ഭർത്താവ് അർജുൻ സോമശേഖറിനെതിരായ സോഷ്യൽ മീഡിയ വിമർശനങ്ങളിൽ പ്രതികരണവുമായി സൗഭാഗ്യ വെങ്കിടേഷ്. താൻ ചെയ്യുന്ന കാര്യങ്ങൾ സ്വന്തം ഇഷ്ടപ്രകാരമാണെന്നും അർജുൻ ഒന്നിനും നിർബന്ധിക്കാറില്ലെന്നും അവർ വ്യക്തമാക്കി.

ഭർത്താവ് അർജുൻ സോമശേഖറിനെതിരെ സമൂഹമാധ്യമങ്ങളിൽ വരുന്ന കമന്റുകളോട് പ്രതികരിച്ച് നടിയും നർ‍ത്തകിയും സോഷ്യൽ‌ മീഡിയ താരവുമായ സൗഭാഗ്യ വെങ്കിടേഷ്. തന്നോടുള്ള സ്നേഹം കൊണ്ടല്ല ഇത്തരത്തിലുള്ള കമന്റുകൾ വരുന്നതെന്ന് അറിയാമെന്നും തന്റെ ഇഷ്ടത്തിന് എതിരു നിൽക്കുന്നയാളല്ല അർ‌ജുനെന്നും സൗഭാഗ്യ പറയുന്നു.

''താര കല്യാണ്‍ അമ്പോറ്റിയെപ്പോലെ വളര്‍ത്തിയ ആ കൊച്ചിനെയിട്ട് എന്തൊരു പട്ടിപ്പണിയാണ് എടുപ്പിക്കുന്നത് എന്ന് കമന്റുകൾ കണ്ടു. പട്ടിപ്പണി, പട്ടി ഷോ എന്നൊക്കെ ഞാന്‍ തന്നെ ക്യാപ്ഷനില്‍ കൊടുക്കാറുണ്ട്. വെറുതെ ഒരു രസത്തിന് ചെയ്യുന്നതാണ്. ഇതൊന്നും ഒരിക്കലും അര്‍ജുന്‍ ചേട്ടന്‍ മാത്രം വാങ്ങിച്ച് വെച്ചിരിക്കുന്നതല്ല. നമ്മുടെ ഇഷ്ടമാണ്. എന്റെയും, അര്‍ജുന്‍ ചേട്ടന്റെയും ഇഷ്ടത്തിലുള്ളവരാണ് ഇവിടെയുള്ളതെല്ലാം. എല്ലാ കാര്യങ്ങളും അങ്ങനെയാണ്. അതുകൊണ്ടാണ് നമ്മള്‍ മാത്രമായി താമസിക്കുന്നത്. വ്യത്യസ്ത അഭിപ്രായമുള്ളവരൊന്നും നമ്മുടെ കൂടെയില്ല.

നമ്മളെ ടോളറേറ്റ് ചെയ്യാന്‍ കൂടെയുള്ളവര്‍ക്ക് ചിലപ്പോള്‍ ബുദ്ധിമുട്ട് കാണും. എല്ലാവര്‍ക്കും ഡോഗ്‌സിനെ ഇഷ്ടപ്പെട്ടെന്ന് വരില്ല. നമ്മുടെ ലൈഫ് സ്റ്റൈല്‍ ഇഷ്ടപ്പെടണമെന്നില്ല. എല്ലാവര്‍ക്കും നമ്മുടെ തീരുമാനങ്ങൾ ഓക്കെയാവണമെന്നില്ല. ഞങ്ങള്‍ക്ക് അങ്ങോട്ടും ഇങ്ങോട്ടും ഓക്കെയാണ്. അതുകൊണ്ടാണ് ഞങ്ങള്‍ കെട്ടിയത്. ഇത്രയും വര്‍ഷമായിട്ട് ഒന്നിച്ച് തുടരുന്നതും. ഇതൊക്കെ ഞങ്ങളൊന്നിച്ചെടുത്ത തീരുമാനങ്ങളാണ്. ദൈവാധീനം കൊണ്ട് എന്റെ ഇഷ്ടത്തിന് അര്‍ജുന്‍ ചേട്ടന്‍ എതിര് നില്‍ക്കാറില്ല. ഞാനും നില്‍ക്കാറില്ല. ഞങ്ങളുടെ ബന്ധം അങ്ങനെ ദൃഢമായി പോയിക്കൊണ്ടിരിക്കും. ഇവിടെ ആരും ആരേയും ഒന്നിനും നിര്‍ബന്ധിക്കുന്നില്ല. ഇതെല്ലാം കേട്ടിട്ടും എന്തെങ്കിലും കുത്തിത്തിരിപ്പ് ഉണ്ടാക്കണമെന്ന് തോന്നുന്നുണ്ടെങ്കില്‍ തുടരുക. അവര്‍ അതേ ചെയ്യുള്ളൂ. അത് തുടരട്ടെ.

ആ പാവം കൊച്ചിനെയിട്ട് പണിയിപ്പിക്കുന്നു എന്നാണ് അര്‍ജുന്‍ ചേട്ടനോട് പറയുന്നത്. എന്നോട് ഒരുതരിമ്പും സ്‌നേഹമുണ്ടായിട്ടല്ല അങ്ങനെ പറയുന്നത്. എന്തെങ്കിലും അനിഷ്ടം തോന്നുകയാണെങ്കില്‍ തോന്നിക്കോട്ടെ എന്ന് കരുതി പറയുന്നതാണ്. അല്ലാതെ എന്നെ പരിഗണിക്കുന്നവരല്ല'', എന്ന് സൗഭാഗ്യ പറഞ്ഞു.

Asianet News Live | Malayalam Live News | Breaking News l Kerala News Updates | HD News Streaming