ഇന്‍സ്റ്റഗ്രാമിലൂടെയാണ് പിറന്നാളാശംസ
സീരിയൽ രംഗത്തും സിനിമയിലും ഒരുപോലെ മികവ് കാട്ടിയിട്ടുള്ള താരമാണ് മഞ്ജു പത്രോസ്. വെറുതെയല്ല ഭാര്യ എന്ന റിയാലിറ്റി ഷോയിലൂടെയാണ് മഞ്ജു ശ്രദ്ധിക്കപ്പെടുന്നത്. പിന്നീട് സിനിമകളിലും ടെലിവിഷൻ പരമ്പരകളിലും സജീവമായി. ഇപ്പോൾ അളിയൻസ് എന്ന ടെലിവിഷൻ പരമ്പരയിലാണ് മഞ്‍ജു പത്രോസ് അഭിനയിക്കുന്നത്. അക്ഷയ എസ് ആണ് പരമ്പരയിൽ മഞ്ജുവിന്റെ മകളായി അഭിനയിക്കുന്നത്.
അക്ഷയയുടെ പിറന്നാൾ ദിനത്തിൽ മഞ്ജു പത്രോസ് പങ്കുവെച്ച കുറിപ്പും ശ്രദ്ധ നേടുകയാണ്. അക്ഷയ തന്റെ ജീവിതത്തിൽ സംഭവിച്ച ഏറ്റവും നല്ല കാര്യങ്ങളിൽ ഒന്നാണ് എന്നും ഒരു പെൺകുഞ്ഞിന്റെ കുറവ് ഇല്ലാതാക്കിയത് അക്ഷയ ആണെന്നും മഞ്ജു പറയുന്നു.
''അമ്മേടെ മുത്തിന് ഇന്ന് പിറന്നാൾ ആണ്... നീ എന്റെ ജീവിതത്തിൽ വന്നതാണ് മഞ്ജുമ്മയുടെ ജീവിതത്തിലെ ഏറ്റവും മനോഹരമായ കാര്യങ്ങളിൽ ഒന്ന്.. ഒരു പെൺകുഞ്ഞിന്റെ കുറവ് ഇല്ലാതാക്കിയത് നീയാണ്.. നിനക്ക് ഉടുപ്പ് മേടിക്കുമ്പോ, കമ്മൽ മേടിക്കുമ്പോ, നിന്നെ കെട്ടിപ്പിടിക്കുമ്പോ, നിനക്ക് ഉമ്മ തരുമ്പോ... അമ്മക്ക് മനസിലാകാറുണ്ട് അമ്മക്ക് ഒരു മകൾ കൂടി ഉണ്ടെന്ന്.. അമ്മയുടെ പൊന്നിന് ആയിരം ഉമ്മകൾ..'', അക്ഷയക്കൊപ്പമുള്ള ചിത്രങ്ങൾക്കൊപ്പം മഞ്ജു പത്രോസ് ഇൻസ്റ്റഗ്രാമിൽ കുറിച്ചു.
''മഞ്ജുമ്മാ.. എന്നും ഈ മകൾ ഒപ്പം ഉണ്ടാകും'', എന്നാണ് മഞ്ജുവിന്റെ പോസ്റ്റിനു താഴെ അക്ഷയ കമന്റ് ചെയ്തത്. മറ്റു നിരവധി പേർ പോസ്റ്റിനു താഴെ അക്ഷയക്ക് പിറന്നാൾ ആശംസകൾ നേർന്ന് കമന്റ് ചെയ്തിട്ടുണ്ട്.
അക്ഷയയുടെ അമ്മയും അളിയൻസിൽ അഭിനയിക്കുന്നുണ്ട്. നാലാം ക്ലാസിൽ പഠിക്കുന്ന സമയത്താണ് അക്ഷയ പരമ്പരയുടെ ഭാഗമാകുന്നത്. അമ്മ, അച്ഛൻ, ചേട്ടൻ, എന്നിവർ അടങ്ങുന്നതാണ് അക്ഷയയുടെ കുടുംബം.

