കഴിഞ്ഞ ദിവസമായിരുന്നു സിദ്ധാര്‍ത്ഥ് വേണുഗോപാല്‍ അന്തരിച്ചത്. രണ്ട് വർഷമായി കാൻസർ ബാധിതനായി സിദ്ധാർത്ഥ് ചികിത്സയിലായിരുന്നു.

ലയാള മിനിസ്ക്രീൻ പ്രേക്ഷകർക്ക് ഏറെ സുപരിചിതനായ നടനായിരുന്നു നടൻ സിദ്ധാർത്ഥ് വേണു​ഗോപാൽ. ഏറെ അപ്രതീക്ഷിതമായിട്ടായിരുന്നു സിദ്ധാർത്ഥിന്റെ മരണവാർത്ത ഇന്നലെ പുറത്തുവന്നത്. കഴിഞ്ഞ രണ്ട് വർഷമായി കാൻസർ ബാധിതനായി സിദ്ധാർത്ഥ് ചികിത്സയിലായിരുന്നു. പ്രിയതാരത്തിന്റെ, സഹപ്രവർത്തകന്റെ വിയോ​ഗത്തിന്റെ തീരാവേദനയിലാണ് മലയാള സീരിയൽ ലോകവും. നിരവധി പേരാണ് സിദ്ധാർത്ഥിന്റെ ഓർമകൾ പങ്കുവച്ച് എത്തിയത്.

'സിദ്ധു എടാ മോനേ.. നീ ഇനി ഈ ഭൂമിയിൽ ഇല്ല എന്ന് എനിക്ക് വിശ്വസിക്കാൻ കഴിയുന്നില്ലെടാ.. അമ്മയും മകനുമായി നമ്മൽ ഒന്നിച്ച് അഭിനയിക്കുമ്പോൾ, നീ എന്നോട് പലവട്ടം പറഞ്ഞിട്ടുണ്ട്, എന്റെ സ്വന്തം അമ്മയെ ഞാൻ പലപ്പോഴും പല സീനിലും ഫീൽ ചെയ്തിട്ടുണ്ടെന്ന്. ഈശ്വരാ എനിക്ക് ഇത് താങ്ങാൻ കഴിയുന്നില്ല. സിദ്ധൂ.. കണ്ണീരിൽ കുതിർന്ന പ്രണാമങ്ങൾ മാത്രം മോനെ. നിന്റെ കുടുംബത്തിന് ഇതു താങ്ങാനുള്ള കരുത്ത് ഈശ്വരൻ നൽകട്ടെ', എന്നാണ് നടി ബീന ആന്റണി കുറിച്ചത്.

"ചില വിടവാങ്ങലുകൾ നമ്മെ അക്ഷരാർത്ഥത്തിൽ ഞെട്ടിക്കും. പിടിച്ചുലയ്ക്കും. എന്തുകൊണ്ട് ഇത്ര നേരത്തെ എന്ന് മനസ്സിൽ അസ്വസ്ഥതകൾ മുളപൊട്ടും. കുറച്ചു വർഷങ്ങൾക്ക് മുൻപ് "സെൽ മി ദി ആൻസർ " എന്ന ഏഷ്യാനെറ്റിലെ പ്രോഗ്രാമിൽ പങ്കെടുക്കാൻ അവസരം കിട്ടിയിരുന്നു. അന്ന് ഒരു എപ്പിസോഡിൽ മത്സരാർത്ഥിയായി സിദ്ധാർഥ് വേണുഗോപാലും വന്നിരുന്നു. കസ്തൂരിമാൻ എന്ന പരമ്പര ഹിറ്റായി മുന്നേറുന്ന സമയം കൂടിയായിരുന്നു അപ്പോൾ. ആ എപ്പിസോഡിൽ എനിക്കും സിദ്ധാർഥിനോടൊപ്പം വേദി പങ്കിടാൻ സാധിച്ചിരുന്നു. ഷൂട്ടിങ് കഴിഞ്ഞ് പോകുമ്പോൾ മനോഹരമായ ഒരു പുഞ്ചിരി സമ്മാനിച്ചതും, നിറയെ സംസാരിച്ചതും ഇന്നലെ എന്ന പോലെ ഓർമയിലുണ്ട്. ശേഷം സോഷ്യൽ മീഡിയയിൽ കുറച്ചു നാൾ കോൺടാക്ടും ഉണ്ടായിരുന്നു. എല്ലായ്‌പ്പോഴും നല്ല രീതിയിൽ പെരുമാറുന്ന ഒരാളായിരുന്നു സിദ്ധാർഥ്. അകാലത്തിൽ പൊലിഞ്ഞ നക്ഷത്രത്തിന് ആദരാഞ്ജലികൾ.എത്രയോ സ്വപ്‌നങ്ങൾ ബാക്കി വെച്ചായിരിക്കും വിട വാങ്ങിയത്", എന്ന് നടൻ അനീഷ് ടി കുറിച്ചു.

"ഞാൻ സലൂൺ ഇൽ ജോലി ചെയ്തിരുന്ന കാലം മുതൽ പരിചയമുള്ള ഒരു കൂട്ടുകാരൻ. അവന്റെ ആദ്യത്തെ സീരിയലിൽ അഭിനയിക്കാൻ പോകുമ്പോൾ. എന്റെ കടയിൽ താടിയും മുടിയും ഒക്കെ സെറ്റ് ചെയ്തത് പോയത് ഇപ്പോഴും ഓർക്കുന്നു. പിന്നീട് അവൻ അറിയപ്പെടുന്ന ഒരു നടനായി. ഒരു നിമിത്തം എന്നപോലെ ഞാനും സീരിയലിൽ അഭിനയിക്കാൻ എത്തി. എപ്പോഴും വിളിച്ചു വലിയ സൗഹൃദങ്ങൾ ഒന്നും പങ്കുവെക്കാറില്ലെങ്കിലും. കാണുന്ന എല്ലാ അവസരങ്ങളിലും നമുക്ക് ചേർന്ന് നല്ലൊരു വർക്ക് ചെയ്യണമെന്ന് എപ്പോഴും ഞങ്ങൾ രണ്ടുപേരും പറയുമായിരുന്നു. പിന്നീട് കുറേക്കാലത്തേക്ക് അവന്റെ വിവരങ്ങൾ ഒന്നും തന്നെ ഞാൻ അറിഞ്ഞിരുന്നില്ല. പഴയ നമ്പറിൽ ഒന്ന് രണ്ട് തവണ വിളിച്ചപ്പോഴും കിട്ടിയില്ല. ഇപ്പോഴിതാ അപ്രതീക്ഷിതമായി അവൻ ഈ ഭൂമിയിൽനിന്ന് വിടവാങ്ങി എന്നറിയുന്നു.

View post on Instagram

എപ്പോൾ കാണുമ്പോഴും അവന്റെ അമ്മയെ ഫോണിൽ വിളിച്ച് എന്നെ സംസാരിപ്പിക്കുമായിരുന്നു. അമ്മക്ക് എന്നെ വലിയ ഇഷ്ട്ടമായിരുന്നു. ചിരിച്ചല്ലാതെ ഞാൻ അവനെ ഒരിക്കലും കണ്ടിട്ടില്ല. ഇനിയൊരിക്കലും ആ ചരി നേരിൽ കാണാൻ കഴിയില്ല എന്ന് അറിയുമ്പോൾ വല്ലാത്തൊരു സങ്കടം. എവിടെയെങ്കിലും എന്നെങ്കിലും വെച്ച് വീണ്ടും കാണാമെന്ന ഒരു പ്രതീക്ഷ ബാക്കിയുണ്ടായിരുന്നു. ഇനി അതില്ല. എങ്കിലും പ്രിയ കൂട്ടുകാരാ ആ പഴയ ഓർമ്മകൾക്ക് ഒരിക്കലും മരണമില്ല. നിന്റെ സ്വപ്‌നങ്ങൾ. ബാക്കി വച്ചു നീ യാത്ര ആയിടത്ത് നമുക്ക് ഒരിക്കൽ കാണാം", എന്നാണ് സാന്ത്വനം സീരിയൽ താരം ബിജേഷ് അവനൂർ കുറിച്ചത്. ഇത്തരത്തിൽ ഒട്ടനവധി പേരാണ് സിദ്ധാർത്ഥിന് ആദരാഞ്ജലികൾ അറിയിച്ചും ഓർമകൾ പങ്കിട്ടും എത്തുന്നത്.

Asianet News Live | Malayalam Live News | Breaking News l Kerala News Updates | HD News Streaming