സീരിയലിൽ കാണുന്നതു പോലെ തന്നെയാണ് കേശുവെന്നും നല്ല വൈബാണെന്നും മെർലിൻ പറയുന്നു.

പ്പും മുളകും എന്ന ടെലിവിഷൻ പരമ്പരയിലെ പല താരങ്ങളും പ്രേക്ഷകർക്ക് പ്രിയങ്കരരാണ്. കഥാപാത്രങ്ങളുടെ പേരിലാണ് പലരും പുറത്തും അറിയപ്പെടുന്നതും. അക്കൂട്ടത്തിലെ ഏറ്റവും പുതിയ ആളാണ് അനീന. മെർലിൻ എന്ന നടിയാണ് സീരിയലിൽ അനീനയായി എത്തിയത്. സീരിയലിലെ ഇരുവരുടേയും കല്യാണ എപ്പിസോഡ് വൈറലായി മാറിയിരുന്നു. ഈ വീഡിയോ കണ്ട് ശരിക്കും കല്യാണം കഴിച്ചോ എന്ന് ചോദിച്ചവരുണ്ടെന്നും അല്‍സാബിത്തും മെർലിനും പറഞ്ഞിരുന്നു. ഇപ്പോഴിതാ മെർലിന്റെ ഏറ്റവും പുതിയ അഭിമുഖവും ശ്രദ്ധിക്കപ്പെടുകയാണ്.

പ്രേമലു സിനിമയാണ് തന്റെ ജീവിതം മാറ്റിമറിച്ചതെന്ന് മെർലിൻ പറയുന്നു. ''അതിനു മുൻപ് രണ്ട് വർഷത്തോളം ഞാൻ പഠനം മാത്രമായിരുന്നു. നാട്ടിൽ ഉണ്ടായിരുന്നില്ല, ഗുജറാത്തിൽ ആയിരുന്നു. നീറ്റ് പരീക്ഷക്കു വേണ്ടി തയ്യാറെടുത്തുകൊണ്ടിരുന്ന സമയമാണ്. നാട്ടിൽ തിരിച്ചെത്തിയപ്പോഴേക്കും എക്സ്ട്രവേർട്ട് ആയിരുന്ന ഞാൻ ഇൻട്രോവേർട്ട് ആയി. അങ്ങനെയിരിക്കുമ്പോളാണ് സുഹൃത്തിനൊപ്പം പ്രേമലു കാണാൻ പോയത്. അതു കണ്ടപ്പോളാണ് ശരിക്കുമുള്ള ഞാൻ ഇങ്ങനെയല്ലേ എന്നൊക്കെ എനിക്ക് തോന്നിയത്. അഭിനയരംഗത്തേക്ക് എത്തണം, അതിൽ എനിക്കൊരു സ്കോപ്പ് ഉണ്ട് എന്നൊക്കെ അന്നെനിക്ക് വീണ്ടും തോന്നി'', എന്ന് മെർലിൻ പറഞ്ഞു.

''ഈയടുത്താണ് അഭിനയത്തിലേക്ക് എത്തുന്നത്. അടിപൊളി ലൈഫ് എന്നൊരു ചാനലിലായിരുന്നു സ്ഥിരമായി വര്‍ക്ക് ചെയ്തിരുന്നത്. അവരുടെ ഒരു വര്‍ക്കില്‍ അസിസ്റ്റന്റായിരുന്നു. പാറമട വീട്ടിലായിരുന്നു ഷൂട്ട്. പാറമട വീടിന്റെ താഴത്തെ നിലയിൽ ഉപ്പും മുളകിന്റെ ഷൂട്ടിങ്ങ് നടക്കുന്നുണ്ടായിരുന്നു. മുകളിലായിരുന്നു ഞങ്ങളുടെ ഷൂട്ട്. അവരപ്പോൾ അനീന എന്ന കഥാപാത്രം എഴുതിക്കൊണ്ടിരിക്കുകയാണ്. താഴേയും മുകളിലുമായി ഇങ്ങനെ കയറി ഇറങ്ങി നടക്കുമ്പോള്‍ അവർ എന്നെ ശ്രദ്ധിക്കുകയും അനീന ആകുമോ എന്ന് ചോദിക്കുകയുമായിരുന്നു'' , എന്ന് മെർലിൻ പറഞ്ഞു.

സീരിയലിൽ കാണുന്നതു പോലെ തന്നെയാണ് കേശുവെന്നും നല്ല വൈബാണെന്നും മെർലിൻ പറയുന്നു. കേശുവിന് 17 വയസാണ്. എനിക്കിപ്പോൾ 21 വയസുണ്ടെന്നും മെർലിൻ പറഞ്ഞു. ലെച്ചുവുമായും പാറുക്കുട്ടിയുമായും താൻ നല്ല കൂട്ടാണെന്നും മെർലിൻ കൂട്ടിച്ചേർത്തു.