തിരുവനന്തപുരം: മുരളിഗോപിയുടെ തിരക്കഥയില്‍ ജീയെന്‍ കൃഷ്ണകുമാര്‍ സംവിധാനം ചെയ്ത് പൃഥ്വിരാജും ഇന്ദ്രജിത്തും മുരളിഗോപിയും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന 'ടിയാനി'ല്‍ മോഹന്‍ലാലിന്‍റെ സാന്നിധ്യവും. ടിയാനില്‍ മോഹന്‍ലാലിന്‍റെത് പക്ഷേ കഥാപാത്രമല്ലെന്ന് മാത്രം. മറിച്ച് ശബ്ദസാന്നിധ്യമാണ് ചിത്രത്തില്‍ മോഹന്‍ലാല്‍. 

റിലീസിന് ദിവസങ്ങള്‍ മാത്രമുള്ളപ്പോഴാണ് അണിയറക്കാര്‍ പ്രേക്ഷകര്‍ക്കുള്ള ഈ 'സര്‍പ്രൈസ്' പുറത്തുവിട്ടത്. ടിയാനിലെ വിവരണം മോഹന്‍ലാലിന്റേതാണെന്ന് മുരളിഗോപിയും ജീയെന്‍ കൃഷ്ണകുമാറും ഫേസ്ബുക്കിലൂടെ അറിയിച്ചു. ഇന്‍സ്റ്റഗ്രാമിലൂടെ പൃഥ്വി അതിന് നന്ദിയും പറഞ്ഞു.

പൃഥ്വിരാജിന്റെ സംവിധായക അരങ്ങേറ്റം ലൂസിഫറില്‍ മോഹന്‍ലാല്‍ ആയിരിക്കും നായകന്‍. തിരക്കഥയൊരുക്കുന്നത് മുരളി ഗോപിയും. 2018 മെയ് മാസത്തില്‍ ചിത്രീകരണം ആരംഭിക്കുമെന്നാണ് അണിയറക്കാര്‍ 'ലൂസിഫറി'നെക്കുറിച്ച് അറിയിച്ചിരിക്കുന്നത്. എന്നാല്‍ 'ലൂസിഫറി'ന്റെ സംവിധായകനും തിരക്കഥാകൃത്തും നായകനും അതിനുമുന്‍പ് മറ്റൊരു ചിത്രത്തിനുവേണ്ടി ഒന്നിക്കുന്നു എന്നതാണ് ടിയാന്‍റെ പ്രത്യേകത.