ബോളിവുഡ് ചിത്രം ‘രാമായണം’ ഭാഗം ഒന്നിന്റെ ചിത്രീകരണം പൂർത്തിയായി. 

മുംബൈ: ബോളിവുഡിന്റെ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രം ‘രാമായണം’ ഭാഗം ഒന്നിന്റെ ചിത്രീകരണം പൂർത്തിയായി. നിതേഷ് തിവാരി സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിൽ ശ്രീരാമനായി വേഷമിടുന്ന രൺബീർ കപൂർ ചിത്രീകരണത്തിന്റെ അവസാന ദിനത്തിൽ വികാരാധീനനായി സംസാരിക്കുന്ന വീഡിയോ ഇപ്പോള്‍ വൈറലായിരിക്കുകയാണ്.

സായ് പല്ലവി, യാഷ്, സണ്ണി ഡിയോൾ, രവി ദുബേ തുടങ്ങിയവർ അഭിനയിക്കുന്ന എപ്പിക്ക് സിനിമ ഇന്ത്യന്‍ സിനിമയിലെ ഏറ്റവും ബജറ്റ് കൂടിയ ചിത്രങ്ങളില്‍ ഒന്നാണ്. ചിത്രീകരണം പൂർത്തിയായതിന്റെ ആഘോഷവേളയിൽ, രൺബീർ കപൂർ സംഘത്തിന് നന്ദി പറഞ്ഞുകൊണ്ട് ഹൃദയസ്പർശിയായ ഒരു പ്രസംഗം നടത്തി.

“ശ്രീരാമന്റെ വേഷം എന്റെ ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട കഥാപാത്രമാണ്. ഇത്ര വലിയൊരു പ്രോജക്ടിന്റെ ഭാഗമാകാൻ കഴിഞ്ഞത് എനിക്ക് ബഹുമതിയാണ്. ഈ യാത്രയുടെ അവസാനം, വാക്കുകളിൽ പ്രകടിപ്പിക്കാൻ പ്രയാസമാണ് ” അദ്ദേഹം വികാരനിർഭരനായി കൂട്ടിച്ചേർത്തു. ലക്ഷ്മണന്റെ വേഷമണിഞ്ഞ രവി ദുബേയുമായി രൺബീർ ഒരു ഹൃദ്യമായ ആലിംഗനവും ചെയ്യുന്നുണ്ട്. ഈ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായി.

നിതേഷ് തിവാരിയും ഒരു വൈകാരിക പ്രസംഗം നടത്തി, സിനിമയുടെ ചിത്രീകരണം വിജയകരമായി പൂര്‍ത്തിയാക്കാന്‍ അഹോരാത്രം പ്രവർത്തിച്ച ടീമിനെ അദ്ദേഹം പ്രശംസിച്ചു. അണിയറക്കാര്‍ ചേര്‍ന്ന് ഒരു കേക്ക് മുറിക്കൽ ചടങ്ങും നടത്തിയിരുന്നു.

Scroll to load tweet…

‘രാമായണം’ രണ്ട് ഭാഗങ്ങളായാണ് പ്രേക്ഷകർക്ക് മുന്നിലെത്തുക. ആദ്യ ഭാഗം 2026 ദീപാവലിക്കും, രണ്ടാം ഭാഗം 2027 ദീപാവലിക്കും റിലീസ് ചെയ്യും. രൺബീർ കപൂർ (ശ്രീരാമൻ), സായ് പല്ലവി (സീത), യാഷ് (രാവണൻ), സണ്ണി ഡിയോൾ (ഹനുമാൻ), രവി ദുബേ (ലക്ഷ്മണൻ), ലാറ ദത്ത (കൈകേയി), കാജൽ അഗർവാൾ (മണ്ഡോദരി), രാകുൽ പ്രീത് സിംഗ് (സൂർപ്പനഖ) എന്നിവർ ഉൾപ്പെടുന്ന ഒരു താരനിര തന്നെ ചിത്രത്തിലുണ്ട്.

ചിത്രത്തിന്റെ ആദ്യ ഔദ്യോഗിക ലോഗോയും പോസ്റ്ററും ജൂലൈ 3, 2025-ന് പുറത്തിറങ്ങും എന്നാണ് റിപ്പോര്‍ട്ട്. മൂന്ന് മിനുട്ടോളം നീളുന്ന ഒരു അനൗണ്‍സ്മെന്‍റ് വീഡിയോയും പുറത്തിറക്കും എന്നാണ് വിവരം.