മിനിസ്ക്രീൻ താരം നവീൻ അറക്കൽ തന്റെ കരിയറിലെ പ്രതിസന്ധി ഘട്ടത്തെക്കുറിച്ച് വെളിപ്പെടുത്തി. 'സീരിയലുകൾ തുടർച്ചയായി പരാജയപ്പെട്ടതോടെ 'രാശിയില്ലാത്ത നടൻ' എന്ന് മുദ്രകുത്തപ്പെടുകയും അവസരങ്ങൾ ഇല്ലാതാവുകയും ചെയ്തുവെന്നും നവീൻ പറയുന്നു.

നിരവധി സീരിയലുകളിലൂടെയും ഗെയിം ഷോയിലൂടെയും മിനി സ്‌ക്രീൻ പ്രേക്ഷകർക്ക് പ്രിയങ്കരനായി മാറിയ താരമാണ് നവീൻ അറക്കൽ. ചില സിനിമകളിലും താരം വേഷമിട്ടിട്ടുണ്ട്. ജീവിക്കാനായി ടാക്സി ഓടിച്ചിരുന്ന കാലം തനിക്ക് ഉണ്ടായിരുന്നെന്ന് തുറന്നു പറയുകയാണ് താരം. രാശിയില്ലാത്ത നടൻ എന്നു പേരു മാറ്റിയെടുക്കാൻ ഒരുപാട് കഷ്ടപ്പെട്ടെന്നും കൈരളി ചാനലിലെ പരിപാടിയിൽ പങ്കെടുത്തുകൊണ്ട് നവീൻ പറഞ്ഞു.

''സമയം സംഗമം എന്ന സീരിയലിലാണ് ആദ്യം അഭിനയിച്ചത്. അന്ന് എനിക്ക് കിട്ടിയ പ്രതിഫലം അഞ്ഞൂറ് രൂപയായിരുന്നു. പിന്നീട് റിലയൻസ് ലൈൻസ് ഇൻഫോ കോമിൽ ജോലി ചെയ്തു. അപ്പോഴും അഭിനയിക്കാനുള്ള ആഗ്രഹം മനസിൽ ഉണ്ടായിരുന്നു. അതിനിടെ മിന്നൽ കേസരി എന്ന പ്രോജക്ടിൽ നായകനായി അവസരം ലഭിച്ചു. പക്ഷേ ആ സീരിയൽ അമ്പത് എപ്പിസോഡിൽ അവസാനിച്ചു. വീണ്ടും ഏഷ്യാനെറ്റിലെ ഒരു പ്രോജക്ടിലേക്ക് എന്നെ വിളിച്ചു. ക്ലൈമാക്സ് സമയത്താണ് ആ പ്രോജക്ടിൽ ഞാൻ ഭാഗമാകുന്നത്. നവീനായിരിക്കും ഇനി ഇത് മുന്നോട്ട് കൊണ്ടുപോകാൻ പോകുന്നതെന്നൊക്കെ പറഞ്ഞാണ് അവർ എന്നെ വിളിച്ചത്. പക്ഷേ രണ്ടാമത്തെ ഷെഡ്യൂളിൽ അതും നിന്നു. അതോടെ രാശിയില്ലാത്ത നടൻ എന്ന പേര് വീണു. ആരും അഭിനയിക്കാൻ വിളിക്കാതെയായി.

‘നീ ചെന്നാൽ അത് പെട്ടന്ന് തീരുമല്ലോ’ എന്നുവരെ പറഞ്ഞിട്ടുണ്ട്

ഞാൻ കല്യാണം കഴിച്ച സമയമായിരുന്നു. നിനക്ക് ആ മാനസപുത്രിയിൽ എങ്ങാനും പോയി അഭിനയിച്ചൂടേ.. ആ സീരിയൽ എത്രയോ എപ്പിസോഡായി. നീ എങ്ങാനും ചെന്നാൽ അത് പെട്ടന്ന് തീരുമല്ലോ എന്നുവരെ ആളുകൾ പറഞ്ഞിട്ടുണ്ട്. അഭിനയിക്കാൻ അവസരങ്ങൾ കിട്ടുന്നില്ല. വീട്ടിൽ വെറുതെ ഇരിക്കുന്നതും ശരിയല്ല. ആളുകൾ എന്റെ വീട്ടുകാരോട് ഞാൻ എന്ത് ചെയ്യുന്നുവെന്ന് ചോദിക്കുമല്ലോ. അവർക്കും അതൊരു മോശമല്ലേയെന്ന് കരുതി ഒരു ടാക്സി എടുത്തു. രണ്ടര കൊല്ലം പാക്കേജ് ടൂർസായിട്ട് ഓടി. ആളുകളെ എയർപോട്ടിൽ നിന്നും പിക്ക് ചെയ്ത് ഓരോ ടൂറിസ്റ്റ് ഡെസ്റ്റിനേഷനുകളിൽ കൊണ്ടുപോകും. കാറിൽ തന്നെയായിരുന്നു എന്റെ താമസവും. അന്ന് കുടുംബം മാത്രമാണ് പിന്തുണച്ചത്.

എന്റെ ഭാര്യ ടീച്ചറാണ്. അവളോട് ആളുകൾ ഭർത്താവ് എന്ത് ചെയ്യുന്നുവെന്ന് ചോദിക്കുമ്പോൾ ടാക്സി ‍ഡ്രൈവറാണെന്ന് പറയുന്നത് കേൾക്കുമ്പോൾ എനിക്കാണ് വേദനിച്ചിരുന്നത്. ഈ വേദന വല്ലാതെ അലട്ടിയപ്പോൾ ടാക്സി ഓടിക്കുന്നത് നിർത്തി ഞാൻ എല്ലാവരോടും ചാൻസ് ചോദിക്കാൻ തുടങ്ങി. ഇപ്പോഴും ചാൻസ് ചോദിക്കാറുണ്ട്. അങ്ങനെ ബാലാമണി സീരിയലിൽ അവസരം കിട്ടി. അവിടെ തുടങ്ങിയതാണ് യാത്ര'', നവീൻ പറഞ്ഞു.

Asianet News Live | Malayalam News Live | Kerala News Live | ഏഷ്യാനെറ്റ് ന്യൂസ് | Live Breaking News