ഈയാഴ്ചത്തെ എലിമിനേഷനില്‍ മൂന്ന് പേര്‍

ബിഗ് ബോസില്‍ ഇനി അവതാരകനായ മോഹന്‍ലാല്‍ പങ്കെടുക്കുന്ന വാരാന്ത്യ എപ്പിസോഡുകളാണ്. എലിമിനേഷന്‍ തന്നെ മോഹന്‍ലാലിന് നിര്‍വ്വഹിക്കാനുള്ള പ്രധാന ചുമതല. മൂന്ന് പേരാണ് ഇത്തവണ എലിമിനേഷന്‍ ലിസ്റ്റില്‍ ഉള്ളത്. ദീപന്‍ മുരളി, ശ്രീലക്ഷ്മി, ശ്രീനിഷ് അരവിന്ദ് എന്നിവര്‍. ഇവരിലൊരാള്‍ ഈയാഴ്ച പുറത്താവുമെന്ന് മോഹന്‍ലാല്‍ പറയുന്നു. എന്നാല്‍ ബിഗ് ബോസ് ഹൗസില്‍ നിന്ന് ഒരാളെ പുറത്താക്കുക എന്നത് തന്നെ സംബന്ധിച്ച് ഏറെ സങ്കടകരമായ ഒരു യാഥാര്‍ഥ്യമാണെന്നും..

മോഹന്‍ലാല്‍ പറയുന്നു

എന്‍റെ വാരാന്ത്യങ്ങള്‍ ഇപ്പോള്‍ വളരെ സജീവമാണ്. ബിഗ് ബോസ് വീട്ടിലെ കുടുംബാംഗങ്ങളുമായി സംവദിക്കുക, അവരുടെ ഇണക്കങ്ങള്‍, പിണക്കങ്ങള്‍, പരിഭവങ്ങള്‍, തമ്മില്‍ത്തല്ലുകള്‍ എല്ലാത്തിനും ഒരു പരിഹാരം കണ്ടെത്തുക, വഴക്ക് പറയുക, വഴക്ക് കേള്‍ക്കുക, പിന്നെ ഏറ്റവും സങ്കടകരമായ കാര്യം ബിഗ് ബോസ് വീട്ടില്‍ നിന്ന് ഒരാളെ പടിയിറക്കുന്നതാണ്. എന്തുചെയ്യാം, ഞാന്‍ അതിന് നിയോഗിക്കപ്പെട്ടവനായിപ്പോയി. ഈയാഴ്ചയുമുണ്ടാവും ബിഗ് ബോസ് കുടുംബത്തില്‍ നിന്ന് ചിലരുടെ പടിയിറക്കം. എന്തായാലും കാത്തിരുന്ന് കാണുക. 

ആകെയുള്ള 100 ദിവസങ്ങളില്‍ നാലിലൊന്നും പിന്നിട്ടിട്ടുണ്ട് ഇതിനകം ജനപ്രീതി നേടിയ ഷോ. കൃത്യമായി പറഞ്ഞാല്‍ 27 എപ്പിസോഡുകള്‍ പൂര്‍ത്തിയാക്കി ബിഗ് ബോസ് മലയാളം. ദിവസങ്ങള്‍ മുന്നോട്ട് പോകുന്തോറും മത്സരാര്‍ഥികളുടെ വാശിയും പരിപാടിയുടെ വിനോദമൂല്യവും ഉയരുന്ന കാഴ്ചയാണ്. ആദ്യ വാരങ്ങളില്‍ വളരെ ശ്രദ്ധാപൂര്‍വ്വം പരസ്പരം ഇടപെട്ടിരുന്ന മത്സരാര്‍ഥികള്‍ ഇപ്പോള്‍ തമ്മില്‍ത്തല്ലും ചെറിയ രീതിയിലുള്ള പാരവെപ്പുമൊക്കെ ആരംഭിച്ചിട്ടുണ്ട്. അതിനാല്‍ത്തന്നെ ഈ വാരാന്ത്യത്തിലെ മോഹന്‍ലാല്‍ പങ്കെടുക്കുന്ന എലിമിനേഷന്‍ എപ്പിസോഡുകള്‍ രസകരമാകുമെന്ന് ഉറപ്പ്.