സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറായ 'ഇച്ചാപ്പി' എന്ന ശ്രീലക്ഷ്മി തൻ്റെ ജീവിതപങ്കാളിയെ ഔദ്യോഗികമായി പരിചയപ്പെടുത്തി. സൗരവ് എന്നാണ് വരൻ്റെ പേര്. തൻ്റെ ജീവിതത്തിൽ വെളിച്ചം പകരുകയും സ്വപ്നങ്ങൾക്ക് കരുത്തു നൽകുകയും ചെയ്ത വ്യക്തിയാണ് സൗരവ് എന്ന് ഇച്ചാപ്പി പറഞ്ഞു.

സോഷ്യൽ മീഡിയയിൽ സജീവമായ പലർക്കും സുപരിചിതമായ മുഖമായിരിക്കും 'ഇച്ചാപ്പി' എന്ന ശ്രീലക്ഷ്മിയുടേത്. സോഷ്യൽ മീഡിയ ഇൻഫ്ളുവൻസറായ ഇച്ചാപ്പി ചില ടെലിവിഷൻ ഷോകളിലൂടെയും പ്രേക്ഷകർക്ക് സുപരിചിതയാണ്. ഷീറ്റ് കൊണ്ട് മറച്ച ചെറിയ വീട്ടിൽ നിന്നും കണ്ടന്റുകൾ സൃഷ്ടിച്ചു തുടങ്ങിയ ഇച്ചാപ്പി, പിന്നീട് 19-ാം വയസിൽ സ്വന്തം അധ്വാനം കൊണ്ട് വീടു വെച്ച കഥയും സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു. പേളി മാണി അടക്കമുള്ള സെലിബ്രിറ്റികൾ ഇച്ചാപ്പിയുടെ കണ്ടന്റുകളും കഥകളും ഷെയർ ചെയ്യാറുമുണ്ട്. ഇപ്പോളിതാ ജീവിതപങ്കാളിയാകാൻ പോകുന്ന വ്യക്തിയെ ഔദ്യോഗികമായി പരിചയപ്പെടുത്തിയിരിക്കുകയാണ് ഇച്ചാപ്പി.

''ഇന്ന് ഞാൻ നിങ്ങൾക്ക് മുൻപിൽ ഒരാളെ പരിചപ്പെടുത്താൻ പോവുകയാണ്. എപ്പഴോ ഇരുൾ മൂടിയ എന്റെ ജീവിതത്തിൽ വെളിച്ചം പകരാനെത്തിയ ഒരു വലിയ നക്ഷത്രം. അതെന്നെ ഇരുട്ടിൽ നിന്നും മോചിപ്പിച്ചു, എന്റെ സ്വപ്‌നങ്ങളിലേക്ക് വീണ്ടും പറന്നുയരുവാനായി എനിക്ക് കരുത്തുറ്റ ചിറകുകൾ നൽകി. ഞാൻ കണ്ട കിനാക്കളൊക്കെ യാഥാർഥ്യമാക്കാൻ എന്നോട് കൂടെ നിന്നു. എനിക്കത് ഞാൻ ആഗ്രഹിച്ചതിനേക്കാൾ സ്നേഹവും സംരക്ഷണവും നൽകി. അതെനിക്ക് നൽകുന്ന അളവുറ്റ സ്നേഹവും കരുതലും കാണുമ്പോൾ ഇത്രയും മനോഹരമായ ഹൃദയമുള്ള മനുഷ്യരുണ്ടോ...? അല്ലെങ്കിൽ അതൊരു മനുഷ്യൻ തന്നെയാണോയെന്ന് ഞാൻ വിസ്മയിച്ചു. അതേ, അത് മനുഷ്യൻ തന്നെയാണ്. നന്മ നിറഞ്ഞതും കളങ്കമില്ലാത്തതുമായ ഒരു ഹൃദയത്തിനുട. ഇന്ന് ആ ഒരാൾ ഈ ഭൂമിയിൽ എനിക്കേറ്റവും പ്രിയപ്പെട്ട ഒന്നാണ്. അതാണ്‌ എന്റെ അപ്പു , സൗരവ്. ഇനി അങ്ങോട്ട്‌ ഞങ്ങൾ ഒരുമിച്ചായിരിക്കും. അപ്പു മാത്രമല്ല, എനിക്ക് ഒരു അമ്മയേം പപ്പയേം കൂടി കിട്ടി. ഒരു കുഞ്ഞനിയനേം. നിങ്ങളുടെ സ്നേഹവും പ്രാർത്ഥനയും ഞങ്ങളുടെ കൂടെയുണ്ടാകുമെന്ന പ്രതീക്ഷയോടെ.. സ്വന്തം ഇച്ചാപ്പി'', സൗരവിനും കുടുംബാംഗങ്ങൾക്കുമൊപ്പമുള്ള ചിത്രങ്ങൾക്കൊപ്പം ഇച്ചാപ്പി ഇൻസ്റ്റഗ്രാമിൽ കുറിച്ചു.

View post on Instagram