അർബുദത്തെത്തുടർന്ന് അന്തരിച്ച ചലച്ചിത്രപ്രവർത്തകയും ഇൻഫ്ലുവൻസറുമായ ലേഖ അംബുജാക്ഷനെക്കുറിച്ച് നടി സീമ ജി നായർ പങ്കുവച്ച കുറിപ്പ് ശ്രദ്ധേയമാകുന്നു
കഴിഞ്ഞ ദിവസമാണ് ചലച്ചിത്രപ്രവർത്തകയും ഇൻഫ്ലുവൻസറുമായ ലേഖ അംബുജാക്ഷൻ അന്തരിച്ചത്. അർബുദത്തെത്തുടർന്ന് കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു ലേഖ. കാൻസറിനോടുള്ള ലേഖയുടെ പോരാട്ടം സമൂഹമാധ്യമങ്ങളിൽ ഏറെ ശ്രദ്ധ നേടിയിരുന്നു. ഇപ്പോഴിതാ ലേഖയെക്കുറിച്ച് ഹൃദയസ്പർശിയായ കുറിപ്പ് പങ്കുവച്ചിരിക്കുകയാണ് നടി സീമ ജി നായർ. രോഗബാധിതയായിരുന്നപ്പോഴും ആത്മവിശ്വാസത്തോടെ ജീവിതത്തെ നേരിട്ട ലേഖയുടെ വിയോഗം കടുത്ത നോവായി മാറുകയാണെന്ന് സീമ ജി നായര്‍ ഫേസ്ബുക്കില്‍ പങ്കുവച്ച കുറിപ്പിൽ പറയുന്നു. ജീവിതത്തിൽ നേരിടേണ്ടി വന്ന പ്രതിസന്ധികളെയെല്ലാം പുഞ്ചിരിയോടെ നേരിട്ട വ്യക്തിയായിരുന്നു ലേഖയെന്നും സീമ കൂട്ടിച്ചേർത്തു.
''ലേഖ അമ്പുജാക്ഷൻ വിടവാങ്ങി.. കഴിഞ്ഞ കുറേ നാളുകളായി ഞാൻ ലേഖയുടെയും ഭർത്താവിന്‍റെയും റീലുകളും പോസ്റ്റുകളും കാണുന്നുണ്ടായിരുന്നു, കുറച്ച് നാളുകൾക്ക് മുന്നേ അമ്പുജാക്ഷനെ ഞാൻ വിളിച്ചിരുന്നു. ജീവിതത്തിൽ നല്ലൊരു പാർട്ണർ ഉണ്ടാവുക എന്നത് എല്ലാവർക്കും കിട്ടുന്ന ഭാഗ്യം അല്ല. അപൂർവങ്ങളിൽ അപൂർവമായി മാത്രമേ അതിന് ഭാഗ്യം കിട്ടൂ. ഇവർ രണ്ടുപേരും എത്ര ഭാഗ്യം ചെയ്തവർ ആണെന്ന് പലപ്പോളും ഞാൻ ചിന്തിച്ചിട്ടുണ്ട്, ഇവരുടെ സ്നേഹം കണ്ട് ചിലപ്പോൾ ഈശ്വരന്മാർക്ക് പോലും അസൂയ തോന്നിക്കാണും. ഫൈറ്റ് ചെയ്യാവുന്നതിലും അപ്പുറം ലേഖയും കുടുംബവും ഫൈറ്റ് ചെയ്തു. ഇവിടുന്ന് പോകാൻ ഒട്ടും ഇഷ്ടമില്ലാതെയായിരിക്കും ലേഖ ഭർത്താവിനെയും മക്കളെയും വിട്ടുപോയിരിക്കുന്നത്. അവരുടെ കാര്യം ഓർക്കുമ്പോൾ നെഞ്ചിൽ വല്ലാത്തൊരു വിങ്ങൽ. എത്ര കാലം കഴിയും അമ്പുവിനും മക്കൾക്കും ഇതിൽ നിന്ന് കരകയറാൻ എന്നറിയില്ല. അതിനുള്ള ശക്തി ഈശ്വരന്മാർ കൊടുക്കട്ടെ.. ലേഖയ്ക്ക് നിത്യശാന്തി നേരുക എന്നല്ലാതെ എന്ത് പറയാൻ പറ്റും'', എന്നാണ് സീമ ജി നായർ ഫേസ്ബുക്കില്‍ കുറിച്ചത്.
