ജീവിതത്തിലെ പുതിയ തുടക്കത്തെക്കുറിച്ചാണ് ഗൗരിയുടെ ഏറ്റവും പുതിയ വ്ലോഗ്.

മിനി സ്ക്രീൻ പേക്ഷകർക്ക് സുപരിചിതയാണ് ഗൗരി കൃഷ്ണൻ. ഏഷ്യാനെറ്റില്‍ സംപ്രേക്ഷണം ചെയ്തിരുന്ന പൗര്‍ണമി തിങ്കള്‍ എന്ന സീരിയലിലൂടെയാണ് ഗൗരി കൃഷ്ണൻ പ്രശസ്തയായത്. ഈ സീരിയലിന്‍റെ സംവിധായകന്‍ മനോജിനെ തന്നെയാണ് ഗൗരി വിവാഹം ചെയ്തതും. സെറ്റില്‍ വെച്ച് തുടങ്ങിയ സൗഹൃദം പിന്നെ പ്രണയമാകുകയായിരുന്നു. ‌ ഇപ്പോൾ അഭിനയത്തിൽ നിന്നും വിട്ടുനിൽക്കുന്ന ഗൗരി തന്റെ വിശേഷങ്ങൾ യുട്യൂബ് ചാനലിലൂടെ പങ്കുവെയ്ക്കാറുണ്ട്. ജീവിതത്തിലെ പുതിയ തുടക്കത്തെക്കുറിച്ചാണ് ഗൗരിയുടെ ഏറ്റവും പുതിയ വ്ലോഗ്.

സ്വന്തമായൊരു ബോട്ടീക് തുടങ്ങിയ വിശേഷമാണ് ഗൗരി പങ്കുവെച്ചിരിക്കുന്നത്. സാരികളാണ് ഗൗരിയുടെ ബൊട്ടീക്കിൽ വിൽക്കുന്നത്. ഒരുപാടു നാളത്തെ ആഗ്രഹമായിരുന്നു ഇതെന്നും ബിസിനസിന്റെ ഭാഗമായി ആറേഴു മാസമായി താൻ യാത്രകളിൽ ആയിരുന്നുവെന്നും ഗൗരി പറയുന്നു. ''ലാമിക എന്നാണ് ബൊട്ടീക്കിന്റെ പേര്. എവിടെയാണ് നല്ല സെലക്ഷന്‍ എന്ന് തിരഞ്ഞുള്ള യാത്രകളായിരുന്നു കഴിഞ്ഞ ആറേഴ് മാസമായി. എല്ലാ ടൈപ്പ് സാരികളും ഇവിടെയുണ്ടാകും. സാരികളോട് എനിക്ക് പ്രത്യേക ഇഷ്ടം തന്നെയുണ്ട്. അതിനാലാണ് സ്വന്തമായി ഒരു സംരംഭം തുടങ്ങാമെന്നു വിചാരിച്ചപ്പോൾ ആദ്യം സാരിയിലേക്ക് തിരിഞ്ഞത്'', ഗൗരി കൃഷ്ണൻ പറ‍ഞ്ഞു.

ലാമികയിൽ കസ്റ്റമൈസേഷനും ലഭ്യമാണെന്നും വൈകാതെ തന്നെ കോട്ടണ്‍ ഫാബ്രിക്‌സും ബൊട്ടീക്കിലെത്തുമെന്നും ഗൗരി കൃഷ്ണൻ അറിയിച്ചു. ബ്രൈ‍ഡൽ വർക്കുകളും ഉണ്ടായിരിക്കും. ലാമികയുടെ ആദ്യത്തെ സാരി ദേവിക്കാണ് ഗൗരി നൽകിയത്. ഇക്കാര്യം മുൻപേ മനസില്‍ കരുതിയതാണെന്നും ഗൗരി പറഞ്ഞിരുന്നു. 

ബേസിലും കൂട്ടരും തകർത്താടിയ മരണമാസ്; സക്സസ് ടീസർ എത്തി

ദേവിക്ക് സാരി സമർപ്പിക്കാൻ വീടിന്റെ അടുത്തുള്ള ഭദ്രകാളീ ക്ഷേത്രത്തിലേക്ക് ഗൗരി പോകുന്നതും വീഡിയോയിൽ കാണാം. അച്ഛനും അമ്മയും ചേര്‍ന്നാണ് ലാമികയുടെ ഉദ്ഘാടന ദിവസം ദീപം തെളിയിച്ചത്. എല്ലാവരുടെയും പ്രാർത്ഥന ഒപ്പമുണ്ടാകണമെന്നും ഗൗരി വീഡിയോയിൽ പറഞ്ഞു.

ഏഷ്യാനെറ്റ് ന്യൂസ് തത്സമയ വാർത്തകൾ അറിയാം..