ചിത്രീകരണം നവംബര്‍ ഒന്നിന് പോസ്റ്റ് പ്രൊഡക്ഷന് കാലദൈര്‍ഘ്യമെടുക്കുമെന്ന് പ്രിയന്‍
മോഹന്ലാലിനെ ചരിത്രപുരുഷന് 'കുഞ്ഞാലിമരയ്ക്കാരാ'യി അവതരിപ്പിക്കുന്ന പ്രിയദര്ശന് ചിത്രം പ്രഖ്യാപിച്ചു. 'മരക്കാര് അറബിക്കടലിന്റെ സിംഹം' എന്നാണ് ചിത്രത്തിന്റെ പേര്. ചിത്രത്തിന്റെ പ്രഖ്യാപനവും ടൈറ്റില് ലോഞ്ചും കൊച്ചിയില് നടന്നു. കേരളപ്പിറവി ദിനമായ നവംബര് ഒന്നിന് ഹൈദരാബാദില് ചിത്രീകരണം ആരംഭിക്കാനാണ് ആലോചനയെന്നും ചിത്രീകരണം മൂന്ന് മാസത്തോളം നീളുമെന്നും ടൈറ്റില് ലോഞ്ചിന് ശേഷം നടന്ന വാര്ത്താസമ്മേളനത്തില് പ്രിയദര്ശന് പറഞ്ഞു.
"ചിത്രീകരണത്തിന്റെ വലിയ ഭാഗം കടലില് നടത്തേണ്ട ചിത്രമാണിത്. അതിനാല്ത്തന്നെ പോസ്റ്റ്പ്രൊഡക്ഷനും ഏറെ സമയം എടുക്കും", മണ്മറഞ്ഞ പ്രശസ്ത തിരക്കഥാകൃത്ത് ടി.ദാമോദരനുമായാണ് ഈ സിനിമയെക്കുറിച്ച് താന് ആദ്യം സംസാരിച്ചതെന്നും അദ്ദേഹത്തിന്റെ മരണശേഷം കുറേക്കാലത്തേക്ക് നിന്നുപോയ പ്രോജക്ട് ആണിതെന്നും പ്രിയന് പറഞ്ഞു. മലയാളസിനിമയുടെ ക്യാന്വാസിന്റെ പരിമിതികള്ക്ക് പുറത്തേക്ക് സഞ്ചരിക്കാനാണ് ചിത്രത്തിലൂടെ തങ്ങളുടെ ശ്രമമെന്നും പ്രിയദര്ശന് പറഞ്ഞുവെക്കുന്നു.
ആശിര്വാദ് സിനിമാസിനൊപ്പം കോണ്ഫിഡന്റ് ഗ്രൂപ്പും മൂണ്ഷോട്ട് എന്റര്ടെയ്ന്മെന്റും സംയുക്തമായാണ് നിര്മ്മാണം. ആശിര്വാദിന്റെ 25-ാം നിര്മ്മാണസംരംഭമാണിത്. 100 കോടിയാണ് ബജറ്റ്.
