നെടുമ്പാശ്ശേരി വാഹനാപകടത്തിൽ മരിച്ച വിദ്യാർത്ഥികളെക്കുറിച്ച് ഉയർന്ന മോശം പരാമർശങ്ങൾക്കെതിരെ നടൻ നിഹാൽ പിള്ള

നെടുമ്പാശ്ശേരി വാഹനാപകടത്തിലും അതേത്തുടർന്നുണ്ടായ പ്രശ്നങ്ങളിലും തന്റെ അഭിപ്രായം രേഖപ്പെടുത്തി നടനും വ്ളോഗറുമായ നിഹാൽ പിള്ള കഴിഞ്ഞ ദിവസം ഒരു വീഡിയോ പങ്കുവച്ചിരുന്നു. ഇപ്പോഴിതാ ഇക്കാര്യത്തിൽ കൂടുതൽ പ്രതികരണവുമായി രംഗത്തെത്തിയിരിക്കുകയാണ് നിഹാൽ‌. യൂട്യൂബിൽ പങ്കുവെച്ച വീഡിയോയിലാണ് ഇക്കാര്യത്തെക്കുറിച്ച് നിഹാൽ സംസാരിച്ചത്.

''ഞാനും ഒരു രക്ഷിതാവായതുകൊണ്ടാണ് ഈ വിഷയത്തിൽ ഞാൻ ഇന്ന് സംസാരിക്കുന്നത്. രണ്ട് ദിവസം മുമ്പാണ് മരിച്ച കുട്ടികളെ സംസ്കരിച്ചത്. പിറ്റേദിവസം തന്നെ ആ കുട്ടികളുടെ മാതാപിതാക്കൾക്ക് നിവൃത്തികേടുകൊണ്ട് പ്രസ് മീറ്റിൽ സംസാരിക്കേണ്ടി വന്നു. കരഞ്ഞ് വിഷമം തീർക്കാനുള്ള സമയം പോലും കിട്ടിയില്ല. ആ വാർത്താ സമ്മേളനം കണ്ടവർക്ക് അറിയാം... ആ കുടുംബങ്ങളുടെ അവസ്ഥ. ഒരു കുട്ടിയുടെ അമ്മയ്ക്ക് അവർ എന്താണ് പറയുന്നതെന്ന് പോലും ബോധമില്ല. അത്രയ്ക്കും ഡിപ്രസ്ഡ് ആണ് അവര്‍. എന്റെ കുഞ്ഞ് എന്ന് പറഞ്ഞ് കരയുകയാണ്. അങ്ങനൊരു സാഹചര്യത്തിൽ അവർ പ്രസ് മീറ്റിന് വന്നിരുന്നത് അവരുടെ മകളുടെ ധാർമ്മികത ചോദ്യം ചെയ്യപ്പെട്ടതുകൊണ്ടാണ്. കേരളം സമൂഹം എത്രമോശമാണെന്ന് അത് കാണുമ്പോൾ നിങ്ങൾക്ക് മനസിലാകും. ലോകത്ത് എവിടെയും ഇതുപോലെ വൃത്തികെട്ട സമൂഹം കാണില്ല.

ഏതോ ഒരു ടീച്ചർ ഫേസ്ബുക്കിൽ എന്തോ ഒരു പോസ്റ്റിട്ടിരുന്നുവെന്ന് തോന്നുന്നു. ഇന്ത്യൻ സൊസൈറ്റിയിലെ ഏറ്റവും മോശം കാര്യമാണ് ഫേസ്ബുക്കിലെ ക്രൗഡ്. ഫേസ്ബുക്കിൽ വന്ന ചോദ്യം രാത്രിയിൽ എന്തിന് ചായ കുടിക്കാൻ പോയി എന്നതായിരുന്നു. ആ മാതാപിതാക്കളുടെ ഗതികേട് ഒന്ന് ആലോചിച്ച് നോക്ക്. മകൾ നഷ്ടപ്പെട്ട വിഷമത്തിൽ ഇരിക്കുന്ന പിതാവ് ഇത്തരം സംഭവങ്ങൾ കാരണം മകളുടെ ഭാഗത്തെ ന്യായം മാധ്യമങ്ങൾക്ക് മുന്നിൽ പറയേണ്ട അവസ്ഥയുണ്ടായി. അതൊന്നും അവർ പറയേണ്ട ആവശ്യമില്ല. കാരണം എന്ത് ചെയ്യണം എന്നത് ഓരോരുത്തരുടെയും സ്വാതന്ത്ര്യമാണ്. എന്നിട്ടും ആ ടീച്ചർ വീണ്ടും ന്യൂസിൽ വന്ന് ന്യായീകരിക്കുകയാണ് ചെയ്തത്'', നിഹാൽ പിള്ള വീഡിയോയിൽ പറഞ്ഞു. വിഷയത്തില്‍ ഹിന്ദു ഐക്യവേദി നേതാവ് കെ പി ശശികലയുടെ പരാമര്‍ശമാണ് വിവാദമായത്.

Asianet News Live | Malayalam Live News | Kerala News Updates| Breaking News| HD Live 24x7 Streaming