"അയൽവാസികൾ കൊണ്ടുവന്ന ആലോചന ആയിരുന്നു അത്"

ആദ്യവിവാഹത്തെക്കുറിച്ച് ആദ്യമായി തുറന്നു സംസാരിച്ച് അന്തരിച്ച കലാകാരൻ കൊല്ലം സുധിയുടെ ഭാര്യ രേണു സുധി. സുധി പറഞ്ഞിരുന്നതുകൊണ്ടാണ് അതേക്കുറിച്ച് ഇതുവരെ എവിടെയും സംസാരിക്കാതിരുന്നതെന്നും ആളുകൾ പറയുന്നതുപോലെ അദ്ദേഹം ഒരു പാസ്റ്റർ ആയിരുന്നില്ലെന്നും രേണു പറഞ്ഞു. ഒരു ഓൺലൈൻ മാധ്യമത്തോട് സംസാരിക്കുകയായിരുന്നു താരം.

''സുധിച്ചേട്ടനെ വിവാഹം ചെയ്യുന്നതിനു മുൻപ് ഞാൻ മറ്റൊരു വിവാഹം കഴിച്ചിട്ടുണ്ട്. സുധിച്ചേട്ടനും സുധിച്ചേട്ടന്റെ വീട്ടുകാർക്കുമൊക്കെ അത് അറിയാം. സുധിച്ചേട്ടൻ പറഞ്ഞതുകൊണ്ടാണ് ഞാൻ അക്കാര്യം പുറത്തു പറയാതിരുന്നത്. അല്ലെങ്കിൽ സ്റ്റാർ മാജിക്കിലടക്കം ഞാനത് പറയാനിരുന്നതാണ്. മുന്നിലോട്ടും പിന്നിലോട്ടുമൊക്കെ മനുഷ്യർക്ക് ജീവിതം ഉണ്ടാകും. മനുഷ്യരാണല്ലോ, അതൊന്നും ചികഞ്ഞ് പോകേണ്ട കാര്യമില്ല.

ബിനു എന്നാണ് മുൻപ് വിവാഹം കഴിച്ചയാളുടെ പേര്. ആൾക്കിപ്പോൾ വേറ ഭാര്യയും മക്കളുമുണ്ട്. ഒരു മാസം പോലും നീണ്ടുനിൽക്കാത്ത ബന്ധമായിരുന്നു അത്. ഔദ്യോഗികമായി രജിസ്റ്ററും ചെയ്തിട്ടില്ല. അയൽവാസികൾ കൊണ്ടുവന്ന ആലോചന ആയിരുന്നു അത്. താത്പര്യമില്ലാതെയാണ് ആ വിവാഹം കഴിച്ചത്. അത് വേണ്ടെന്നു വെച്ചു. ആൾക്കും കുഴപ്പമില്ല, സുധിച്ചേട്ടനും കുഴപ്പമില്ല, അദ്ദേഹത്തിന്റെ വീട്ടുകാർക്കും കുഴപ്പമില്ല, പിന്നെ ആർക്കാണ് പ്രശ്നം'', എന്നും രേണു സുധി അഭിമുഖത്തിൽ ചോദിച്ചു.

ആളുകൾ പറയുന്നതുപോലെ മുൻഭർത്താവ് ഒരു പാസ്റ്റർ ആയിരുന്നില്ലെന്നും രേണു പറഞ്ഞു. ''പെന്തകോസ്ത് രീതിയിലുള്ള വിവാഹമായിരുന്നു അത്. പെന്തകോസ്ത് വിശ്വാസപ്രകാരം താലികെട്ടില്ല. അതുകൊണ്ടാണ് സുധിച്ചേട്ടനാണ് ആദ്യമായി എന്റെ കഴുത്തിൽ താലികെട്ടിയത് എന്ന് പറഞ്ഞത്. അല്ലാതെ ഞാനൊരു കള്ളവും പറഞ്ഞിട്ടില്ല. ചില യുട്യൂബേഴ്സ് ആദ്യ ഭർത്താവിനെ തേടി പോയിരുന്നു. രേണു സുധിയുടെ ഭാര്യയാണ്, ഞാൻ എന്തിന് സംസാരിക്കണം എന്നാണ് അദ്ദേഹം തിരിച്ചു ചോദിച്ചത്'', രേണു കൂട്ടിച്ചേർത്തു.

Asianet News Live | Malayalam News Live | Kerala News Live | ഏഷ്യാനെറ്റ് ന്യൂസ് | Live Breaking News