കൊച്ചി: മകന്‍റെ സിനിമ പ്രവേശനം സംബന്ധിച്ച് മനസ് തുറന്ന് മോഹന്‍ലാല്‍. ദേശാഭിമാനി പത്രത്തിന് നല്‍കിയ അഭിമുഖത്തിലാണ് പ്രണവ് മോഹന്‍ലാലിന്‍റെ സിനിമ പ്രവേശനത്തെ മോഹന്‍ലാല്‍ വിലയിരുത്തുന്നത്. ഞാന്‍ സിനിമയില്‍ ഇറങ്ങണമെന്ന് പറഞ്ഞപ്പോള്‍ ഡിഗ്രി എടുത്ത ശേഷം എന്നായിരുന്നു എന്‍റെ പിതാവ് എന്നോട് പറഞ്ഞത്, അത് ഞാന്‍ അനുസരിച്ചു.
പ്രണവിനോട് സിനിമയില്‍ അഭിനയിക്കാന്‍ പലരും പറഞ്ഞിരുന്നു. ഞാനും പറഞ്ഞതാണ്. സ്‌കൂളില്‍ പഠിക്കുന്ന കാലത്ത് മികച്ച നടനായിരുന്നു പ്രണവ്, എങ്കിവും സിനിമാഭിനയത്തോട് അയാള്‍ക്ക് താത്പര്യമില്ലായിരുന്നു. പിന്നീട് രണ്ടു സിനിമയ്ക്ക് സഹസംവിധായകനായി പ്രവര്‍ത്തിച്ചു. ഒരു സിനിമ ഉണ്ടാക്കുന്നതെങ്ങനെ എന്ന പഠനമായിരുന്നു അത്. പിന്നീട് ഏതോ ഒരു നിമിഷത്തില്‍ അപ്പു സിനിമയില്‍ അഭിനയിക്കാമെന്ന് സമ്മതിച്ചു.
മകനായാലും മകളായാലും തന്‍റെ ഇഷ്ടങ്ങളൊന്നുംതന്നെ അവരുടെ മേല്‍ അടിച്ചേല്‍പ്പിക്കാറില്ല. പ്രണവിന് ഇരുപത്തിയാറ് വയസായി. അവന്റെ ഈ പ്രായത്തില്‍ രാജാവിന്‍റെ മകന്‍ പോലുളള വലിയ സിനിമകള്‍ താന്‍ ചെയ്തുകഴിഞ്ഞിരുന്നതായും മോഹന്‍ലാല്‍ പറയുന്നു. പ്രണവിന് വേണ്ടി ഒന്നോ രണ്ടോ സിനിമകള്‍ക്ക് എന്നെക്കൊണ്ട് ഹെല്‍പ്പ് ചെയ്യാന്‍ പറ്റിയേക്കും.
അല്ലാതെ ഒരു സെറ്റില്‍ പോകുമ്പോള്‍ ഇങ്ങനെ ചെയ്യണം, എങ്ങനെ അഭിനയിക്കണം എന്നൊന്നും പറഞ്ഞുകൊടുക്കാനാകില്ല. ഇതൊരു മേയ്ക്ക് ബിലീഫാണ്. സ്വന്തമായി ഒരു ശൈലി അപ്പു ഉണ്ടാക്കിയെടുക്കണം.
നല്ല സിനിമകള്‍ കിട്ടണം. സിനിമകള്‍ നന്നായി വിജയിക്കണം. നന്നായി വരട്ടെ എന്ന് എന്റെ അച്ഛന്‍ എനിക്കുവേണ്ടി പ്രാര്‍ത്ഥിച്ചപോലെ പ്രാര്‍ത്ഥിക്കാനെ ഇപ്പോള്‍ കഴിയൂ. കാരണം സിനിമയില്‍ പിടിച്ചുനില്‍ക്കണമെങ്കില്‍ കഴിവുമാത്രം പോരാ, ഭാഗ്യവും വേണമെന്നും മോഹന്‍ലാല്‍ വ്യക്തമാക്കുന്നു.
