കരൾരോഗത്തെ തുടർന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കേ ആയിരുന്നു വിഷ്ണുവിന്‍റെ മരണം. 

താനും ദിവസങ്ങൾക്ക് മുൻപാണ് പ്രശസ്ത സിനിമാ-സീരിയൽ നടനായ വിഷ്ണു പ്രസാദ് അന്തരിച്ചത്. കരൾ രോഗത്തെ തുടർന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കേ ആയിരുന്നു മരണം. കരൾ നൽകാൻ മകൾ തയ്യാറായതിനെത്തുടർന്ന് ചികിത്സയ്ക്കായുള്ള തുക കണ്ടെത്താനുള്ള ശ്രമത്തിലായിരുന്നു കുടുംബവും സഹപ്രവർത്തകരും. എന്നാൽ കരൾ മാറ്റിവയ്ക്കുന്നതിന് മുൻപ് തന്നെ വിഷ്ണുവിന്റെ വിയോ​ഗ വാർത്ത എത്തുകയായിരുന്നു. 

ഈ അവസരത്തിൽ സഹോദരന്റെ ഓർമകളിൽ ഹൃദയസ്പർശിയായ കുറിപ്പ് പങ്കുവെച്ചിരിക്കുകയാണ് സഹോദരി വിഷ്ണു പ്രിയ. "2025 മെയ് 2ന് അതിരാവിലെ നമ്മെ വിട്ടുപിരിഞ്ഞ എന്റെ പ്രിയ സഹോദരൻ വിഷ്ണു പ്രസാദിന്റെ (കണ്ണൻ) വിയോഗം സൃഷ്ടിച്ച വേദന ചെറുതല്ല. തൻ്റെ രണ്ടു മാലാഖമാർക്കു വേണ്ടി, ജീവിതത്തിലേക്ക് മടങ്ങിവരാൻ മാസങ്ങളോളം അവൻ സധൈര്യം പോരാടി. അവൻ്റെ കരുത്തിനും അതിജീവനശേഷിക്കും ഉള്ളിലെ സ്നേഹത്തിനും ഒരു കുറവും ഉണ്ടായിരുന്നില്ല. ഞാനവരെ ഒരുപാട് മിസ് ചെയ്യും. അവൻ്റെ രാവിലെയുള്ള മേസേജുകൾ, വിളികൾ, അവൻ്റെ അളവില്ലാത്ത സ്നേഹം, ഞങ്ങൾ തമ്മിലുള്ള ചെറിയ വഴക്കുകൾ, ഞങ്ങൾ പങ്കിട്ട നല്ല മുഹൂർത്തങ്ങൾ... എല്ലാം എന്റെ ഓർമയിലുണ്ട്.

ഇപ്പോഴും, അവന് സുപ്രഭാതം ആശംസിക്കാനും അമ്മയെക്കുറിച്ചും അച്ഛനെക്കുറിച്ചുമുള്ള ഓർമകൾ പങ്കുവെക്കാനും എൻ്റെ കൈ ഫോണിലേക്ക് നീളും. കണ്ണനെ സഹായിക്കുകയും, പിന്തുണയ്ക്കുകയും, പ്രാർത്ഥിക്കുകയും, കൂടെ നിൽക്കുകയും ചെയ്ത എല്ലാവർക്കും എൻ്റെ ഹൃദയത്തിൽ നിന്നുള്ള നന്ദി അറിയിക്കുന്നു. അവനെയും അവൻ്റെ കുടുംബത്തെയും നിങ്ങളുടെ ചിന്തകളിലും പ്രാർത്ഥനകളിലും തുടർന്നും ഓർക്കുക", എന്നാണ് വിഷ്ണു പ്രിയ ഫേസ്ബുക്കിൽ കുറിച്ചത്.

സിനിമകളിലൂടെയും സീരിയലുകളിലൂടെയും പ്രേക്ഷക ശ്രദ്ധ നേടിയ നടനായിരുന്നു വിഷ്ണു പ്രസാദ്. വില്ലൻ വേഷങ്ങളിലൂടെയാകും പ്രേക്ഷകരിൽ ഭൂരിഭാഗം പേർക്കും അദ്ദേഹത്തെ പരിചയം. വിനയന്‍ സംവിധാനം ചെയ്ത തമിഴ് ചിത്രമായ കാശിയിലൂടെയാണ് താരം അഭിനയരംഗത്ത് അരങ്ങേറ്റം കുറിച്ചത്. തുടര്‍ന്ന് കൈ എത്തും ദൂരത്ത്, റണ്‍വേ, മാമ്പഴക്കാലം, ലയണ്‍, ബെന്‍ ജോണ്‍സണ്‍, ലോകനാഥന്‍ ഐഎഎസ്, പതാക, മാറാത്ത നാട് തുടങ്ങിയ സിനിമകളിലും അഭിനയിച്ചു. പിന്നീട് സീരിയലുകളിലും വിഷ്ണു പ്രസാദ് സജീവമായിരുന്നു.

ഏഷ്യാനെറ്റ് ന്യൂസ് തത്സമയ വാർത്തകൾ അറിയാം..