ഇന്‍സ്റ്റഗ്രാം പോസ്റ്റിലൂടെയാണ് താരം ഇക്കാര്യം അറിയിച്ചിരിക്കുന്നത്

'കുടുംബവിളക്ക്' പരമ്പരയിലെ മരുമകളായെത്തി മലയാളി കുടുംബപ്രേക്ഷകരുടെ മനം കവര്‍ന്ന താരമാണ് രേഷ്‍മ നായര്‍. സഞ്ജന എന്ന കഥാപാത്രത്തെയാണ് കുടുംബ വിളക്കിൽ രേഷ്മ അവതരിപ്പിച്ചിരുന്നത്. കുടുംബ വിളക്കിന് ശേഷം മറ്റു സീരിയലുകളിൽ രേഷ്മയെ കണ്ടിരുന്നില്ലെങ്കിലും സോഷ്യൽ മീഡിയയിൽ സജീവമാണ് താരം.

ജീവിതത്തിലെ വലിയൊരു വിശേഷമാണ് രേഷ്മ ഇപ്പോൾ സോഷ്യല്‍ മീഡിയയിലൂടെ അറിയിച്ചിരിക്കുന്നത്. തന്റെ വിവാഹ നിശ്ചയം ഉടന്‍ ഉണ്ടാവുമെന്നാണ് രേഷ്മ സോഷ്യൽ മീഡിയയിലൂടെ അറിയിച്ചിരിക്കുന്നത്. ഭാവി വരന്റെ മുഖം കാണിക്കാതെയാണ് രേഷ്മ ഇൻസ്റ്റഗ്രാമിൽ ചിത്രങ്ങൾ പങ്കുവച്ചിരിക്കുന്നത്.

''ഇരുട്ട് നിറഞ്ഞ ദിവസങ്ങളിൽ നിന്ന് നമ്മളെ മോചിപ്പിച്ച്, വെളിച്ചം നൽകുന്ന ഒരാളെ നമ്മൾ കണ്ടുമുട്ടുമ്പോൾ, ജീവിതം തന്നെ അർത്ഥവത്താകില്ലേ? ഇതുപോലൊരാളെ പങ്കാളിയായി ലഭിച്ച ഞാൻ ഭാഗ്യവതിയാണ്. പക്ഷേ സത്യസന്ധമായി പറഞ്ഞാൽ, അതിലുമൊക്കെ അപ്പുറമാണ് അദ്ദേഹം. എന്റെ ഏറ്റവും അടുത്ത സുഹൃത്ത്.... ടെൻഷനടിക്കല്ലേ, ഞാനുണ്ട് കൂടെ എന്ന് എന്റെ കൈ പിടിച്ച് എപ്പോഴും ആശ്വസിപ്പിക്കുന്ന ആൾ... ഞാൻ തകർന്നിരുന്ന സമയത്താണ് അവൻ എന്റെ ജീവിതത്തിലേക്ക് കടന്നുവന്നത്. എന്റെ ദുഃസ്വപ്നങ്ങളിൽ നിന്ന് അവൻ എന്നെ മോചിപ്പിച്ചു, അവ ഏറ്റവും കളർഫുൾ ആയ സ്വപ്നങ്ങളാക്കി മാറ്റി.

View post on Instagram

എന്നെ ഏറ്റവുമധികം പ്രചോദിപ്പിക്കുന്നയാൾ കൂടിയാണ് അവൻ. ഞാൻ ഇന്ന് ഇങ്ങനെ ചിരിക്കുന്നതിന്റെ കാരണം അവനാണ്. ഞങ്ങളുടെ വിവാഹ നിശ്ചയം ഉടനെ ഉണ്ടാവും. ആ ദിവസത്തിന് വേണ്ടി ഞാൻ കാത്തിരിക്കുകയാണ്. എന്റെ അച്ഛനോടും അമ്മയോടും ഞാൻ വളരെയധികം കടപ്പെട്ടിരിക്കുന്നു, ഞങ്ങളുടെ പ്രണയം അംഗീകരിച്ചതിനും അവനെ സ്വന്തം മകനായി സ്വീകരിച്ചതിനും. ഈ യാത്ര കൂടുതൽ മനോഹരമാക്കിയതിന് ഞങ്ങളുടെ രണ്ട് പേരുടെയും മാതാപിതാക്കൾക്ക് പ്രത്യേകം നന്ദി'' രേഷ്മ ഇൻസ്റ്റഗ്രാമില്‍ കുറിച്ചു.

Asianet News Live | Malayalam News Live | Kerala News Live | Breaking news | ഏഷ്യാനെറ്റ് ന്യൂസ്