'വാഴ 2' താരം ഹാഷിറും ചിത്രത്തിന്റെ ഭാഗമായേക്കുമെന്ന് ഇൻസ്റ്റാഗ്രാം സ്റ്റോറിയെ അടിസ്ഥാനമാക്കി സൂചനകളുണ്ട്, എന്നാൽ ഔദ്യോഗിക സ്ഥിരീകരണം ഇനിയും വന്നിട്ടില്ല. Hashir, Mammootty, Nitheesh Sahadev
ബേസിൽ ജോസഫ്, ജഗദീഷ്, മഞ്ജു പിള്ള, സന്ദീപ് പ്രദീപ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി നിതീഷ് സഹദേവ് ഒരുക്കിയ ചിത്രമായിരുന്നു ഫാലിമി. മികച്ച പ്രേക്ഷക- നിരൂപക പ്രശംസകളായിരുന്നു ചിത്രത്തിന് ലഭിച്ചിരുന്നത്. ഫാലിമിക്ക് ശേഷം ജീവയെ നായകനാക്കി തമിഴിൽ ഒരുക്കിയ തലൈവർ തമ്പി തലൈമയിൽഎന്ന ചിത്രവും വലിയ പ്രേക്ഷക നിരൂപക പ്രശംസകൾ നേടുകയും ബോക്സ് ഓഫീസിൽ വലിയ വിജയം കരസ്ഥമാക്കുകയും ചെയ്തിരുന്നു.
തലൈവർ തമ്പി തലൈമയിൽ എന്ന ചിത്രത്തിന് ശേഷം മമ്മൂട്ടിയെ നായകനാക്കി നിതീഷ് സഹദേവ് പുതിയ ചിത്രമൊരുക്കുന്നുവെന്ന റിപ്പോർട്ടുകളും സംവിധായകൻ മമ്മൂട്ടിക്കൊപ്പം നിൽക്കുന്ന ചിത്രങ്ങളും പുറത്തുവന്നിരുന്നു. തിരുവനന്തപുരത്തെ ഒരു ലോക്കൽ ഗ്യാങ്സ്റ്ററിന്റെ കഥയാണ് ചിത്രത്തിന്റെ പ്രമേയമെന്നാണ് പറയപ്പെടുന്നത്. കഥ പറഞ്ഞപ്പോൾ മമ്മൂട്ടിക്ക് ഇഷ്ടമായെന്നും, ആക്ഷൻ എന്റർടെയ്നർ ഴോണറിലാണ് ചിത്രമൊരുങ്ങുന്നതെന്നും നിതീഷ് സഹദേവ് തന്നെയാണ് മാധ്യമങ്ങളോട് പറഞ്ഞത്. കളങ്കാവലിനും, രാജമാണിക്യത്തിനും ശേഷം തിരുവനന്തപുരം സ്ലാങ്ങിൽ മമ്മൂട്ടി എത്തുന്ന ചിത്രമായിരിക്കും ഇത്.
ഇപ്പോഴിതാ മമ്മൂട്ടിയുമൊത്തുള്ള പുതിയ ചിത്രത്തിൽ ഹാഷിറും ഭാഗമാവുന്നുവെന്ന സൂചനയാണ് പുറത്തുവന്നിരിക്കുന്നത്. നിതീഷ് സഹദേവ് ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച സ്റ്റോറിയാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ ചർച്ചയാവുന്നത്. ഹാഷിർ തന്റെ അകൗണ്ടിൽ പങ്കുവച്ച ഒരു സ്റ്റോറിയാണ് നിതീഷ് സഹദേവ് തന്റെ സ്റ്റോറിൽ റീ ഷെയർ ചെയ്തിരിക്കുന്നത്. ചിത്രത്തിന്റെ പ്രീ പ്രൊഡക്ഷൻ വർക്കുകളുമായി ബന്ധപ്പെട്ട ചർച്ചകാലായിരിക്കാം ഇതെന്നാണ് പ്രേക്ഷകർ അഭിപ്രായപ്പെടുന്നത്. എന്നാൽ ഇതുമായി ബന്ധപ്പെട്ട് ഇതുവരെ ഔദ്യോഗിക സ്ഥിരീകരണങ്ങൾ ഒന്നും തന്നെ പുറത്തുവന്നിട്ടില്ല. വാഴ 2 വിന്റെ വമ്പൻ വിജയത്തിന് പിന്നാലെ ഹാഷിറും അലനും വിനായകും അജിനും ഇനി ഏതൊക്കെ ചിത്രങ്ങളുടെ ഭാഗമാവാനാണ് സാധ്യത എന്ന ചർച്ചകൾ സജീവമായി നിൽക്കുന്ന സമയത്താണ് നിതീഷ് സഹദേവ് പങ്കുവച്ച ഇൻസ്റ്റഗ്രാം സ്റ്റോറി ചർച്ചയാവുന്നത്. എന്തായാലും പുതിയ ചിത്രത്തിന്റെ അപ്‌ഡേറ്റുകൾക്കായി പ്രേക്ഷകർ കാത്തിരിക്കുകയാണ്.


