തിരുവനന്തപുരത്തെ ബീച്ച് റിസോർട്ടിൽ വെച്ചായിരുന്നു ആര്യയുടെയും സിബിന്റെയും വിവാഹം

കഴിഞ്ഞ ദിവസമാണ് നടിയും അവതാരകയുമായ ആര്യ ബാബു വിവാഹിതയായത്. കൊറിയോഗ്രാഫറും ഡി.ജെയുമായ സിബിൻ ബെഞ്ചമിനാണ് വരൻ. സമൂഹമാധ്യമങ്ങളിലൂടെ ആര്യ തന്നെയാണ് വിവാഹചിത്രങ്ങൾ പങ്കുവെച്ചത്. മകൾ ഖുഷിയുടെ കൈപിടിച്ചാണ് ആര്യ വിവാഹവേദിയിലേക്കെത്തിയത്. വിവാഹാഘോഷങ്ങളുടെ വീഡിയോകൾ ആര്യ തന്റെ യൂട്യൂബ് ചാനലിലൂടെ ആരാധകർക്കു മുന്നിൽ എത്തിക്കുമെന്ന് അറിയിച്ചിരുന്നു. അതിന്റെ ആദ്യപടിയായി മെഹന്ദി ചടങ്ങിന്റെ വീഡിയോയും പോസ്റ്റ് ചെയ്തിട്ടുണ്ട്.

തിരുവനന്തപുരത്തെ ബീച്ച് റിസോർട്ടിൽ വെച്ചായിരുന്നു ആര്യയുടെയും സിബിന്റെയും വിവാഹം നടന്നത്. മെഹന്ദിയും സംഗീതും വിവാഹച്ചടങ്ങുകളും ഒരേ സ്ഥലത്തു വെച്ചായിരുന്നു എന്നും ഒരു ബീച്ച് ഡെസ്റ്റിനേഷൻ തന്റെ വിവാഹത്തിന് വേണമെന്നത് വലിയ ആഗ്രഹം ആയിരുന്നുവെന്നും ആര്യ പറയുന്നു. ''ഞങ്ങളുടെ രണ്ടു പേരുടെയും ഹോം ടൗൺ തിരുവനന്തപുരം ആണ്. മനോഹരമായ ഒരു സ്ഥലമാണ് ഇത്. ഇവിടെ ഒരുപാട് നല്ല സ്ഥലങ്ങളും ബീച്ചികളും എല്ലാം ഉണ്ട്'', ആര്യ വ്ളോഗിൽ പറഞ്ഞു.

കുറേ വർഷങ്ങളായി താൻ ആഗ്രഹിച്ച ഒരു ദിവസമാണ് ഇതെന്നും ആര്യ പറഞ്ഞു. ''ഈ മൊമന്റ് ആഘോഷിക്കണമെന്നും നല്ലൊരു ലൈഫ് പാർട്ണറെ കിട്ടണം എന്നൊക്കെ ഞാൻ കുറേ ആഗ്രഹിച്ചിരുന്നു. രണ്ടാം വിവാഹമല്ലേ, ഇത്രയൊക്കെ ഷോ കാണിച്ച് ആഘോഷിക്കണോ എന്ന് ചിലരെങ്കിലും കരുതുന്നുണ്ടാകും. പക്ഷേ ഇത് ഞങ്ങൾ രണ്ടു പേരുടെയും ആഗ്രഹം ആയിരുന്നു. ഞങ്ങളുടെ മാത്രമല്ല, ഞങ്ങളുടെ മകളുടെയും കുടുംബാംഗങ്ങളുടെയും സുഹൃത്തുക്കളുടെയും എല്ലാം ആഗ്രഹം ഈ മൊമന്റ് ആഘോഷിക്കണം എന്നാണ്'', എന്നും ആര്യ വ്ളോഗിൽ പറഞ്ഞു.

വർഷങ്ങളായി അടുത്ത സുഹൃത്തുക്കളായിരുന്നു ഇരുവരും. കഴിഞ്ഞ മെയ് മാസത്തിലാണ് ഇരുവരുടെയും വിവാഹനിശ്ചയം കഴിഞ്ഞത്. ഇരുവരുടെയും അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമായിരുന്നു ചടങ്ങിൽ എത്തിയിരുന്നത്. ബിഗ്‌ബോസ് സീസൺ 2ലെ മത്സരാർത്ഥിയായിരുന്നു നടിയും അവതാരികയുമായ ആര്യ ബാബു. ബിഗ് ബോസ് സീസൺ 6 ൽ സിബിനും പങ്കെടുത്തിരുന്നു.

Asianet News Live | Malayalam News Live | Kerala News Live | Breaking News Live | HD Live Streaming