ആ ആരാധികയ്ക്ക് മുന്നില്‍ മോഹന്‍ലാല്‍ മുട്ടുകുത്തി നിന്നു. 36 വയസുകാരിയായ നാദിയയ്ക്കൊപ്പം താന്‍റെ ചിത്രങ്ങളിലെ ഡയലോഗുകള്‍ പറഞ്ഞ് സൗഹൃദം പങ്കുവച്ചു. ആരാധികയ്ക്ക് ഇതില്‍പ്പരം എന്ത് സന്തോഷം!

കുവൈത്ത് ഓയില്‍ കമ്പനിയുടെ കീഴിലുള്ള അഹമ്മദി ആശുപത്രിയില്‍ ജനിച്ച നാദിയ ജന്മനാ വൈകല്യം പിടികൂടിയവളാണ്. അനാഥയായ നാദിയയെ  നേഴ്സുമാരാണ് പരിചരിച്ചത്. പല രാജ്യങ്ങളിലുള്ള നഴ്സുമാരില്‍ നിന്ന് ഭാഷ പഠിക്കുന്ന കൂട്ടത്തില്‍ മലയാളവും പഠിച്ചു. അങ്ങനെ അവള്‍ മലയാള സിനിമകളും കണ്ടു തുടങ്ങി. അന്നു മുതല്‍ മോഹന്‍ലാലിലന്‍റെ കടുത്ത ആരാധികയായിരുന്നു അവള്‍.

തന്‍റെ അടുത്ത് മുട്ടുകുത്തി നില്‍ക്കുന്ന സൂപ്പര്‍ താരത്തോട് നാദിയ പറഞ്ഞു.' എന്നോട് പറ ഐ ലവ് യൂ ന്ന്' വന്ദനത്തിലെ പ്രശസ്തമായ ഡയലോഗിന് 'ഐ ലവ് യു' എന്ന് മോഹന്‍ലാലിന് മറുപടി നല്‍കിയപ്പോള്‍   'പോ മോനേ ദിനേശാ..' എന്നായിരുന്നു നാദിയയുടെ പ്രതിസ്വരം. വീല്‍ചെയറിനപ്പുറത്തെ ലോകത്തുള്ള തന്‍റെ ജീവിതത്തിലെ ഏറ്റവും വലിയ ആഗ്രഹങ്ങളിലൊന്ന് സാധിച്ചതിന്‍റെ സന്തോഷത്തിലാണ് നാദിയ ഇപ്പോള്‍.