച്ച് നടൻ കൃഷ്ണകുമാർ. 1995 ഒക്ടോബർ 13-ന് അഹാന ജനിച്ച ദിവസത്തെ ആശുപത്രിയിലെ വൈകാരികമായ ഓർമകളാണ് അദ്ദേഹം തന്റെ പോസ്റ്റിൽ പ്രധാനമായും പങ്കുവെച്ചത്.

മകൾ അഹാന കൃഷ്ണയുടെ ജന്മദിനത്തിൽ ഹൃദയസ്പർശിയായ കുറിപ്പുമായി കൃഷ്ണകുമാർ‌. അഹാന ജനിച്ച ദിവസത്തെക്കുറിച്ചുള്ള ഓർമകളാണ് കൃഷ്ണകുമാറിന്റെ പോസ്റ്റിൽ നിറ‍ഞ്ഞുനിൽക്കുന്നത്. എല്ലാം കൊണ്ട് അനുഗ്രഹീതമായ ജീവിതമാണ് തങ്ങളുടേതെന്നും കൃഷ്ണകുമാർ പറയുന്നു.

''വര്‍ഷങ്ങള്‍ പോയതറിഞ്ഞില്ല, ഇന്നും ഓര്‍മയില്‍ നില്‍കുന്നത് സിന്ധുവിന്റെ ആദ്യപ്രസവ ദിവസം ആനാടിയില്‍ ആശുപത്രിയുടെ ലേബര്‍ റൂമിനു വെളിയില്‍ കുറെ ആളുകളുമായി സംസാരിച്ചിരിക്കുന്നതാണ്. അവരും അകത്തു പ്രസവത്തിനായി അഡ്മിറ്റായിരിക്കുന്നവരുടെ ബന്ധുക്കള്‍. ഇടയ്ക്കിടെ ലേബര്‍ റൂമിന്റെ വാതില്‍ തുറന്നു നേഴ്‌സ് പേര് വിളിക്കും. ബേബി ഓഫ്....ഉടനെ ബന്ധുക്കള്‍ ഓടി ചെല്ലും കുഞ്ഞിനെ കാണും. ചിരിക്കും. സന്തോഷത്തോടെ ചോദിക്കും അകത്തുള്ള അമ്മക്ക് സുഖമാണോ. അതേയെന്നു അവര്‍ പറയും. വാതില്‍ അടയും, കുഞ്ഞിനെ അമ്മയുടെ അടുത്തേക്ക് കൊണ്ടുപോകും. ഓരോ തവണ വാതില്‍ തുറക്കുമ്പോഴും എന്റെയാണോ എന്നു ആലോചിച്ചു എണീക്കും. 9 ത് തവണ എണീറ്റു. 10 മത്തെ തവണ എണീറ്റപ്പോള്‍ നേഴ്‌സ് വിളിച്ചു പറഞ്ഞു. ബേബി ഓഫ് സിന്ധു, ഞാന്‍ അടുത്ത് ചെന്ന് നോക്കി.. ഒരു കൊച്ചു സുന്ദരിയെ കണ്ടു.. ഒരു നിമിഷം എടുക്കാന്‍ കയ്യില്‍ തന്നു. സന്തോഷത്തിനേക്കാള്‍ മുകളില്‍ നില്‍ക്കുന്ന വിവരിക്കാനാവാത്ത ഒരു വികാരം. സിന്ധുവിനു സുഖമാണെന്ന് നേഴ്‌സ് പറഞ്ഞപ്പോള്‍ സന്തോഷം ഇരട്ടിച്ചു. അമ്മയും കുഞ്ഞും സുഖം. ദൈവത്തിനു നന്ദി പറഞ്ഞു. അന്ന് 1995 ഒക്ടോബര്‍ മാസം 13. ഉച്ചക്ക് 3.21 നു അമ്മു ജനിച്ചു.

30 വര്‍ഷങ്ങള്‍ ശരവേഗത്തില്‍ കടന്നുപോയി. 2026 സെപ്റ്റംബര്‍ 13, അഹാന.. ഞങ്ങളുടെ അമ്മു കല്യാണം കഴിച്ചു. ഇന്നു ഒക്ടോബര്‍ 13 അമ്മുവിന് 31 വയസ്, എനിക്ക് 58. എല്ലാം കൊണ്ട് അനുഗ്രഹീതമായ ജീവിതം തന്ന ദൈവത്തിനു നന്ദി.. ഞങ്ങളെ സ്‌നേഹിച്ചവര്‍ക്കും, ഞങ്ങള്‍ക്കായി പ്രാര്‍ത്ഥിച്ചവര്‍ക്കും നന്മകള്‍ നേരുന്നു. അമ്മുവിന് പിറന്നാള്‍ ആശംസകള്‍'', കൃഷ്ണകുമാർ കുറിച്ചു.

YouTube video player