ഷോയിൽ പങ്കെടുക്കാൻ പുറപ്പെടും മുമ്പ് തന്നെ ഒരു ഗിഫ്റ്റ് വാങ്ങി ബിന്നിയുടെ ലഗേജിൽ നൂബിൻ ഒളിപ്പിച്ചിരുന്നു.
ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്യുന്ന ഗീതാഗോവിന്ദം എന്ന പരമ്പരയിലൂടെ നിരവധി ആരാധകരെ സമ്പാദിച്ച നടിയാണ് ബിന്നി സെബാസ്റ്റ്യൻ. സീരിയൽ താരം നൂബിനാണ് ബിന്നിയുടെ ഭർത്താവ്. ഇപ്പോൾ ബിഗ്ബോസ് മലയാളം സീസൺ 7ലും മൽസരാർത്ഥിയായി എത്തിയിരിക്കുകയാണ് ബിന്നി. ഇക്കഴിഞ്ഞ 25ന് ആയിരുന്നു ബിന്നിയുടെയും നൂബിന്റെയും മൂന്നാം വിവാഹ വാർഷികം. ആനിവേഴ്സറി ആഘോഷിക്കാൻ ബിന്നി തനിക്കൊപ്പം ഉണ്ടാവില്ലെന്ന് അറിയാവുന്നതുകൊണ്ട് തന്നെ ഷോയിൽ പങ്കെടുക്കാൻ പുറപ്പെടും മുമ്പ് തന്നെ ഒരു ഗിഫ്റ്റ് വാങ്ങി ബിന്നിയുടെ ലഗേജിൽ നൂബിൻ ഒളിപ്പിച്ചിരുന്നു. ഇതേക്കുറിച്ചാണ് നൂബിന്റെ പുതിയ വ്ളോഗ്.
മുൻപൊരിക്കൽ കണ്ട് ഇഷ്ടപ്പെട്ട മാല വാങ്ങാനാണ് നൂബിൻ പോയതെങ്കിലും ഡയമണ്ടിന്റെ കമ്മൽ കണ്ടതോടെ തീരുമാനം മാറ്റുകയായിരുന്നു. ചെറിയ മാലകളാണ് തനിക്കും ബിന്നിക്കും ഇഷ്‍ടമെന്നും വലിയ മാലകളോടും ആഭരണങ്ങളോടും രണ്ടു പേർക്കും താത്പര്യം ഇല്ലെന്നും നൂബിൻ വീഡിയോയിൽ പറയുന്നുണ്ട്. താൻ സർപ്രൈസ് ഒന്നും കൊടുക്കുന്നില്ല എന്ന് ബിന്നിക്ക് പരാതിയാണെന്നും ഇത്തവണ ആ പരാതി മാറ്റണമെന്നും താരം കൂട്ടിച്ചേർത്തു.
''ബിന്നി അവൾക്ക് ഇഷ്ടപ്പെട്ട സാധനങ്ങൾ മാത്രമെ ഉപയോഗിക്കൂ. അത് വസ്ത്രം ആണെങ്കിലും ആഭരണങ്ങളാണെങ്കിലും. നമ്മൾ മേടിച്ചുകൊണ്ട് പോയിട്ട് അവൾക്ക് ഇഷ്ടപ്പെട്ടില്ലെങ്കിൽ ഇടില്ല. ഇത് അവൾക്ക് ഇഷ്ടപ്പെടും എന്നാണ് വിചാരിക്കുന്നത്. ആനിവേഴ്സറി ഗിഫ്റ്റ് എന്ന പോലെയാണ് മാല വാങ്ങാൻ പോകുന്നത്. ഇത് ബാഗിൽ ഒളിപ്പിച്ചു വെയ്ക്കാനാണ് ഉദ്ദേശിക്കുന്നത്. അവൾക്ക് ഇഷ്ടപ്പെടുമോ ഇല്ലയോ എന്ന് അറിയില്ല. എനിക്ക് വിഷമമാകും എന്നറിയാവുന്നതുകൊണ്ട് ഇടാതിരിക്കാൻ വഴിയില്ല. അവൾ പരാതി ഒന്നും പറയില്ലായിരിക്കും. ഇപ്പോൾ ബിന്നി ഒരു ഷൂട്ടിന് പോയിരിക്കുകയാണ്. ആ സമയം നോക്കിയാണ് ഞാൻ ഗിഫ്റ്റ് വാങ്ങാൻ ഇറങ്ങിയത്'', എന്ന് നൂബിൻ വീഡിയോയിൽ പറയുന്നുണ്ട്. ബിന്നി കാണാതെ ബാഗിൽ കമ്മൽ ഒളിപ്പിക്കുന്നതും വീഡിയോയിൽ നൂബിൻ കാണിക്കുന്നുണ്ട്.



