ബിഗ് ബോസ് മലയാളം സീസൺ എട്ടിൽ നിന്നും ഫൈറ്റ് മാസ്റ്റർ കാളി പുറത്തായിരുന്നു.
ബിഗ് ബോസ് മലയാളം സീസൺ എട്ടിലെ മത്സരാർത്ഥികളിൽ ഒരാളായിരുന്നു ഫൈറ്റ് മാസ്റ്ററായ കാളി എന്ന ധന്യ. പതിനെട്ട് വര്‍ഷം മുൻപാണ് കാളി സിനിമാ രംഗത്തേക്ക് എത്തുന്നത്. ആദ്യം കൊറിയോഗ്രാഫിയിലും അഭിനയത്തിലുമൊക്കെ ഒരു കൈ നോക്കി. ഡ്യൂപ്പ് ആര്‍ട്ടിസ്റ്റ് ആയും മറ്റും ജോലി ചെയ്യുന്നതിനിടെയാണ് ഫൈറ്റ് മേഖലയിലേക്ക് എത്തുന്നത്. സ്റ്റണ്ട് കൊറിയോഗ്രാഫറായ മാഫിയ ശശിയെ പരിചയപ്പെട്ടതാണ് കാളിയുടെ ജീവിതത്തിലെ വഴിത്തിരിവാകുന്നത്. മാഫിയ ശശിയുടെ അസിസ്റ്റന്റായാണ് തുടക്കം. ജീവിതം തുറന്നുപറയുന്ന, സ്വന്തം നിലപാടുകളില്‍ ഉറച്ചുനില്‍ക്കുന്ന, പ്രതിസന്ധികളെ പോരാട്ടങ്ങളാക്കി മാറ്റിയ ജീവിതാനുഭവങ്ങളുള്ള കാളി ബിഗ് ബോസിലെത്തിയത് പലരും പ്രതീക്ഷയോടെയാണ് കണ്ടത്. എന്നാൽ കഴിഞ്ഞ ദിവസം കാളി ഷോയിൽ നിന്നും പുറത്തായിരുന്നു.
ഒരു സീസൺ പോലും കാണാതെയാണ് താൻ ബിഗ് ബോസിൽ പോയതെന്നും ഗെയിം എന്താണെന്ന് കൃത്യമായി മനസിലാക്കാൻ സാധിച്ചില്ലെന്നും പുറത്തായതിനു ശേഷം ഏഷ്യാനെറ്റിനു നൽകിയ അഭിമുഖത്തിൽ കാളി പറയുന്നു. ''ബിഗ് ബോസിലെ ഗെയിം രീതികൾ മനസിലാക്കാൻ പലപ്പോഴും ബുദ്ധിമുട്ടിയിരുന്നു. അവിടെ പലരും പറയുമ്പോഴാണ് ഇവിടെ ഇങ്ങനെയൊക്കെ ഉണ്ടോ എന്ന് തോന്നുന്നത്. പിന്നെ ഭാഷയുടെ കാര്യം പറഞ്ഞാൽ ഇവർ പറയുന്ന പല കാര്യങ്ങളും പലപ്പോഴും എനിക്ക് മനസിലാകാറില്ല.
ബിഗ് ബോസ് ടിവിയിൽ കാണുന്നതിനേക്കാൾ നേരിട്ട് അനുഭവിച്ചറിയണമെന്ന ആഗ്രഹം ഉണ്ടായിരുന്നതിനാലാണ് ഷോ കാണാതിരുന്നത്. ടിവിയിൽ കണ്ടുകഴിഞ്ഞാൽ എനിക്ക് മനസിലാവില്ല. ഗെയിം രീതികളെയും തന്ത്രങ്ങളെയും കുറിച്ച് മുൻപരിചയമില്ലാതിരുന്നതിനാൽ കള്ളത്തരം കാണിക്കാൻ പോലും എനിക്ക് അറിയില്ലായിരുന്നു. അതിനുള്ള ബുദ്ധി എനിക്കില്ല. ബിഗ് ബോസ് ഹൗസിലെ സാഹചര്യങ്ങൾ നേരിട്ട് അറിഞ്ഞപ്പോളാണ് പല കാര്യങ്ങളും മനസിലാക്കിയത്'', എന്നായിരുന്നു കാളിയുടെ പ്രതികരണം.

