ബിഗ് ബോസിന് ശേഷം അഭിലാഷിന് വന്ന മാറ്റങ്ങളെക്കുറിച്ച് ശ്രീക്കുട്ടി
സോഷ്യൽ മീഡിയ ഉപയോക്താക്കൾക്ക് പരിചിതമായ പേരായിരിക്കും അഭിശ്രീ. മിനിസ്ക്രീൻ താരമായ അഭിലാഷും ഭാര്യ ശ്രീക്കുട്ടിയുമാണ് ഈ പേരിനു പിന്നിലെ താരങ്ങൾ. ഇൻസ്റ്റഗ്രാമിലും യുട്യൂബിലും ഇതേ പേരിൽ തന്നെയാണ് ഇവർ അറിയപ്പെടുന്നതും. ഇത്തവണത്തെ ബിഗ്ബോസിലും അഭിലാഷ് മാറ്റുരച്ചിരുന്നു. ഇപ്പോഴിതാ, താനല്ല തന്റെ ഭാര്യയാണ് ബിഗ്ബോസ് മെറ്റീരിയൽ എന്ന് പറയുകയാണ് അഭിലാഷ്. ഓൺലൈൻ മാധ്യമങ്ങളുടെ ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു താരം.
''ബിഗ്ബോസിൽ അഭിലാഷിന്റെ സഹമത്സരാർത്ഥിയായിരുന്ന ഒനീൽ സാബുവും ഒപ്പമുണ്ടായിരുന്നു. ബിഗ് ബോസിന്റെ അടുത്ത സീസണുകളിലേക്ക് വിളിച്ചാൽ പോകുമോ എന്ന ചോദ്യത്തിന് തീർച്ചയാകും പോകും എന്നായിരുന്നു ശ്രീക്കുട്ടിയുടെ മറുപടി. ബിഗ്ബോസിനു ശേഷം അഭിലാഷിന് എന്തെങ്കിലും മാറ്റം ഉണ്ടായിട്ടുണ്ടോ എന്ന് ചോദിച്ചപ്പോൾ നേരത്തേ അടുക്കളയുടെ ഭാഗത്തേക്കേ വരാറില്ലായിരുന്നു, ഇപ്പോൾ വരാറുണ്ട് എന്നായിരുന്നു ശ്രീക്കുട്ടി ഉത്തരം നൽകിയത്. അത് ആരുടെ ഇൻഫ്ളുവൻസ് കൊണ്ടാണ് എന്നുകൂടി ആലോചിക്കണം എന്നും അടുത്തുണ്ടായിരുന്ന ഒനീൽ തമാശയായി പറയുന്നുണ്ട്.
ഏറെ നാളത്തെ പ്രണയത്തിനു ശേഷം, വീട്ടിലെ എതിർപ്പുകളെല്ലാം തരണം ചെയ്താണ് അഭിലാഷും ശ്രീക്കുട്ടിയും വിവാഹിതരായത്. ടിക് ടോക്കിലൂടെ സോഷ്യൽ മീഡിയയിൽ ചുവടുവച്ച ആളാണ് അഭിലാഷ്. ഇന്ന് യുട്യൂബിൽ നിരവധി സബ്സ്ക്രൈബേഴ്സുണ്ട് ഇദ്ദേഹത്തിന്. ഡാൻസ് ആണ് അഭിശ്രീയുടെ പ്രധാന ഏരിയ. സോഷ്യൽ മീഡിയയാണ് അഭിലാഷിന്റെ പ്രധാന തട്ടകം. എങ്കിലും ഡി ഫോർ ഡാൻസ് എന്ന റിയാലിറ്റി ഷോയിലൂടെയാണ് കൂടുതൽ ശ്രദ്ധേയനാകുന്നത്. തന്‍റെ ഭിന്നശേഷി വകവെക്കാതെ മികച്ച രീതിയിൽ ഡാൻസ് അവതരിപ്പിച്ച് മുന്നേറിയ അഭിലാഷ് ഏറെ കയ്യടികൾ നേടിയിരുന്നു. രണ്ട് സീരിയലുകളിലും അഭിലാഷ് ഇതിനകം അഭിനയിച്ചു കഴിഞ്ഞു.



