"ഞങ്ങള്‍ക്ക് സമൂഹത്തിന് മുന്നില്‍ ഇറങ്ങി നടക്കാന്‍ പറ്റാത്ത അവസ്ഥയാണ്"
രേണു സുധിക്കെതിരായ സൈബർ ആക്രമണങ്ങളിൽ പ്രതികരിച്ച് കുടുംബം. ചില യൂട്യൂബർമാർ തങ്ങളെക്കുറിച്ച് അടിസ്ഥാനരഹിതമായ വാർത്തകളാണ് പ്രചരിപ്പിക്കുന്നതെന്നും തങ്ങൾ ഇപ്പോൾ ആത്മഹത്യയുടെ വക്കിലാണെന്നും രേണുവിന്റെ സഹോദരി രമ്യ പറയുന്നു. ഒരു യൂട്യൂബ് ചാനലിനു നൽകിയ അഭിമുഖത്തിലായിരുന്നു പ്രതികരണം. രേണുവും രമ്യക്കൊപ്പം ഉണ്ടായിരുന്നു.
''ഞങ്ങള്‍ക്ക് സമൂഹത്തിന് മുന്നില്‍ ഇറങ്ങി നടക്കാന്‍ പറ്റാത്ത അവസ്ഥയാണ്. എന്തോ മുൻവൈരാഗ്യം പോലെയാണ് ഞങ്ങളെ തിരഞ്ഞെടുത്ത് കുറച്ച് യൂട്യൂബേഴ്‌സ് വ്യാജവാർത്തകൾ ഉണ്ടാക്കുന്നത്. സന്ധ്യ എന്നൊരു യൂട്യൂബര്‍ കഴിഞ്ഞ ദിവസം വീഡിയോ ഇട്ടിരുന്നു. സുധിച്ചേട്ടനെ കൊല്ലാന്‍ ഞങ്ങളുടെ പപ്പ കൂട്ടുനിന്നു എന്നൊക്കയാണ് പറയുന്നത്. സുധിച്ചേട്ടന്‍ മരിച്ച അന്ന് പപ്പ ആശുപത്രിയിലായിരുന്നു. എന്റെ ഫോട്ടോ എടുത്ത് കൊല്ലം സുധിയുടെ ആദ്യത്തെ ഭാര്യയാണ് എന്ന് പറഞ്ഞും ഇട്ടു. രേണുവുമായി എനിക്ക് പ്രശ്‌നമുണ്ട് എന്നൊക്കെയാണ് പറയുന്നത്. സുധിച്ചേട്ടനെ കടക്കാരാക്കിയത് ഞങ്ങളാണ് എന്നും. ആദ്യം പറഞ്ഞു എന്റെ പേര് സിന്ധു എന്നാണെന്ന്, പിന്നെ അത് രമ്യ ആക്കി.
സുധിച്ചേട്ടന്‍ പോയപ്പോള്‍ ഇവര്‍ ഒറ്റയ്ക്ക് ആവുമല്ലോ എന്ന് കരുതി തൊട്ട് പിറകിലെ വീട് വാടകയ്ക്ക് എടുത്താണ് തങ്ങള്‍ താമസിക്കുന്നത്. ഇവരെ ഒറ്റപ്പെടുത്താന്‍ പറ്റില്ല. സുധിച്ചേട്ടന്‍ ഉണ്ടായിരുന്നപ്പോള്‍ ഞങ്ങളെ അങ്ങനെ തന്നെ ആയിരുന്നു നോക്കിയതും സ്‌നേഹിച്ചതും. കിച്ചുവിനെ ഇവിടെ നിന്ന് അടിച്ചിറക്കി വിട്ട് രേണുവും പപ്പയും ഞങ്ങളും താമസിക്കുകയാണ് എന്നാണ് ചിലർ പറയുന്നത്. പപ്പയെ അറസ്റ്റ് ചെയ്യണം എന്നൊക്കെ പറയുന്നു. ഞങ്ങളുടെ കുടുംബത്തിന് എന്തെങ്കിലും സംഭവിച്ചാല്‍ ഈ യൂട്യൂബ് വ്‌ളോഗര്‍മാരായിരിക്കും അതിന് ഉത്തരവാദികൾ. ഞങ്ങൾ ഇപ്പോള്‍ ആത്മഹത്യയുടെ വക്കിലാണ്. ഞാനും എന്റെ ഭര്‍ത്താവും അമ്മയും ഉള്‍പ്പെടെ ആത്മഹത്യ ചെയ്യേണ്ടി വരും'', രമ്യ അഭിമുഖത്തിൽ പറഞ്ഞു.

