രാത്രിയിലെ പവർ കട്ടിൽ കെഎസ്ഇബിക്കെതിരെ വിമർശനവുമായി നടി സ്നേഹ ശ്രീകുമാർ

മലയാളികളുടെ പ്രിയങ്കരിയായി മാറിയ നടിയാണ് സ്‌നേഹ ശ്രീകുമാര്‍. മറിമായം അടക്കം നിരവധി ഹിറ്റ് പരമ്പരകളില്‍ അഭിനയിച്ചാണ് സ്‌നേഹ മിനിസ്‌ക്രീന്‍ പ്രേക്ഷകരുടെ ഇഷ്ട നായികയായത്. നടൻ എസ് പി ശ്രീകുമാറാണ് സ്നേഹയുടെ ഭർത്താവ്. പല സാമൂഹ്യ വിഷയങ്ങളിലും സ്വന്തം അഭിപ്രായപ്രകടനങ്ങൾ നടത്തുന്നയാളാണ് സ്നേഹ. കേരളത്തിലെ പവർ കട്ടിനെക്കുറിച്ചാണ് സ്നേഹയുടെ പുതിയ ഫെയ്സ്ബുക്ക് പോസ്റ്റ്. വൈദ്യുതി കട്ട് ചെയ്യേണ്ടതുണ്ടെങ്കില്‍ അത് സന്ധ്യയ്ക്ക് മാത്രം ആക്കാന്‍ കഴിയില്ലേ എന്നും, കുഞ്ഞുങ്ങളുടെ അവസ്ഥയെങ്കിലും പരിഗണിച്ചുകൂടേ എന്നും സ്നേഹ ചോദിക്കുന്നു.

''പ്രിയപ്പെട്ട കെഎസ്ഇബിയോട്... നിങ്ങൾക്ക് കറന്റ്‌ കട്ട് വേണമെന്ന് പറഞ്ഞ് ഇമ്മാതിരി ചതി കാണിക്കരുത്.. സന്ധ്യയ്ക്കുള്ള കട്ട്‌ കഴിഞ്ഞു രാത്രി 11മണിക്ക് പോകുന്നു, 11.27ന് വരുന്നു... പിന്നേം 11.30ന് പോകുന്നു ഇത് വരെ വന്നിട്ടുമില്ല .... ചെറിയ കുഞ്ഞുങ്ങൾ ഉള്ള ഞങ്ങളുടെ അവസ്ഥ കൂടി കണക്കിൽ എടുക്കണം. അത്യാവശ്യം ചൂടുള്ള കാലാവസ്ഥയാണ് ഇപ്പോൾ, ഒരു വിധത്തിൽ ഉറങ്ങി കിടക്കുന്ന കുഞ്ഞുങ്ങൾക്ക് സമാധാനമായി ഉറങ്ങാനുള്ള സാഹചര്യം ഉണ്ടാക്കി തരാനുള്ള മനസ് കെഎസ്ഇബി കാണിക്കണം... സന്ധ്യക്ക്‌ മാത്രം കട്ട്‌ ആക്കാൻ പറ്റുമോ??'', എന്നാണ് സ്നേഹയുടെ ചോദ്യം.

എൽനിനോ പ്രതിഭാസത്തെ തുടർന്നുള്ള മഴക്കുറവും വർധിച്ച അന്തരീക്ഷ താപനിലയും മൂലം വൈദ്യുതി ഉപഭോഗം ഗണ്യമായി ഉയർന്ന സാഹചര്യത്തിലാണ് പവർകട്ട് നടപ്പിലാക്കുന്നത് എന്നാണ് സർക്കാർ നൽകുന്ന വിശദീകരണം. രാജ്യത്താകമാനം വൈദ്യുതി ആവശ്യകത ഉയർന്നതിനാൽ പവർ എക്സ്ചേഞ്ചുകൾ വഴി ലഭ്യമായിരുന്ന വൈദ്യുതിയിൽ വലിയ കുറവുണ്ടായെന്ന് കെഎസ്ഇബി പറയുന്നു. കൂടാതെ ഗ്രിഡ് കൺട്രോളർ ഓഫ് ഇന്ത്യ അറിയിച്ച 12,000 മെഗാവാട്ടിന്റെ കുറവ് പൂർണ്ണമായും പരിഹരിക്കാൻ സാധിച്ചിട്ടില്ല.

Asianet News Live | Malayalam Live News | Kerala News Updates| Breaking News | HD Live 24x7 Streamin