അമ്മ രേണു സുധിയുടെ മാധ്യമ ഇടപെടലുകളെക്കുറിച്ചുള്ള ചോദ്യങ്ങളോട് ലൈവിൽ പ്രതികരിച്ച് കിച്ചു. അമ്മയുടെ കാര്യങ്ങളിൽ താൻ ഇടപെടില്ലെന്നും അത് അവരുടെ വ്യക്തിപരമായ ഇഷ്ടമാണെന്നും കിച്ചു വ്യക്തമാക്കി.
സോഷ്യൽ മീഡിയ ഉപയോക്താക്കൾക്ക് ഏറെ സുപരിചിതരാണ് രേണു സുധിയും മകൻ കിച്ചുവും. നിലവിൽ യുട്യൂബ് ചാനലും പഠിത്തവുമൊക്കെയായി മുന്നോട്ട് പോകുന്ന കിച്ചുവിന് ധാരാളം ഫോളോവേഴ്സും സ്നേഹിക്കുന്നവരും ഉണ്ട്. പലപ്പോഴും ലൈവിൽ വരാറുള്ള കിച്ചുവിന്റെ വിശേഷങ്ങൾ അറിയാൻ അവർക്ക് താല്പര്യം ഏറെയുമാണ്. എന്നാൽ പലപ്പോഴും രേണുവുമായി ബന്ധപ്പെട്ട ചോദ്യങ്ങളാണ് കിച്ചുവിന് നേരിടേണ്ടി വന്നിട്ടുള്ളത്. അടുത്തിടെ വീടുമായി ബന്ധപ്പെട്ട് കിച്ചു നടത്തിയ പരാമർശം വൈറലായിരുന്നു. ഇപ്പോഴിതാ രേണു ഓവറായി മീഡിയയോട് സംസാരിക്കുന്നത് കുറയ്ക്കാൻ പറഞ്ഞവരോടും തുടരെയുള്ള ഇത്തരം ചോദ്യങ്ങളോടും കിച്ചു പറഞ്ഞ മറുപടി ശ്രദ്ധനേടുകയാണ്.
ലൈവിൽ ആയിരുന്നു 'അമ്മ മീഡിയയോട് ഓവറായി സംസാരിക്കുന്നത് കുറയ്ക്കാൻ പറയോ' എന്ന ചോദ്യം വന്നത്. ഇതിന്, 'അതിപ്പോ ഞാൻ എങ്ങനെയാ പറയുന്നത്. അതൊക്കെ ഓരോരുത്തരുടെ ഇഷ്ടമല്ലേ. അതിൽ കയറി ഒന്നും പറയുന്നതെന്തിന്. ഞാൻ കുറച്ച് നല്ല കാര്യങ്ങൾ പറയുന്നില്ലേ. അത്രയെ ഉള്ളൂ. വേറൊരാളെ തിരുത്താനൊന്നും എന്നെ കൊണ്ട് പറ്റത്തില്ല. ഞാൻ എന്റെ കാര്യം നോക്കി പോകുന്നു. അതിൽ എന്തെങ്കിലും കുഴപ്പമുണ്ടെങ്കിൽ നിങ്ങൾ പറയ്. നമുക്ക് അത് തിരുത്താം. ഞാൻ ഇങ്ങനെയാണ്. ആർക്കും ഒരു ശല്യമില്ലാതെ എന്റെ എൻജോയ്മെന്റിൽ മുന്നോട്ട് പോകുന്നു. ഓരോ പ്രശ്നത്തിൽ കയറി ഇടപ്പെട്ട് എന്തിനാണ് വെറുതെ. അമ്മയെ തിരുത്താൻ എന്നെ കൊണ്ട് വയ്യ. ഞാൻ എന്റെ കാര്യം നോക്കി പോക്കോളാം. അമ്മയ്ക്ക് അമ്മയുടേതായ ഒരുപാട് ഇഷ്ടങ്ങളുണ്ട്. അതിൽ തന്നെ നിൽക്കട്ടെ. അതിൽ കയറി ഞാൻ എന്തിന് ഇടപെടണം. അതിൽ എനിക്ക് ഒരു പ്രശ്നവും ഇല്ല. കുറേനാളായി ഞാനിതൊക്കെ കേൾക്കുന്നു. ഞാൻ പറയുന്ന കാര്യങ്ങൾ വേറെ രീതിയിലേക്ക് മാറ്റുകയാണ്. കട്ട് ചെയ്ത് വീഡിയോകൾ ഇടുമ്പോൾ ഇത് കൂടി അതിൽ വരണം. ഞാൻ എന്റെ ഇഷ്ടം നോക്കി പോകട്ടെ. വെറുതെ വിടൂ പ്ലീസ്', എന്നായിരുന്നു കിച്ചുവിന്റെ മറുപടി.
അടുത്തിടെ താൻ ലണ്ടനിലേക്ക് പോകുകയാണെന്ന് രേണു സുധി പറഞ്ഞിരുന്നു. ഇതേക്കുറിച്ചുള്ള ചോദ്യത്തിനും കിച്ചു മറുപടി നൽകുന്നുണ്ട്. 'ഞാനൊരു കാര്യം പറയട്ടെ. എനിക്ക് അറിയില്ല. ഓരോ റീലൊക്കെ കാണുമ്പോഴാണ് ഇതൊക്കെ ഞാൻ അറിയുന്നത്. നിങ്ങളൊക്കെ അറിഞ്ഞ് കഴിഞ്ഞിട്ടാകും ഞാൻ അറിയുന്നത്', എന്നാണ് കിച്ചു പറഞ്ഞത്.



