രേണുവിന്‍റെ പിതാവ് തങ്കച്ചനും വീഡിയോയിൽ സംസാരിക്കുന്നുണ്ട്
വീട് നിർമ്മിച്ച് നൽകിയതുമായി ബന്ധപ്പെട്ട വിമർശനങ്ങൾ തുടരുന്നതിനിടെ വിഷയത്തില്‍ കൂടുതൽ വിശദീകരണവുമായി രേണു സുധി രംഗത്ത്. താൻ കള്ളം പറയുന്നു എന്ന് പറഞ്ഞവർക്കുള്ള മറുപടിയാണ് ഇതെന്നും സുധിയുടെ മൂത്ത മകനെപ്പോലെ തന്നെ അവകാശമുള്ള കുട്ടിയാണ് ഇളയ മകൻ റിഥപ്പനെന്നും തന്നെയും പപ്പയെയും കുറ്റം പറയുന്നവർ റിഥപ്പന്റെ സംരക്ഷണം ഏറ്റെടുക്കാൻ തയാറാകണം എന്നും രേണു സുധി പറഞ്ഞു. പുതിയ യൂട്യൂബ് വീഡിയോയിലൂടെയാണ് രേണു ഇക്കാര്യം സംസാരിച്ചത്. രേണുവിന്റെ പിതാവ് തങ്കച്ചനും വീഡിയോയിൽ സംസാരിക്കുന്നുണ്ട്. വീടിന്റെ ചുമരിലെ ചില ഭാഗങ്ങൾ അടർന്നു പോകുന്നതും മതിലിന്റെ അവസ്ഥയുമൊക്കെ വീഡിയോയിൽ കാണിക്കുന്നുണ്ട്. ആരെങ്കിലും ഇതൊക്കെ വന്നു നോക്കിയാൽ താനും തന്റെ മക്കളും പറയുന്നത് സത്യമാണെന്നു മനസിലാക്കാമെന്നും തങ്കച്ചൻ പറയുന്നു.
''വീട് ദാനമായി തന്ന ആളെ ഞങ്ങൾ ദൈവത്തെ പോലെ ആണ് കണ്ടിരുന്നത്. പക്ഷേ ഞങ്ങളെ തെറി വിളിക്കുകയും കുറേ യൂട്യൂബർമാരുടെ കൂടെ നിന്ന് രേണു പറഞ്ഞത് കള്ളമാണ്, വീട് ചോരുന്നില്ല എന്നൊക്കെ പറയുമ്പോൾ ഇത് പറയാതിരിക്കാൻ കഴിയില്ല. മതിൽ ആരോ സ്പോൺസർ ചെയ്തതാണ്. ഈ മതില്‍ മുഴുവൻ മറിഞ്ഞു നിൽക്കുകയാണ്. ഞങ്ങൾക്ക് ഇവിടെ ഒരു ചെടി പോലും വെക്കാന്‍ പറ്റില്ല. വെച്ചു കഴിഞ്ഞാൽ മറിഞ്ഞു താഴെ പോകും. മര്യാദക്ക് ഈ മതിൽ കെട്ടിയിരുന്നെങ്കിൽ ഇതാകുമായിരുന്നില്ലല്ലോ അവസ്ഥ'', തങ്കച്ചൻ വീഡിയോയിൽ പറയുന്നു.
''ഓട് ഇട്ടിരിക്കുന്നത് മുകളിൽ ഒരു വീതിയും താഴെ വീതി കുറവുമാണ്. അതുകൊണ്ട് ഓട് ഇടയ്ക്ക് പൊങ്ങി താഴ്ന്നു നിൽക്കും. കാറ്റടിക്കുമ്പോൾ ഓട് പൊങ്ങി നിൽക്കുന്നത് കൊണ്ട് അതിനകത്തുകൂടി മുറിയിൽ വെള്ളം വീഴും. ഇതാണ് നനയുന്നു എന്ന് പറയുന്നത്. അല്ലാതെ വാർക്ക നനയുന്നതിന്റെ കാര്യമല്ല. വാർക്ക ഒരിടത്ത് ലീക്ക് ഉണ്ട്. വീടിന്റെ അടിത്തറ കെട്ടിയതും ഭിത്തിയും കോൺക്രീറ്റും ചെയ്തതും നന്നായിട്ടാണ്. എനിക്ക് പണി അറിയാവുന്നതുകൊണ്ട് കണ്ടാൽ അറിയാം. തേപ്പ് നന്നായി ചെയ്തിരുന്നെങ്കിൽ ഈ കുഴപ്പമൊന്നും ഉണ്ടാകില്ലായിരുന്നു", തങ്കച്ചന്‍ പറയുന്നു.

