മലയാളത്തില്‍ ഏറ്റവും കയ്യടി വാങ്ങിയ കഥാപാത്രങ്ങളില്‍ ഒന്നാണ് സേതുരാമയ്യര്‍ സിബിഐ. മമ്മൂട്ടി നായകനായി എത്തിയ ചിത്രത്തില്‍ നാലു ഭാഗങ്ങളാണ് പ്രദര്‍ശനത്തിനെത്തിയത്. മമ്മൂട്ടി സിബിഐ ആയി എത്തിയ ചിത്രങ്ങള്‍ എല്ലാം സൂപ്പര്‍ഹിറ്റുമായി. മോഹന്‍ലാലും ഒരിക്കല്‍ സിബിഐ ഓഫീസറാകാന്‍ ഒരുങ്ങിയതായിരുന്നു. പക്ഷേ ചില പ്രത്യേക കാരണങ്ങളാല്‍ ചിത്രം പ്രദര്‍ശനത്തിനെത്താതിരിക്കുകയായിരുന്നു.


ജി എസ് വിജയനാണ് മോഹന്‍ലാലിനെ നായകനാക്കി ഒരു സിബിഐ ചിത്രം ചെയ്യാന്‍ ഒരുങ്ങിയത്. മമ്മൂട്ടിയുടെ ‘ഒരു സിബിഐ ഡയറിക്കുറിപ്പ്’ വന്‍ ഹിറ്റായ സമയത്തായിരുന്നു അത്, 1990ല്‍. ചോദ്യം എന്നായിരുന്നു ചിത്രത്തിന്റെ പേര്. മോഹന്‍ലാലിനു പുറമേ റഹ്‍മാന്‍‌, രൂപിണി, ക്യാപ്റ്റന്‍ രാജു, അശോകന്‍, രേവതി തുടങ്ങിയവരായിരുന്നു ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരുന്നത്. ചിത്രം ഇടയ്‍ക്കുവച്ചു മുടങ്ങുകയായിരുന്നു.

കെ എസ് രവികുമാര്‍ സംവിധാനം ചെയ്ത പുരിയാത പുതിര്‍ എന്ന സൂപ്പര്‍ഹിറ്റ് സിനിമയുടെ റീമേക്കായിരുന്നു ചോദ്യം.