"ഞങ്ങൾ കുട്ടികളുടെ സാമ്പത്തിക കാര്യങ്ങളിൽ അധികം ഇടപെടാറില്ല. ദിയയുടെ ബിസിനസിലും ഞങ്ങളാരും ഇടപെടാറില്ലായിരുന്നു"

നടനും ബിജെപി നേതാവുമായ കൃഷ്ണകുമാറിന്റെ മകള്‍ ദിയ കൃഷ്ണയുടെ 'ഓ ബൈ ഓസി' എന്ന സ്ഥാപനത്തിലെ ജീവനക്കാർക്കെതിരായ സാമ്പത്തിക തട്ടിപ്പ് പരാതിയില്‍ കൂടുതൽ വിശദീകരണവുമായി കൃഷ്ണകുമാറിന്റെ ഭാര്യ സിന്ധു കൃഷ്ണ രംഗത്ത്. ദിയയുടെ ഓഫീസിലെ ജീവനക്കാരെപ്പറ്റിയും അവർ കസ്റ്റമേഴ്സിനോട് ഇടപെടുന്നതിനെപ്പറ്റിയും മുൻപു തന്നെ തനിക്ക് അത്ര മതിപ്പില്ലായിരുന്നു എന്നും പക്ഷേ മക്കളുടെ സാമ്പത്തിക കാര്യങ്ങളിലും ബിസിനസ് കാര്യങ്ങളിലും അധികം ഇടപെടാത്തവരാണ് തങ്ങളെന്നും സിന്ധു കൃഷ്ണ പറയുന്നു.

''ഞങ്ങൾ കുട്ടികളുടെ സാമ്പത്തിക കാര്യങ്ങളിൽ അധികം ഇടപെടാറില്ല. ദിയയുടെ ബിസിനസിലും ഞങ്ങളാരും ഇടപെടാറില്ലായിരുന്നു. അവർക്കൊരു സഹായം വേണമെങ്കിൽ ചെയ്യും. അല്ലാതെ ഞങ്ങളായി ഇടിച്ച് കയറി ഒന്നും ചെയ്യാറില്ല. പക്ഷേ ദിയയുടെ ജിഎസ്ടി അടയ്ക്കുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങളെല്ലാം ഞാനാണ് നോക്കുന്നത്. അതെല്ലാം കൃത്യമായി ചെയ്യുന്നുണ്ട്. അഡ്വാൻസ് ‌ടാക്സ് വരെ അടച്ച് പോകുന്നതാണ്. പക്ഷേ ബിസിനസിൽ നിന്നും എത്ര വരുമാനം കിട്ടുന്നു, എത്ര വിറ്റ് പോകുന്നു എന്നൊന്നും നോക്കാറില്ല.

ഇൻകം ടാക്സ് ഡിപാർട്മെന്റിലേക്ക് വിവരങ്ങൾ പോകുമ്പോൾ സ്വാഭാവികമായും ഞാൻ കാണാറുണ്ട്. പേയ്മെന്റ് ഇത്ര അല്ലല്ലോ കുറച്ച് കൂടെ വരേണ്ടതല്ലേ എന്നൊക്കെ ഞാൻ ആലോചിക്കാറുണ്ടായിരുന്നു. ഇടയ്ക്ക് അക്കാര്യം ചോദിച്ചിട്ടുമുണ്ട്. ഒരു പരിധി കഴിയുമ്പോൾ നമ്മൾ അധികം ചോദിക്കില്ല. എന്തിനാണ് അവരുടെ പ്രെെവസിയിൽ കയറി ഇടപെടുന്നത്, അവർക്കെത്ര ലാഭം കിട്ടുന്നെന്ന് എന്തിന് അറിയണം എന്ന ചിന്തയിൽ വിട്ട് കളയും. ഈ സംഭവമറിഞ്ഞപ്പോൾ തന്നെ ഞങ്ങൾക്ക് ബ്രേക്കിംഗ് ന്യൂസ് ആക്കാമായിരുന്നു. ഞങ്ങളുടെ കയ്യിലുള്ള ദൃശ്യങ്ങൾ വെച്ച് വീഡിയോ ഇടാമായിരുന്നു. പക്ഷെ അതൊന്നും ചെയ്തില്ല. അവർ ഞങ്ങൾക്കെതിരെ കേസുമായി നീങ്ങിയപ്പോളാണ് അതെല്ലാം പബ്ലിക് ആക്കിയത്'', ഒരു യൂട്യൂബ് ചാനലിനു നൽകിയ അഭിമുഖത്തിൽ സിന്ധു കൃഷ്ണ പറഞ്ഞു.

Asianet News Live | Singapore Cargo Ship | Nilambur Bypoll| Malayalam News Live | ഏഷ്യാനെറ്റ് ന്യൂസ്