മലയാളത്തില്‍ ഒട്ടുമിക്ക കഥാപാത്രങ്ങളെയും അവതരിപ്പിച്ച നടന്‍മാരാണ് മോഹന്‍ലാലും മമ്മൂട്ടിയും. ഇരുവരും വിവിധ പേരുകളില്‍ വിവിധ തൊഴില്‍ ചെയ്യുന്ന വിവിധ കഥാപാത്രങ്ങളെയാണ് വെള്ളിത്തിരയില്‍ അവതരിപ്പിച്ചത്. ചില സിനിമകളില്‍ മോഹന്‍ലാല്‍ മോഹന്‍ലാല്‍ ആയും മമ്മൂട്ടി ആയും തന്നെ അഭിനയിച്ചു. എന്നാല്‍ മോഹന്‍ലാല്‍ മമ്മൂട്ടിയായോ മമ്മൂട്ടി മോഹന്‍ലാല്‍ എന്ന പേരുള്ള കഥാപാത്രമായോ അവതരിപ്പിച്ചിട്ടുണ്ടോയെന്ന് നോക്കുന്നത് കൗതുകമായിരിക്കും.

മമ്മൂട്ടി എന്നു പേരുള്ള കഥാപാത്രമായി അഭിനയിക്കാന്‍ മോഹന്‍ലാലിന് അവസരമുണ്ടായിട്ടുണ്ട്. 1984ല്‍ പുറത്തിറങ്ങിയ മനസ്സറിയാതെ എന്ന സിനിമയിലാണ് മോഹന്‍ലാല്‍ മമ്മൂട്ടി എന്ന കഥാപാത്രത്തെ അവതരിപ്പിച്ചത്. സോമന്‍ അമ്പാട്ട് ആയിരുന്നു സിനിമ സംവിധാനം ചെയ്‍തത്. എന്നാല്‍ മമ്മൂട്ടിക്ക് ഇതുവരെ മോഹന്‍ലാല്‍ എന്ന് പേരുള്ള കഥാപാത്രത്തെ അവതരിപ്പിക്കാനായിട്ടില്ല. അതേസമയം മോഹന്‍ലാല്‍ നിരവധി സിനിമകളില്‍ സ്വന്തം പേരുള്ള കഥാപാത്രത്തെയും അവതരിപ്പിച്ചിട്ടുണ്ട്. ധന്യ, മദ്രാസിലെ മോന്‍, ഹലോ മദ്രാസ് ഗേള്‍ എന്നീ സിനിമയില്‍ മോഹന്‍ലാല്‍ എന്ന കഥാപാത്രമായിട്ടാണ് അഭിനയിച്ചത്. സത്യന്‍ അന്തിക്കാടിന്റെ ലാല്‍ അമേരിക്കയില്‍ എന്ന സിനിമയില്‍ ലാല്‍ എന്ന കഥാപാത്രത്തെയും അവതരിപ്പിച്ചു.