'ചക്കപ്പഴം' താരം റാഫിയുമായി വേർപിരിഞ്ഞ മഹീന മുന്ന, ഇപ്പോൾ യുഎഇയിൽ കരിയർ കെട്ടിപ്പടുക്കുകയാണ്. പുനർവിവാഹ സാധ്യത തള്ളിക്കളയുന്നില്ലെങ്കിലും ഇപ്പോൾ മറ്റു ലക്ഷ്യങ്ങൾക്കാണ് മുൻഗണനയെന്ന് അവർ പുതിയ വ്ലോഗിൽ പറയുന്നു.

ചക്കപ്പഴം എന്ന പരമ്പരയിലൂടെ പ്രേക്ഷകർ ഏറ്റെടുത്ത ഹാസ്യതാരമാണ് റാഫി. സുമേഷ് എന്ന കഥാപാത്രത്തെയാണ് പരമ്പരയിൽ താരം അവതരിപ്പിച്ചത്. ചക്കപ്പഴത്തിന്റെ ഭാഗമായശേഷം നിരവധി സിനിമ, സീരിയൽ അവസരങ്ങൾ‌ റാഫിക്ക് ലഭിച്ചിരുന്നു. ഈ സീരിയൽ കണ്ട് ഇഷ്ടപ്പെട്ടാണ് റാഫിയുടെ ജീവിതത്തിലേക്ക് മഹീന മുന്ന എന്നയാൾ കടന്നുവന്നത്. എന്നാൽ പിന്നീട് റാഫിയുമായി വേർപിരിഞ്ഞെന്ന് മഹീന തന്റെ യൂട്യൂബ് ചാനലിലൂടെ അറിയിച്ചിരുന്നു. ഇപ്പോൾ യുഎഇയിൽ സ്വന്തം കരിയറുമായി മുൻപോട്ടു പോകുകയാണ് മഹീന. തന്റെ യുഎഇ ജീവിതത്തെക്കുറിച്ചും കരിയറിനെക്കുറിച്ചുമൊക്കെയാണ് മഹീനയുടെ പുതിയ വ്ളോഗ്. തന്റെ ഭാവി ജീവിതത്തെക്കുറിച്ചും രണ്ടാം വിവാഹത്തെക്കുറിച്ചുമൊക്കെ ചോദ്യത്തിനും മഹീന മറുപടി നൽകുന്നുണ്ട്.

''ഇനിയങ്ങോട്ട് സിംഗിളായി ജീവിക്കാനാണോ പ്ലാൻ എന്ന് കുറേപ്പേർ ചോദിച്ച് കണ്ടു. അങ്ങനൊരു തീരുമാനം എനിക്കില്ല. അതിനൊക്കെ ഒരു സമയമുണ്ട്. ഇപ്പോൾ എനിക്ക് കുറച്ച് ലക്ഷ്യങ്ങളുണ്ട്. അതൊക്കെ പൂർത്തിയാക്കണം. എന്റെ പല്ലിന് വന്ന മാറ്റത്തെ കുറിച്ച് ഒരുപാട് പേർ ചോദിച്ചിരുന്നു. ശരിയാണ് ഞാൻ സ്മൈൽ കറക്ഷൻ ചെയ്തിട്ടുണ്ട്. യുഎയിൽ വന്നിട്ടാണ് ചെയ്തത്.

എന്റെ ചുണ്ടിന് എന്ത് പറ്റിയെന്നും ചിലർ ചോദിച്ച് കണ്ടിരുന്നു. മുൻപ് എന്റെ മുകളിലുള്ള ചുണ്ട് വളരെ നേർത്തതും ഷെയ്പ്പില്ലാത്തതുമായിരുന്നു.അത് എനിക്ക് ഇഷ്ടമായിരുന്നില്ല. അതുകൊണ്ട് തന്നെ യുഎഇയിൽ വന്നശേഷം ഞാൻ ലിപ് ഫിൽ ചെയ്തു. എനിക്ക് ചുണ്ടുകൾക്ക് ഷെയ്പ്പില്ലാത്തതുകൊണ്ട് മുൻപ് ആത്മവിശ്വാസം ഇല്ലായിരുന്നു. ലിപ് ഫിൽ ചെയ്തശേഷമാണ് ആത്മവിശ്വാസം കിട്ടിയത്.

ദുബായിൽ ജീവിക്കുന്നതാണ് നല്ലത്. ചില കാര്യങ്ങൾ ആലോചിക്കുമ്പോൾ നാടിനേക്കാളും ഇവിടെ ജീവിക്കുന്നതാണ് നല്ലതെന്ന് എനിക്ക് തോന്നും. ദുബായിൽ സെറ്റിലാകുമോയെന്ന് ചോദിച്ചാൽ അറിയില്ല. യുദ്ധം നടക്കുന്നുണ്ടെങ്കിലും സേഫാണ്'', മഹീന വ്ളോഗിൽ പറഞ്ഞു.