താരദമ്പതികളായ ശ്രീവിദ്യ മുല്ലച്ചേരിയും സംവിധായകൻ രാഹുൽ രാമചന്ദ്രനും എറണാകുളത്ത് പുതിയ വീട് സ്വന്തമാക്കി. Rahul Ramachandran and Sreevidya mullachery announce their new home's name

മലയാളികൾക്ക് സുപരിചിതരായ താരദമ്പതികളാണ് ശ്രീവിദ്യ മുല്ലച്ചേരിയും രാഹുൽ രാമചന്ദ്രനും. മിനിസ്ക്രീനിലെ സജീവ സാന്നിധ്യമാണ് ശ്രീവിദ്യയെങ്കിൽ തന്റെ മിനിവ്ളോഗുകളിലൂടെ നിരവധി ആരാധകരെ സമ്പാദിക്കാൻ സംവിധായകൻ കൂടിയായ രാഹുലിന് സാധിച്ചിട്ടുണ്ട്. കല്യാണത്തിനു ശേഷം ജീവിതത്തിൽ സംഭവിച്ച വലിയൊരു വിശേഷം രാഹുൽ കഴിഞ്ഞ ദിവസം ആരാധകരോട് പങ്കുവെച്ചിരുന്നു. എറണാകുളത്ത് സ്വന്തമായി ഒരു വീട് വാങ്ങാനായതിന്റെ സന്തോഷമാണ് രാഹുൽ പങ്കുവെച്ചത്. തന്റെ കഥപറച്ചിലൂടെ സ്വന്തമാക്കിയ വീടിന് അതുമായി ബന്ധപ്പെട്ടു തന്നെയാണ് പേരു നൽകിയിരിക്കുന്നതെന്ന് രാഹുൽ പുതിയ വീഡിയോയിൽ പറയുന്നു.

''ഞങ്ങളുടെ പുതിയ വീടിന്റെ പേര് നിങ്ങളോടു തന്നെയാണ് ആദ്യം പറയാൻ പോകുന്നത്. വീടിന്റെ പേര് ഗസ് ചെയ്യാൻ പറഞ്ഞപ്പോൾ കുന്നോളം പേരുകളാണ് കമന്റിന്റെ രൂപത്തിൽ ഞങ്ങൾക്ക് ലഭിച്ചത്. അക്കൂട്ടത്തിൽ മുന്നിൽ നിന്ന പേരായിരുന്നു 'പ്രപഞ്ചം'. പക്ഷേ, അതല്ല ഞങ്ങളുടെയീ കുഞ്ഞിക്കൂടിന്റെ പേര്. എന്റെ പ്രപഞ്ചമായ നിങ്ങളോടു പങ്കുവെച്ച കഥകളിൽ നിന്നും പിറന്ന ഈ വീടിന് ഞങ്ങൾ നൽകിയിരിക്കുന്ന പേര് 'കഥ' എന്നാണ്. ഈ പേരു തീരുമാനിക്കാൻ ഞങ്ങൾക്ക് അധികം സമയമോ ചർച്ചകളോ വേണ്ടിവന്നില്ല എന്നതാണ് മറ്റൊരു സത്യം. ഒന്നോർ‌ത്താൽ ഇതിലും അനുയോജ്യമായ വേറൊരു പേര് ഇല്ല എന്നു തന്നെ പറയാം. ഇനി നിങ്ങളോട് ഒരുപാട് കഥകൾ പറയാൻ ഞങ്ങൾക്ക് സ്വന്തമായി ഒരു 'കഥ' ഉണ്ടായി. അവസാനഘട്ട മിനുക്കുപണികൾ കൂടി കഴിഞ്ഞാൽ ഞങ്ങളുടെ ഈ കഥയുടെ പൂർണരൂപം നിങ്ങൾക്ക് കാണിച്ചുതരാം. കൃത്യമായി പേര് ഗസ് ചെയ്ത ആദ്യത്തെ അഞ്ചു പേർക്കുള്ള സമ്മാനവും അയച്ചേക്കാം'', എന്നാണ് രാഹുൽ രാമചന്ദ്രൻ പുതിയ വീ‍‍ഡിയോയിൽ‌ പറയുന്നത്.