പൃഥ്വിരാജ് ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് മോഹൻലാലിന്റേതായി ഒരുങ്ങിക്കൊണ്ടിരിക്കുന്നത്. നായകനടനെന്ന നിലയില്‍ തിരക്കുള്ള സമയത്ത് ആണ് പൃഥ്വിരാജ് സംവിധായകനായി എത്തുന്നത്. മോഹൻലാല്‍ തന്നെ ഇക്കാര്യം എടുത്ത് പറഞ്ഞിട്ടുണ്ട്. നായകനായി തിരക്കുള്ള ഒരു നടൻ സംവിധായകനാകുന്നത് അപൂര്‍വ്വമായിരിക്കും എന്ന് മോഹൻലാല്‍ പറഞ്ഞിരുന്നു. മോഹൻലാല്‍ സംവിധായകനാകാൻ ആഗ്രഹിക്കുന്നുണ്ടോ എന്ന് ചോദിച്ചാല്‍ ഇല്ലെന്നാകും ഉത്തരം. വനിതയ്‍ക്ക് നല്‍കിയ അഭിമുഖത്തിലാണ് മോഹൻലാല്‍ ഇക്കാര്യം പറഞ്ഞത്.

നമുക്ക് ഒരുപാട് മിടുക്കരായ സംവധായകര്‍ ഉണ്ട്. പിന്നെന്തിനാണ് ഞാൻ സംവിധാനം ചെയ്‍ത് മോശമാക്കുന്നത്. നടനാകുന്നതു പോലെയല്ല സംവിധായകനാകുന്നത്. അഭിനയത്തില്‍ നിന്നെല്നലാം മാറി നിന്നു കൊണ്ട് ചെയ്യേണ്ട കാര്യമാണ്. അത്രയ്‍ക്കും പഠനം വേണ്ട കാര്യമാണെന്നും മോഹൻലാല്‍ പറയുന്നു. സംവിധായകനാകാൻ ഡിസൈൻ ചെയ്‍ത ആള്‍ക്കാരുണ്ട്. അവര്‍ക്കൊപ്പം പോവുകയാണ് നല്ലതെന്നും മോഹൻലാല്‍ പറയുന്നു. സിനിമയില്‍ എന്തൊക്കെ കാര്യങ്ങളാണ് സംവിധായകൻ ചെയ്യുന്നത്. കഴിഞ്ഞ ദിവസം മുന്നോറോളം പേരാണ് മരയ്ക്കാറിന്റെ സെറ്റില്‍ ഉണ്ടായിരുന്നത്. എല്ലാവരും നീങ്ങുന്നത് പ്രിയദര്‍ശൻ എന്ന സംവിധായകനിലേക്കാണ്. ഒട്ടും റിലാക്സ്ഡ് അല്ല അത്. സിനിമ ഇറങ്ങിക്കഴിയുമ്പോള്‍ പ്രിയന് രണ്ട് വയസ് കൂടും. കലാപാനി സംവിധാനം ചെയ്തു കഴിഞ്ഞതോടെയാണ് അയാള്‍ നരയ്‍ക്കാൻ തുടങ്ങിയത്. ഓരോ സീനും മികച്ചതാക്കാനാണ് അവരുടെ ശ്രമം- മോഹൻലാല്‍ വനിതയ്‍ക്ക് നല്‍കിയ അഭിമുഖത്തില്‍ പറയുന്നു.