മക്കൾ ചെറുതായിരിക്കെ ഭർത്താവിനെ നഷ്ടപ്പെട്ട ഉമാ നായർ, മകളുടെ പരീക്ഷ കഴിയും വരെ മരണവിവരം മറച്ചുവെച്ചതിനെക്കുറിച്ച് വെളിപ്പെടുത്തുന്നു. 

കൊച്ചി: നിരവധി ആരാധകരുള്ള ടെലിവിഷൻ താരമാണ് ഉമാ നായർ. എട്ടു വയസുള്ളപ്പോൾ ദൂരദർശനിലെ ഒരു ടെലിഫിലിലൂടെയാണ് ഉമയുടെ മിനിസ്ക്രീനിലേക്കുള്ള വരവ്. ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്തിരുന്ന വാനമ്പാടി എന്ന സീരിയലിലെ നിർമല എന്ന കഥാപാത്രമാണ് താരത്തിന് കൂടുതൽ ജനപ്രീതി നൽകിയത്. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ഉമാ നായരുടെ മകൾ ഗൗരിയുടെ കല്യാണ വിശേഷങ്ങൾ ആണ് സോഷ്യൽ മീഡിയ നിറയെ. ഇതിനു പിന്നാലെ ഉമാ നായരും ഗൗരിയും ഗൗരിയുടെ ഭർത്താവ് ഡെന്നിസും ഒന്നിച്ചെത്തിയ പുതിയ അഭിമുഖവും ശ്രദ്ധിക്കപ്പെടുകയാണ്.

മക്കൾ ചെറുതായിരുന്നപ്പോൾ തന്നെ ഭർത്താവിനെ നഷ്ടപ്പെട്ട ഉമ ഒരു സിംഗിൾ മദർ ആണ്. ഒരു ദിവസം മുഴുവൻ ഭർത്താവിന്റെ മരണം മക്കളെ അറിയിക്കാതിരുന്നതിനെക്കുറിച്ചാണ് ഉമ അഭിമുഖത്തിൽ സംസാരിക്കുന്നത്. പരീക്ഷ കഴിയും വരെ ഒരു കണ്ണിന്റെ ചലനം കൊണ്ടുപോലും അച്ഛൻ മരിച്ച വിവരം അമ്മ തങ്ങളെ അറിയിച്ചിരുന്നില്ല എന്നായിരുന്നു ഗൗരിയുടെ പ്രതികരണം. ''രാത്രി 12 മണിക്കായിരുന്നു മരണം. എസ്എസ്എൽസി അവസാന പരീക്ഷ കൂടി ഗൗരിക്ക് ബാക്കി ഉണ്ടായിരുന്നു. അദ്ദേഹം മരണപ്പെട്ട ദിവസം പരീക്ഷ ഉണ്ടായിരുന്നില്ല. ആ രാത്രിയും പിന്നീടുള്ള ഒരു പകലും രാത്രിയും മുഴുവനും തള്ളി നീക്കണം. പിറ്റേന്ന് പരീക്ഷ കഴിഞ്ഞു വേണം പറയാൻ. പരീക്ഷാ ഹാളിൽ നിന്നും ഇറങ്ങിയപ്പോൾ ക്ലാസ് ടീച്ചറും അവിടുത്തെ ഫാദറും കൂടിയാണ് മോളെ ചേർത്തുപിടിച്ച് വണ്ടിയിൽ കയറ്റി. എന്താണെന്ന് മനസിലായില്ലെങ്കിലും അസ്വാഭാവികമായി എന്തോ സംഭവിച്ചിട്ടുണ്ടെന്ന് എനിക്ക് മനസിലായി.

വഴിയിൽ വെച്ച് ഞാനും മോനും വണ്ടിയിൽ കയറി. വഴിയിൽ വെച്ചാണ് അവളെ മരണവാർത്ത അറിയിക്കുന്നത്. അത് ഞാനെടുത്ത തീരുമാനം ആയിരുന്നില്ല. എന്റെ ചുറ്റുമുള്ളവർ അങ്ങനെ പറഞ്ഞു. ഞാൻ അതിനൊപ്പം നിന്നു. പോയ ആൾ തിരിച്ചു വരില്ല എന്നത് വലിയൊരു യാഥാർത്ഥ്യമാണ്. ഗൗരിക്ക് ഈ പരീക്ഷ എഴുതാൻ പറ്റിയില്ലെങ്കിൽ ഒരു ദിവസം പോകും. നിനക്ക് എന്തു വേണമെങ്കിലും തീരുമാനിക്കാം എന്നാണ് അച്ഛൻ പറഞ്ഞത്. അന്ന് പിടിച്ചു നിൽക്കാൻ ഈശ്വരൻമാരും എന്റെ സുഹൃത്തുക്കളും എനിക്ക് ധൈര്യം തന്നു'', വെറൈറ്റി മീഡിയക്കു നൽകിയ അഭിമുഖത്തിൽ ഉമാ നായർ പറഞ്ഞു.