മോഹന്‍ലാല്‍ തന്നെ ആക്ഷന്‍ കിംഗ്!

https://static.asianetnews.com/images/authors/4c04a143-31a2-528a-aa86-7a0b7f2e8998.JPG
First Published 21, May 2017, 7:10 AM IST
Mohanlal as action King
Highlights

വെബ് ഡെസ്ക്
മലയാളത്തില്‍ ആദ്യമായി 100 കോടി കളക്ഷന്‍ നേടിയ സിനിമയാണ് പുലിമുരുകന്‍.  മോഹന്‍ലാലിന്റെ തകര്‍പ്പന്‍ ആക്ഷന്‍ രംഗങ്ങളായിരുന്നു സിനിമയിലെ ഹൈലൈറ്റ്. വൈശാഖ് സംവിധാനം ചെയ്‍ത പുലിമുരുകന്‍ തന്നെയാണ് തന്റെ ഏറ്റവും മികച്ച ആക്ഷന്‍ സിനിമയെന്ന് മോഹന്‍ലാല്‍ പറഞ്ഞിരുന്നു. മലയാളത്തില്‍ ആക്ഷന്‍ രംഗങ്ങള്‍ ഏറ്റവും വഴക്കത്തോടെ ചെയ്യുന്ന സൂപ്പര്‍സ്റ്റാര്‍ എന്ന പദവി അടിവരയിട്ടുറപ്പിക്കുകയായിരുന്നു പുലിമുരുകനിലെ മോഹന്‍ലാലിന്റെ പ്രകടനം. മോഹന്‍ലാലിന്റെ വ്യത്യസ്ത രീതിയിലുള്ള മറ്റ് ആക്ഷന്‍ കഥാപാത്രങ്ങളെ കുറിച്ചാണ് ഇവിടെ പറയുന്നത്.

 

 

അധോലോകങ്ങളുടെ രാജകുമാരന്‍

മോഹന്‍ലാലിനെ സൂപ്പര്‍സ്റ്റാറിന്റെ സിംഹാസനത്തില്‍ ഇരുത്തിയത് രാജാവിന്റെ മകന്‍ ആയിരുന്നു. വിന്‍‌സന്‍റ് ഗോമസ് എന്ന അധോലോക നായകനായി തിളങ്ങിയ മോഹന്‍ലാല്‍ വ്യത്യസ്തമായ അഭിനയശൈലിയായിരുന്നു ചിത്രത്തില്‍ സ്വീകരിച്ചത്. ചിത്രത്തിലെ ഡയലോഗുകളും ആക്ഷന്‍ രംഗങ്ങളും പ്രേക്ഷകര്‍ കയ്യടിച്ചു സ്വീകരിച്ചു.
 
“രാജുമോന്‍ ഒരിക്കലെന്നോട് ചോദിച്ചു, അങ്കിളിന്‍റെ ഫാദര്‍ ആരാണെന്ന്. ഞാന്‍ പറഞ്ഞു ഒരു രാജാവാണെന്ന്. കിരീടവും ചെങ്കോലും സിംഹാസനവുമെല്ലാമുള്ള രാജാവ്. പിന്നീട് അവന്‍ എന്നെ കളിയാക്കി വിളിച്ചു - പ്രിന്‍സ്. അതേ, അണ്ടര്‍വേള്‍ഡ് പ്രിന്‍സ്. അധോലോകങ്ങളുടെ രാജകുമാരന്‍” തുടങ്ങിയ ഡയലോഗുകള്‍ ഇന്നും ആരാധകര്‍ക്ക് ആവേശമാണ്.

ഡെന്നിസ് ജോസഫിന്റെ തിരക്കഥയില്‍ തമ്പി കണ്ണന്താനം - ആണ് രാജാവിന്റെ മകന്‍ സംവിധാനം ചെയ്‍തത്.

 

പാവം ദേവനാരായണന്‍

അധോലോകത്തിലേക്ക് എത്തപ്പെട്ട ദേവനാരായണനെന്ന അമ്പലവാസി പയ്യന്റെ കഥയാണ് ആര്യന്‍ പറഞ്ഞത്. ബോംബെ അധോലോകത്തെ നിര്‍ണ്ണായക സ്വാധീനമായി മാറിയ ദേവനാരായണനും മോഹന്‍ലാലിന്റെ കരിയറിലെ തിളക്കമുള്ള ആക്ഷന്‍ കഥാപാത്രമാണ്. ടി ദാമോദരന്റെ തിരക്കഥയില്‍ പ്രിയദര്‍ശനാണ് ചിത്രം സംവിധാനം ചെയ്‍തത്.

 

മുംബൈ അധോലോകത്തിന്റ ഹരിയണ്ണന്‍

മുംബൈ അധോലോകം അടക്കിവാണ ഹരികൃഷ്‍ണന്‍ എന്ന ഹരിയണ്ണനും ഇന്നും ആരാധകര്‍ക്ക് ആവേശമാണ്. അധോലകത്തെ നിയന്ത്രിച്ച ഹരിയണ്ണന്‍ ഒടുവില്‍ പൊലീസിന്റെ വെടിയുണ്ടകള്‍ക്ക് ഇരയാകുന്ന കഥ പറഞ്ഞ അഭിമന്യു എന്ന സിനിമ  മോഹന്‍ലാലിന്റെ ആക്ഷന്‍ ഹിറ്റുകളില്‍ മുന്‍നിരയിലുള്ളതാണ്. ടി ദാമോദരന്റെ തിരക്കഥയില്‍ പ്രിയദര്‍ശന്‍ ആണ് സിനിമ സംവിധാനം ചെയ്‍തത്.

 


മംഗലശ്ശേരി നീലകണ്ഠന്‍

മലയാള സിനിമയില്‍‌ ആണത്തിന്റെ അവസാന വാക്കായാണ് മംഗലശ്ശേരി നീലകണ്ഠനെ ആരാധകര്‍ കാണുന്നത്. മീശ പിരിച്ച് മുണ്ടു മടക്കിക്കുത്തി വെള്ളിത്തിരയില്‍ എത്തിയിട്ട് വര്‍ഷങ്ങള്‍ കഴിഞ്ഞെങ്കിലും ഇന്നും ആരാധകര്‍‌ ആഘോഷിക്കുന്ന കഥാപാത്രമാണ്, നല്ല കലാകാരന്‍മാരെയും നല്ല ചട്ടമ്പികളെയും മാത്രം സ്നേഹിക്കുന്ന മംഗലശ്ശേരി നീലകണ്ഠന്‍. രഞ്ജിത്തിന്റെ തിരക്കഥയില്‍ ഐ വി ശശിയാണ് ചിത്രം ദേവാസുരം സംവിധാനം ചെയ്‍തത്. മംഗലശ്ശേരി നീലകണ്ഠനെയും മകന്‍ കാര്‍ത്തികേയനെയും ഒന്നിപ്പിച്ച് രഞ്ജിത്ത് രാവണപ്രഭു എന്ന ചിത്രം സംവിധാനവും ചെയ്‍തു. മംഗലശ്ശേരി നീലകണ്ഠന്‍‌ എന്ന കഥാപാത്രത്തിന്റെ  ശൈലികളുടെ ചുവടുപിടിച്ചാണ് പിന്നീട് ആറാംതമ്പുരാനിലെ ജഗനാഥനും നരസിംഹത്തിലെ ഇന്ദുചൂഢനും ഒക്കെ വന്നത്.


 


ആടിന്റെ ചങ്കിലെ ചോര കുടിക്കുന്ന തോമ

ആടുതോമയാണ് മോഹന്‍ലാല്‍ ആരാധകരെ ത്രസിപ്പിക്കുന്ന മറ്റൊരു കഥാപാത്രം.  “ആടിന്‍റെ ചങ്കിലെ ചോര കുടിക്കും. അതാണ് എന്‍റെ ആരോഗ്യത്തിന്‍റെ രഹസ്യം. എന്‍റെ ജീവണ്‍ ടോണ്‍” എന്ന് കോടതിയില്‍ ജഡ്ജിയോട് പറയുന്ന തോമ തീയേറ്ററിനകത്തും പുറത്തും സൂപ്പര്‍ ഹിറ്റായി. ഡോ സി ജി രാജേന്ദ്രബാബുവിന്റെ തിരക്കഥയില്‍ ഭദ്രനാണ് സ്ഫടികം സംവിധാനം ചെയ്‍തത്.


 

കണ്ണന്‍‌നായരുടെ ഇന്ദ്രജാലം!


ബോംബെ അധോലോകം പശ്ചാത്തലമായുള്ള ഒരു പ്രതികാര കഥ പറഞ്ഞ ഇന്ദ്രജാലത്തിലാണ് കണ്ണന്‍ നായര്‍ തകര്‍ത്താടിയത്. മോഹന്‍ലാലിന്റെ ഗംഭീര ആക്ഷന്‍ പ്രകടനങ്ങള്‍ തന്നെയായിരുന്നു ഇന്ദ്രജാലത്തിന്റെ പ്രത്യേകത. ഡെന്നിസ് ജോസഫിന്റെ തിരക്കഥയില്‍ തമ്പി കണ്ണന്താനം ആണ് സിനിമ സംവിധാനം ചെയ്‍തത്.

 

loader