തുടരും എന്ന ചിത്രത്തിലെ പ്രതിനായക കഥാപാത്രമായ ജോർജ് സാറിന്റെ ഡയലോഗുകൾ റിമി ടോമി പുനഃസൃഷ്ടിച്ച വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നു. തിയറ്ററുകളിൽ രണ്ട് ആഴ്ച പിന്നിട്ട ചിത്രം ആഗോളതലത്തിൽ 183 കോടി നേടിയിട്ടുണ്ട്.

കൊച്ചി: തുടരും സിനിമയോടൊപ്പം ജനങ്ങൾ ഏറ്റെടുത്ത കാര്യങ്ങളാണ് ചിത്രത്തിൽ പ്രതിനായക വേഷം ചെയ്ത പ്രകാശ് വർമയും അദ്ദേഹത്തിന്റെ ഡയലോഗുകളും. സമൂഹമാധ്യമങ്ങളിൽ വൈറലാണ് പ്രകാശ് വർമ അവതരിപ്പിച്ച ജോർജ് സാറിന്റെ ഡയലോഗുകൾ. ഇതിനകം പലരും ജോർജ് സാറിനെ അനുകരിച്ച് വീഡിയോകൾ ചെയ്തിട്ടുണ്ട്. അക്കൂട്ടത്തിൽ ശ്രദ്ധ നേടുകയാണ് ഗായികയും അവതാരകയുമൊക്കെയായ റിമി ടോമിയുടെ 'ജോർജ് സാറും'.

മോഹൻലാൽ അവതരിപ്പിച്ച ഷൺമുഖം എന്ന കഥാപാത്രത്തോട് ജോർജ് സാർ പറയുന്ന ഡയലോഗ് ആണ് റിമി ടോമി അവതരിപ്പിച്ചിരിക്കുന്നത്. ''36 വർഷമായെടാ ബെൻസേ ഞാൻ പോലീസിൽ '' എന്നു തുടങ്ങുന്ന ഹിറ്റ് ഡയലോഗുമായാണ് താരം എത്തിയിരിക്കുന്നത്. ''ഒരു ടൈം പാസ്, ജോർജ് സാറിനെ അത്രക്ക് ഇഷ്ടപ്പെട്ടുപോയി'', എന്ന അടിക്കുറിപ്പോടെയാണ് റിമി ടോമി വീഡിയോ പങ്കുവെച്ചിരിക്കുന്നത്. നിരവധി പേരാണ് റിമി ടോമി പങ്കുവെച്ച വീഡിയോയ്ക്കു താഴെ കമന്റുമായി എത്തുന്നത്. വീഡിയോ ഗംഭീരമായിട്ടുണ്ട് എന്നാണ് ഭൂരിഭാഗം കമന്റുകളും.

അതേസമയം, തിയറ്ററുകളില്‍ രണ്ട് ആഴ്ച പിന്നിടുമ്പോള്‍ ചിത്രത്തിന്‍റെ ഇതുവരെയുള്ള നേട്ടം സംബന്ധിച്ച കണക്കുകളും പുറത്തു വന്നിരിക്കുകയാണ്. ട്രാക്കര്‍മാരുടെ ഏറ്റവും പുതിയ കണക്കുകള്‍ പ്രകാരം ആഗോള ബോക്സ് ഓഫീസില്‍ നിന്ന് തുടരും ഇതുവരെ നേടിയിരിക്കുന്നത് 183 കോടിയാണ്.

View post on Instagram

 ഇന്ത്യയില്‍ നിന്ന് 99.5 കോടിയും വിദേശത്തുനിന്ന് 83.5 കോടിയും ചേര്‍ത്തുള്ള സംഖ്യയാണ് ഇത്. ഇതോടെ മലയാള സിനിമയിലെ എക്കാലത്തെയും വലിയ മൂന്നാമത്തെ കളക്ഷനും ചിത്രം അര്‍ഹമായിട്ടുണ്ട്. കേരളം നേരിട്ട പ്രളയം പശ്ചാത്തലമാക്കിയ 2018 നെ മറികടന്നാണ് ഓള്‍ ടൈം ഹിറ്റ്സില്‍ തുടരും മൂന്നാം സ്ഥാനത്ത് എത്തിയിരിക്കുന്നത്. പൃഥ്വിരാജ് ചിത്രം ആടുജീവിതം, ഫഹദ് ഫാസില്‍ ചിത്രം ആവേശം എന്നിവയെ ചിത്രം നേരത്തേതന്നെ പിന്തള്ളിയിരുന്നു.