നടൻ കൃഷ്ണകുമാറിന്റെ ഭാര്യ സിന്ധു കൃഷ്ണ കുടുംബത്തിന്റെ യാത്രാ ചെലവുകളെക്കുറിച്ചും മക്കളുടെ സാമ്പത്തിക സംഭാവനകളെക്കുറിച്ചും വെളിപ്പെടുത്തുന്നു. 

തിരുവനന്തപുരം: സമൂഹമാധ്യമങ്ങൾ ഉപയോഗിക്കുന്നവർക്ക് സുപരിചിതരാണ് നടൻ കൃഷ്ണകുമാറും കുടുംബവും. കുടുംബത്തിലെ എല്ലാവരും യൂട്യൂബ് ചാനലുമായി സജീവമാണ്. പല പ്രേക്ഷകരും ഇപ്പോൾ കുടുംബത്തിലെ അംഗങ്ങളെപ്പോലെയാണ് കൃഷ്ണകുമാറിന്റെ കുടുംബത്തിലെ ഓരോരുത്തരെയും കാണുന്നത്. ഇപ്പോൾ പൊതുപ്രവർത്തനവുമായി കൃഷ്ണകുമാർ തിരക്കിലാണ്. എങ്കിലും ഭാര്യ സിന്ധു കൃഷ്ണയും മക്കളായ അഹാനയും ഇഷാനിയും ദിയയും ഹൻസികയുമെല്ലാം തങ്ങളുടെ വിശേഷങ്ങൾ സമൂഹമാധ്യമങ്ങളിലൂടെ പങ്കുവെയ്ക്കാറുണ്ട്. സിന്ധു കൃഷ്ണ യൂട്യൂബിലൂടെ പങ്കുവെയ്ക്കുന്ന വ്ളോഗുകൾക്കും നിരവധി ആരാധകരുണ്ട്. കുട്ടിക്കാലത്തെ ഓർമകളും പഠനകാലത്തെ അനുഭവങ്ങളും വീട്ടിലെ വിശേഷങ്ങളുമെല്ലാം സിന്ധു പങ്കുവെയ്ക്കാറുണ്ട്.

ഇപ്പോഴിതാ ആരാധകർ ചോദിച്ച ചില ചോദ്യങ്ങൾക്ക് മറുപടിയുമായി എത്തിയിരിക്കുകയാണ് സിന്ധു കൃഷ്ണ. ''യാത്രകൾ‌ പോകുമ്പോൾ എങ്ങനെയാണ്?, ആരാണ് യാത്രയുടെ ചിലവ് വഹിക്കുന്നത്?. ഒരാളാണോ പണം മുടക്കുന്നത്? അതോ എല്ലാവരും ചേർന്നാണോ'' എന്നായിരുന്നു ഒരാളുടെ ചോദ്യം. ''യാത്രകൾ പോകുമ്പോൾ ഞങ്ങൾ എല്ലാവരും തുല്യമായി ചെലവ് വഹിക്കാറുണ്ട്. വരുമാനം കുറവുള്ളയാളെ കൂടുതൽ വരുമാനം ഉള്ളയാൾ, കുറച്ചു കൂടുതൽ പൈസയിട്ട് സഹായിക്കും '', എന്നാണ് സിന്ധു കൃഷ്ണ ഇതിന് മറുപടിയായി പറഞ്ഞത്.

ആറ് അംഗങ്ങളുള്ള കുടുംബമായതിനാൽ സമ്പാദ്യത്തിന്റെ വിഹിതം വീട്ട് ചിലവുകൾക്കും മറ്റുമായി മക്കൾ തരാറുണ്ടോ എന്നും പ്രേക്ഷകരിൽ ഒരാൾ ചോദിച്ചിരുന്നു. ''കുട്ടികൾ സമ്പാദിച്ച് തുടങ്ങുന്നതിന് മുൻപു വരെ ഞങ്ങളാണ് എല്ലാ ചിലവും നോക്കിയിരുന്നത‍്. പിന്നീട് എല്ലാവരും സമ്പാദിച്ച് തുടങ്ങിയപ്പോൾ ഒരു ഷെയർ വീട്ടിലെ ആവശ്യങ്ങൾക്കായി അവർ നൽകി തുടങ്ങി. ഓരോരുത്തരും അവരുടെ കപ്പാസിറ്റിക്ക് അനുസരിച്ചാണ് കോൺട്രിബ്യൂഷൻ നൽകുന്നത്. നാല് മക്കളും വീട്ടിലെ ചെലവുകൾക്കുള്ള പണം ഇപ്പോൾ കോൺട്രിബ്യൂട്ട് ചെയ്യാറുണ്ട്. അത് വളരെ നല്ലതായി തോന്നുന്നു'', എന്നാണ് സിന്ധു കൃഷ്ണ ഈ ചോദ്യത്തോട് പ്രതികരിച്ചത്.