മഴതോരും മുമ്പേ എന്ന പരമ്പരയിലെ ബാലേട്ടനായി തിളങ്ങുന്ന നടൻ കിഷോർ പീതാംബരൻ ഗുരുതരമായ ആരോഗ്യപ്രശ്നങ്ങളിലൂടെയാണ് കടന്നുപോകുന്നത്
സീരിയൽ പ്രേക്ഷകരുടെ പ്രിയപ്പെട്ട നടനാണ് കിഷോർ പീതാംബരൻ. ഇപ്പോൾ ഏഷ്യാനെറ്റിലെ മഴതോരും മുമ്പേ എന്ന പരമ്പരയിൽ ബാലേട്ടനായി കൈയടി നേടുകയാണ് താരം. എന്നാൽ മറുവശത്ത് താൻ ആരോഗ്യപ്രശ്നങ്ങളാൽ വളരെയധികം ബുദ്ധിമുട്ടുകയാണെന്ന് കിഷോർ പറയുന്നു. ഇഞ്ചക്ഷനും സ്റ്റീറോയിഡുകളുമായാണ് ജീവിതം മുന്നോട്ടുപോകുന്നതെന്ന് താരം പറയുന്നു. ആദ്യം നോൺ-ആൽക്കഹോളിക് ലിവർ ഡിസീസ് കണ്ടെത്തിയ കിഷോറിന് പിന്നീട് തലച്ചോറിന്റെ പിൻഭാഗത്തുള്ള പിറ്റ്യൂട്ടറി ഗ്രന്ഥിയിൽ സിസ്റ്റും കണ്ടെത്തി. ശരീരത്തിന്റെ ഹോർമോൺ പ്രവർത്തനങ്ങളെ നിയന്ത്രിക്കുന്ന പ്രധാന ഗ്രന്ഥിയായതിനാൽ ഇതിന്റെ പ്രശ്നങ്ങൾ ആരോഗ്യത്തെ ഗുരുതരമായി ബാധിച്ചുവെന്നും വെറൈറ്റി മീഡിയയ്ക്ക് നൽകിയ അഭിമുഖത്തിൽ കിഷോർ പറഞ്ഞു.
''തടി വച്ച് സുന്ദരനായല്ലോ എന്നാണ് എല്ലാവരും പറയുന്നത്. അതുകൊണ്ട് കണ്ടാൽ രോഗിയാണെന്ന് പലർക്കും തോന്നാറില്ല. ഒരു ബാഗ് നിറയെ മരുന്നുകളുമായാണ് ഇപ്പോൾ ഷൂട്ടിങ്ങിന് പോകുന്നത്. ഇഞ്ചക്ഷനും സ്റ്റീറോയിഡുകളും ഉപയോഗിച്ചാണ് ജീവിതം മുന്നോട്ട് കൊണ്ടുപോകുന്നത്. രാവിലെ 6.30 മുതൽ രാത്രി 11 വരെ മരുന്ന് കഴിക്കണം. കടുത്ത പ്രമേഹവും കരൾ രോഗവും ഉള്ളതിനാൽ ശസ്ത്രക്രിയ നടത്താനും കഴിയാത്ത സാഹചര്യമാണ്. 25 വർഷമായി സീരിയൽ രംഗത്തുണ്ടെങ്കിലും കാര്യമായി ഒന്നും സമ്പാദിക്കാൻ കഴിഞ്ഞിട്ടില്ല. വളരെ കുറഞ്ഞ പ്രതിഫലത്തിനാണ് ഞാൻ അഭിനയിക്കുന്നത്. അതിനനുസരിച്ചുള്ള വളർച്ചയേ ഉണ്ടായിട്ടുള്ളൂ. വരുമാനത്തിനു വേണ്ടി മാത്രമാണ് സീരിയൽ ചെയ്യുന്നത്. ഇതല്ലാതെ വേറൊരു വഴി എനിക്കില്ല. കുടുംബമുണ്ട്, മക്കളെ വളർത്തണം. ആരോഗ്യപ്രശ്നങ്ങൾ കാരണം വേറെ ജോലികൾക്കൊന്നും പോകാൻ പറ്റുന്നില്ല. മുൻപ് ഷൂട്ടിങ് ഇല്ലാത്ത സമയങ്ങളിൽ വണ്ടിയോടിക്കാൻ പോകുമായിരുന്നു.
കഴിഞ്ഞ നാല് വർഷമായി ഞാൻ രോഗിയാണ്. കിടപ്പിലായിരുന്നു. ഇപ്പോഴും അതെ. അത് കഴിഞ്ഞ് വന്നപ്പോൾ കിട്ടിയ സീരിയലാണ് മഴതോരും മുൻപേ. എനിക്ക് ജോയ്സി എന്ന തിരക്കഥാകൃത്തിനെ വിശ്വാസമാണ്. മുമ്പും അദ്ദേഹത്തോടൊപ്പം പ്രവർത്തിച്ചിട്ടുണ്ട്'', കിഷോർ അഭിമുഖത്തിൽ പറഞ്ഞു.



