ഓഷോയുടെ വേഷത്തിലുള്ള തന്റെ ചിത്രം രണ്ട് ദിവസം മുമ്പാണ് നടന്‍ മോഹന്‍ലാല്‍ ഫേസ്ബുക്കില്‍ പോസ്റ്റ്ചെയ്തത്. ഓഷോയുടെ കടുത്ത ആരാധകനാണെന്ന് മോഹന്‍ലാല്‍ നേരത്തെതന്നെ പലപ്പോഴും വ്യക്തമാക്കിയിട്ടുണ്ട്. എന്നാല്‍ ഓഷോയായി അഭിനയിക്കാന്‍ തനിക്ക് അവസരം ലഭിച്ചിരുന്നെന്ന് asianetnews.tv സംഘടിപ്പിച്ച 'ഒപ്പം പ്രവചന മത്സരത്തിലെ' വിജയികളോടൊപ്പം തിരുവോണദിവസം നടന്ന കൂടിക്കാഴ്ചക്കിടെ ലാലേട്ടന്‍ വ്യക്തമാക്കി.

ഓഷോ പുസ്തകങ്ങള്‍ ജീവിതത്തില്‍ എന്ത് സ്വാധീനമാണ് ഉണ്ടാക്കിയതെന്ന ഒരു ആരാധകന്റെ ചോദ്യത്തിന് മറുപടിയാണ് ലാലേട്ടന്‍ ഇത് വ്യക്തമാക്കിയത്. ഓഷോയുടെ ആശ്രമത്തില്‍ പോയിട്ടുണ്ടെന്നും ഒരു ഇറ്റാലിയന്‍ സംവിധായകനുമായി ചേര്‍ന്ന് ഓഷോയായി അഭിനയിക്കാന്‍ അവസരവും ലഭിച്ചെന്ന് അദ്ദേഹം പറഞ്ഞു. പലരാജ്യങ്ങളിലുള്ള നിരവധിപ്പേരെ ചിത്രത്തിന്റെ നിര്‍മ്മാതാക്കള്‍ ഇതിനായി പരിഗണിച്ചിരുന്നു എന്നാല്‍ ചിത്രം നടക്കാന്‍ സാധ്യതയുണ്ടോ ഇല്ലയോ എന്നത് ഇപ്പോള്‍ ഒരു വിഷയമല്ലെന്നും മോഹന്‍ലാല്‍ പറഞ്ഞു. 

പുസ്തകങ്ങള്‍ വായിച്ചത് കൊണ്ടുമാത്രം ജീവിതത്തില്‍ മാറ്റമുണ്ടാകില്ല. ചിന്തകള്‍ക്കും ധാരണകള്‍ക്കും വികാസമുണ്ടാകും നമ്മുടെ ചില ചോദ്യങ്ങള്‍ക്കും ചിലപ്പോള്‍ ചില പുസ്തകങ്ങള്‍ മറുപടി നല്‍കിയേക്കും. ഓഷോയുടെ പുസ്തകങ്ങള്‍ വളരെയധികമൊന്നും താന്‍ വായിച്ചിട്ടില്ലെന്നും ഒരു വിഷയത്തെക്കുറിച്ച് നമുക്കുള്ള സംശയങ്ങള്‍ക്ക് ആ പുസ്തതകങ്ങള്‍ മറുപടി നല്‍കുമെന്നും മോഹന്‍ലാല്‍ പറയുന്നു. ഫലിതത്തിലൂടെ ജീവിതത്തെ കാണുന്ന ഒരാളാണ് ഓഷോ. താനും അത്തരത്തിലുള്ള ആളാണെന്നും മോഹന്‍ലാല്‍ പറഞ്ഞു