പുതിയ തീരുമാനത്തെക്കുറിച്ചും അതിന് പിന്നിലുള്ള കാരണത്തെക്കുറിച്ചും രേണു സുധി

കാന്‍സര്‍ ചികിത്സയിലാണ് സോഷ്യല്‍ മീഡിയ താരം രേണു സുധി. ഏതാനും ആഴ്ചകള്‍ക്ക് മുന്‍പ് സോഷ്യല്‍ മീഡിയയിലൂടെയാണ് രേണു ഇക്കാര്യം വെളിപ്പെടുത്തിയത്. തന്‍റെ രോഗത്തെക്കുറിച്ച് വ്യക്തമാക്കിയ രേണു ചികിത്സയുടെ വിശദാംശങ്ങളും സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെക്കുന്നുണ്ട്. ഇപ്പോഴിതാ തന്‍റെ രൂപത്തില്‍ വരുത്തിയ ഒരു മാറ്റത്തെക്കുറിച്ച് അറിയിക്കുകയാണ് രേണു. ചികിത്സയുടെ ഭാഗമായി രേണു സുധിയുടെ മുടി മുറിച്ചിരുന്നു. ക്രോപ്പ് ചെയ്ത് നീളം കുറഞ്ഞ മുടിക്ക് മുകളില്‍ ഒരു വിഗ്ഗ് വച്ചിരിക്കുകയാണ് രേണു. തന്‍റെ ഇപ്പോഴത്തെ രൂപത്തില്‍ കാണുന്നത് മകന്‍ റിതപ്പന് വലിയ വിഷമം ആയിരുന്നെന്ന് രേണു പറയുന്നു.

“റിതപ്പന് ഭയങ്കര വിഷമമായിരുന്നു. മുടിയുള്ള എന്‍റെ പഴയ ഫോട്ടോസ് എന്നെ കൊണ്ടു കാണിക്കുമായിരുന്നു. അമ്മേ, ഇതുപോലെ ആവണേ എന്നും പറഞ്ഞ്. എനിക്ക് ഭയങ്കര വിഷമമായിരുന്നു അങ്ങനെ കേള്‍ക്കുന്നത്. പക്ഷേ അത് ചെയ്യാന്‍ അനുകൂലമായ സാഹചര്യം ആയിരുന്നില്ല. അപ്പോഴാണ് ഇവര്‍ എന്നെ വിളിച്ചത്”, രേണു സുധി തന്‍റെ യുട്യൂബ് ചാനലിലൂടെ പറഞ്ഞു. രേണു സുധിയുടെ വീഡിയോകള്‍ കണ്ട കോട്ടയത്തെ ഒരു സ്ഥാപനം വിഗ്ഗ് വച്ച് കൊടുക്കാമെന്ന് പറഞ്ഞ് അവരെ സമീപിക്കുകയായിരുന്നു. വിഗ്ഗ് ഫിറ്റ് ചെയ്യുന്നതിന്‍റെ വീഡിയോയും രേണു സുധി തന്‍റെ യുട്യൂബ് ചാനലിലൂടെ പങ്കുവച്ചിട്ടുണ്ട്.

ആദ്യ കീമോതെറാപ്പിക്ക് ശേഷം നേരിടുന്ന ശാരീരികമായ ബുദ്ധിമുട്ടുകള്‍ പങ്കുവച്ച് രേണു സുധി എത്തിയിരുന്നു. ഭീകരമായ വേദന അനുഭവിക്കുന്ന നിമിഷങ്ങളാണെന്നും ഉറങ്ങാൻ പോലും പറ്റുന്നില്ലെന്നും രേണു പറഞ്ഞിരുന്നു. “നേരെ ഇരിക്കാൻ വയ്യ, ഇരുന്നു കഴിഞ്ഞാൽ ഛർദ്ദിക്കും. തലകറക്കമുണ്ട്. പിടലിയെല്ലാം പൊട്ടി, തൊണ്ട പൊട്ടി, അങ്ങനെ കുറച്ചു പ്രശ്നങ്ങളാണ്. കീമോ എന്ന് കേട്ടിട്ടുള്ളതല്ലാതെ നമ്മൾ ഇതുവരെ അനുഭവിച്ചിട്ടില്ലല്ലോ. സത്യം പറഞ്ഞാൽ കാൻസറിനെ എനിക്ക് പേടിയില്ല. പക്ഷേ ഈ അവസ്ഥ, ഈ വേദന, എന്റെ കുഞ്ഞ്, എന്റെ വീട്ടുകാര്‍, എന്റെ ചേച്ചി, ചേട്ടൻ, സഹോദരങ്ങൾ... എനിക്ക് ചുറ്റും നല്ല കുറച്ച് ആൾക്കാര് ഉണ്ട്. പ്രത്യേകിച്ച് കരിഷ്‍മ, എന്റെ ചേച്ചി അങ്ങനെ കുറച്ചുപേരുണ്ട്. ഇവരുടെ വേദനയാണ് എനിക്ക് സഹിക്കാൻ പറ്റാത്തത്. എന്റെ കണ്ടീഷൻ എനിക്ക് സത്യം പറഞ്ഞാൽ അറിയില്ല. എന്ത് സ്റ്റേജ് ആണെന്ന് ചെറുതായിട്ട് അറിയാം. കീമോയ്ക്ക് മുന്‍പേ ഒരു മരുന്ന് കുത്തി. അതെന്തോ ആന്റിബോഡി ആണെന്നാണ് പറഞ്ഞത്. അത് ഇത്തിരി ലക്ഷം വിലയുള്ള മരുന്നാണ്. 17 കീമോയിലും ഇത് കുത്തിവെക്കണം”, രേണു സുധി പറഞ്ഞിരുന്നു.

Asianet News Live | Malayalam Live News | Kerala News Updates | Breaking News | HD News Streaming