"കഴിഞ്ഞുപോയ കാര്യങ്ങളെക്കുറിച്ച് ഇനി പറയാൻ താത്പര്യമില്ലെങ്കിലും പറയുകയാണ്"

മിനിസ്ക്രീൻ പ്രേക്ഷകർക്ക് ഏറെ സുപരിചിതയാണ് വീണ നായർ. കഴിഞ്ഞ കുറേ വർഷങ്ങളായി അഭിനയ രംഗത്ത് സജീവമായ വീണ, ബിഗ് സ്ക്രീനിലും നിരവധി കഥാപാത്രങ്ങൾ ചെയ്തിട്ടുണ്ട്. ബിഗ് ബോസ് മലയാളത്തിലും മത്സരാർത്ഥിയായി എത്തിയ വീണയുടെ വിവാഹമോചനം അടുത്തിടെ പ്രേക്ഷകര്‍ ശ്രദ്ധിച്ച ഒന്നായിരുന്നു. ഇതേക്കുറിച്ചാണ് താരം പുതിയ അഭിമുഖത്തിൽ സംസാരിക്കുന്നത്.

''കഴിഞ്ഞുപോയ കാര്യങ്ങളെക്കുറിച്ച് ഇനി പറയാൻ താത്പര്യമില്ലെങ്കിലും പറയുകയാണ്. നല്ല ജീവിതമായിരുന്നു അത്. സന്തോഷമായി നല്ല രീതിയിൽ പോയ്ക്കൊണ്ടിരുന്നതാണ്. കണ്ണനില്‍ നിന്നും (മുൻഭർത്താവ്) എനിക്ക് നല്ല അനുഭവങ്ങളേ ഉള്ളൂ. അതിനിടയ്ക്ക് ചില താളപ്പിഴകൾ വന്നു. അത് ശരിയായ രീതിയിൽ ഞങ്ങൾ കൈകാര്യം ചെയ്തില്ല. എന്റെ ഭാഗത്തും അദ്ദേഹത്തിന്റെ ഭാഗത്തും തെറ്റുണ്ട്. അതുകൊണ്ട് ഇങ്ങനെ ആയിപ്പോയി. ഒരുപക്ഷേ എന്റെ അച്ഛനും അമ്മയും ഉണ്ടെങ്കിൽ ഇങ്ങനെയാന്നും സംഭവിക്കില്ലായിരുന്നു. എനിക്കൊരു ചേട്ടനുണ്ട്, അദ്ദേഹം ഒറ്റക്കാര്യമേ പറഞ്ഞുള്ളൂ, നിന്റെ തീരുമാനമാണ് നിന്റെ ജീവിതമെന്ന്'', മൈൽസ്റ്റോൺ മേക്കേഴ്സിനു നൽകിയ അഭിമുഖത്തിൽ വീണ നായർ പറഞ്ഞു.

''കണ്ണൻ ഇപ്പോൾ ഹാപ്പിയാണ്. അദ്ദേഹത്തിന്റെ പങ്കാളി നല്ലൊരു സ്ത്രീയാണ്. ചേരേണ്ടത് തന്നെയാണ് ചേർന്നിരിക്കുന്നത്. ഞാൻ ഒരുപാട് മാറി. അദ്ദേഹം നല്ല മനുഷ്യനാണ്, വൈരാഗ്യം മനസിൽ സൂക്ഷിക്കുന്നയാളല്ല. അതുപോലെ എനിക്കും അദ്ദേഹത്തോട് വൈരാഗ്യമോ ദേഷ്യമോ ഇല്ല. എല്ലാവരും പറയുന്നതുപോലെ കുലസ്ത്രീ പരിവേഷം തന്നെയായിരുന്നു എനിക്ക്. കുലസ്ത്രീയായിരിക്കുന്നതൊന്നുമല്ല ജീവിതമെന്ന് ഇപ്പോഴാണ് മനസിലാകുന്നത്. പഴയ ഞാൻ അല്ല ഇപ്പോഴെന്ന് എനിക്ക് തന്നെ അറിയാം. എന്തിനേയും അഭിമുഖീകരിക്കാൻ ഞാൻ നല്ല രീതിയിൽ പഠിച്ചു. വിഷമം ഉണ്ടോയെന്ന് ചോദിച്ചാൽ മനുഷ്യരല്ലേ? ഞങ്ങൾ രണ്ടുപേരും ഒന്നിച്ചുള്ളപ്പോൾ കേട്ടിട്ടുള്ള പാട്ടുകൾ കേൾക്കുമ്പോൾ ഇപ്പോഴും അദ്ദേഹത്തെ ഓർമവരും. ഒരുപക്ഷേ ഈ സമയത്താണ് എന്റെ വിവാഹം നടക്കുന്നതെങ്കിൽ ഇങ്ങനെയൊന്നും സംഭവിക്കില്ലായിരുന്നു'', വീണ കൂട്ടിച്ചേർത്തു.

Asianet News Live | Nilambur Byelection results | Malayalam News Live | ഏഷ്യാനെറ്റ് ന്യൂസ്