കൊല്ലം സുധിയുടെ മരണദിവസം ഫൈവ് സ്റ്റാർ ഹോട്ടലിൽ ഭക്ഷണം കഴിച്ചെന്ന തരത്തില്‍ നടക്കുന്ന സൈബർ ആക്രമണത്തിന് മറുപടിയുമായി രേണു സുധി

ഭര്‍ത്താവ് കൊല്ലം സുധിയുടെ മരണ ദിവസം താന്‍ ഫൈവ് സ്റ്റാര്‍ ഹോട്ടലില്‍ നിന്ന് ആഹാരം കഴിച്ചുവെന്ന് പറഞ്ഞ് ആളുകള്‍ പരിഹസിക്കുകയാണെന്ന് രേണു സുധി. കൊല്ലം സുധിയുടെ മകന്‍ കിച്ചു ബാല്യം മുതലുള്ള തന്‍റെ അനുഭവങ്ങള്‍ പറഞ്ഞുകൊണ്ട് യുട്യൂബില്‍ ഒരു വീഡിയോ കഴിഞ്ഞ ദിവസം പങ്കുവച്ചിരുന്നു. അച്ഛന്‍റെ മരണ വിവരം അറിഞ്ഞ് പോകുന്ന സമയത്ത് ഒപ്പമുണ്ടായിരുന്നവര്‍ ആഘോഷത്തിന്‍റെ മൂഡില്‍ ആയിരുന്നുവെന്നും ഇടയ്ക്ക് അവര്‍ ഫൈവ് സ്റ്റാര്‍ ഹോട്ടലില്‍ കയറി ആഹാരം കഴിച്ചുവെന്നുമൊക്കെ കിച്ചു പറഞ്ഞിരുന്നു. എന്നാല്‍ തനിക്ക് അപ്പോള്‍ ഉമിനീര് ഇറക്കാന്‍ പോലും പറ്റിയില്ലെന്നും. എന്നാല്‍ ആ സമയത്ത് രേണു സുധി ഒപ്പമുണ്ടായിരുന്നുവെന്ന് കിച്ചു പറഞ്ഞിരുന്നില്ല. എന്നാല്‍ ഈ വീഡിയോ പുറത്തിറങ്ങിയതിന് ശേഷം ഭര്‍ത്താവിന്‍റെ മരണ വിവരം അറിഞ്ഞ് പോകുന്ന രേണു സുധി ഫൈവ് സ്റ്റാര്‍ ഹോട്ടലില്‍ നിന്ന് ഭക്ഷണം കഴിച്ചെന്ന തരത്തില്‍ സൈബര്‍ ആക്രമണം നടന്നിരുന്നു. ഇതില്‍ വ്യക്തത വരുത്തിയാണ് അവര്‍ രംഗത്തെത്തിയിരിക്കുന്നത്.

രേണു സുധി പറയുന്നു

“എന്‍റെ മനുഷ്യരേ നിങ്ങള്‍ എന്തൊക്കെയാണ് പറയുന്നത്, സുധിച്ചേട്ടന്‍ മരിച്ചു കിടന്നപ്പോള്‍ ഞാന്‍ ഫൈവ് സ്റ്റാര്‍ ഹോട്ടലില്‍ പോയി കഴിച്ചെന്നോ? നിങ്ങള്‍ക്ക് നാണമാകുന്നില്ലേ. അടക്കുന്ന അന്ന് വൈകിട്ട് പോലും കിച്ചു എന്തോ വാങ്ങി തന്നപ്പോഴാണ് ഞാന്‍ കഴിക്കുന്നത്. അന്നത്തെ ദിവസം അത് അറിഞ്ഞപ്പോള്‍ മുതല്‍ പച്ചവെള്ളം ഞാന്‍ കുടിച്ചിട്ടില്ല. കാപ്പി പോലും കുടിച്ചിട്ടില്ല സുധിച്ചേട്ടന്‍റെ മൃതദേഹം കൊണ്ടുവരാന്‍ ഞാന്‍ പോയിട്ടില്ലല്ലോ ഫ്ലവേഴ്സിലും ട്വന്‍റിഫോറിലും ഒന്നും. മരിച്ച് പിറ്റേദിവസം പൊങ്ങന്താനത്തെ വീട്ടില്‍ കൊണ്ടുവന്നപ്പോഴാണ് ഞാന്‍ കാണുന്നത്. നിങ്ങള്‍ അറിയാത്ത കാര്യം സംസാരിക്കരുതേ. ഞാന്‍ അവിടെ തളര്‍ന്നു കിടക്കുകയായിരുന്നു. ഞാന്‍ പോയിട്ടില്ല സുധിച്ചേട്ടന്‍റെ ഡെഡ് ബോഡി കൊണ്ടുവരാന്‍. ആരോട് വേണമെങ്കിലും ചോദിച്ചോ. എന്തിനാണ് ഈ കള്ളം പറയുന്നത്. ഞാന്‍ പോയിട്ടില്ല. പിന്നെ എങ്ങനെയാണ് ഫൈവ് സ്റ്റാര്‍ കടയില്‍ നിന്ന് ഫുഡ് കഴിക്കുന്നത്? സത്യം അറിഞ്ഞിട്ട് വേണം സംസാരിക്കാന്‍”, രേണു സുധി പറയുന്നു.

കിച്ചുവിന്‍റെ വീഡിയോയ്ക്ക് പിന്നാലെ തന്നെ കടന്നാക്രമിച്ച് സോഷ്യല്‍ മീഡിയയില്‍ പലരും രംഗത്തെത്തിയതിന് പിറകെ രേണു ആദ്യം ഒരു വീഡിയോ പോസ്റ്റ് ചെയ്തിരുന്നു. താന്‍ ഇതുവരെ പറഞ്ഞിട്ടില്ലാത്ത കാര്യങ്ങള്‍ ഉണ്ടെന്നും ആത്മഹത്യയില്‍ നിന്ന് തന്നെ പിടിച്ചുനിര്‍ത്തുന്നത് ചില കാര്യങ്ങളാണെന്നും രേണു പറഞ്ഞിരുന്നു.

Asianet News Live | Kerala Assembly election 2026 | Kerala Breaking News | Malayalam News | HD News