സംഗീത, നൃത്തപരിപാടികള്‍ എല്ലാമുള്ള വലിയ ഷോയാണ് ഫിനാലെ വേദിയില്‍ നടക്കുക. മൂന്നര മണിക്കൂര്‍ ദൈര്‍ഘ്യമുണ്ടാവും ഗ്രാന്റ് ഫിനാലെയ്ക്ക്.

ആദ്യ സീസണിലെ ടൈറ്റില്‍ വിന്നര്‍ ആരാവുമെന്ന് അറിയാനുള്ള കാത്തിരിപ്പിലാണ് ബിഗ് ബോസ് ആരാധകര്‍. പതിനാറ് മത്സരാര്‍ഥികളില്‍ തുടങ്ങിയ ഷോയില്‍ ഫൈനലിസ്റ്റുകളായി നിലവില്‍ അവശേഷിക്കുന്നത് 5 പേര്‍ മാത്രമാണ്. സാബുമോന്‍, പേളി മാണി, ശ്രീനിഷ് അരവിന്ദ്, അരിസ്റ്റോ സുരേഷ്, ഷിയാസ് കരിം എന്നിവര്‍. നോമിനേഷന്‍ വഴിയുള്ള അവസാന എലിമിനേഷനും ശേഷം സര്‍പ്രൈസ് എലിമിനേഷന്‍ വഴിയാണ് അതിഥി റായ് പുറത്തായത്. എന്നാല്‍ അന്തിമ വിജയി ആരാവും? ഫൈനല്‍ ജേതാവാകാന്‍ പ്രേക്ഷകര്‍ സാധ്യത കല്‍പ്പിക്കുന്നവര്‍ തന്നെയാവുമോ യഥാര്‍ഥ വിജയി? ബിഗ് ബോസ് അവതാരകനായ മോഹന്‍ലാല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിന് നല്‍കിയ ഫേസ്ബുക്ക് ലൈവില്‍ മറുപടി പറഞ്ഞു.

'ആരാവും ഫൈനല്‍ വിജയി എന്നറിയാന്‍ ഞാനും നിങ്ങളെപ്പോലെ കാത്തിരിക്കുകയാണ്. ആകസ്മികതകളാണ് ബിഗ് ബോസ് ഷോയുടെ ഏറ്റവും വലിയ പ്രത്യേകത. ഏത് നിമിഷവും എന്തും സംഭവിക്കാം. പ്രേക്ഷകരുടെ വോട്ടിംഗ് നിലകള്‍ മാറിമറിയാം. പ്രേക്ഷകര്‍ ഇതുവരെ വിജയസാധ്യത കല്‍പിച്ചവര്‍ തന്നെ വിജയകിരീടം ചൂടിയേക്കാം. എന്നാല്‍ ചിലപ്പോള്‍ അവസാന റൗണ്ട് വരെ പിന്നിലായിരുന്നവര്‍ ട്രാക്കില്‍ വിജയക്കുതിപ്പ് നടത്തി മുന്നിലായേക്കാം. പ്രേക്ഷകരുടെ വോട്ടുകള്‍ മാത്രമാണ് മത്സരാര്‍ഥികളുടെ ജയപരാജയങ്ങള്‍ നിര്‍ണയിക്കുക. കലാശപോരാട്ടത്തിനും അവര്‍ക്ക് നിങ്ങളുടെ വോട്ട് കൂടിയേ കഴിയൂ. ഇന്ന് രാത്രി 12 വരെ വോട്ട് ചെയ്യാം.'

അതേസമയം നാളെ നടക്കുന്ന ഗ്രാന്റ് ഫിനാലെയില്‍ മത്സരാര്‍ഥികളും മോഹന്‍ലാലുമായുള്ള വര്‍ത്തമാനം മാത്രമല്ല ഉണ്ടാവുക. ഇപ്പോള്‍ അവശേഷിക്കുന്ന അഞ്ച് ഫൈനലിസ്റ്റുകള്‍ക്കൊപ്പം ഇതുവരെ പുറത്താക്കപ്പെട്ട മുഴുവന്‍ മത്സരാര്‍ഥികളും വേദിയിലെത്തും. ഇവരുടെ പെര്‍ഫോമന്‍സുകളുമുണ്ടാവും. സംഗീത, നൃത്തപരിപാടികള്‍ എല്ലാമുള്ള വലിയ ഷോയാണ് ഫിനാലെ വേദിയില്‍ നടക്കുക. മൂന്നര മണിക്കൂര്‍ ദൈര്‍ഘ്യമുണ്ടാവും ഗ്രാന്റ് ഫിനാലെയ്ക്ക്.