കൊച്ചി: തുടര്‍ച്ചയായി നേടിയ ബോക്സ് ഓഫീസ് വിജയങ്ങള്‍ക്ക് പിന്നാലെ മോഹന്‍ലാല്‍ പ്രതിഫലം ഉയര്‍ത്തിയെന്ന് സിനിമ വൃത്തങ്ങള്‍. നിലവില്‍ മലയാള സിനിമയിലെ ഏറ്റവും ഉയര്‍ന്ന പ്രതിഫലം വാങ്ങുന്ന താരമാണ് മോഹന്‍ലാല്‍. 3 കോടി മുതല്‍ 3.50 കോടി വരെയാണ് മോഹന്‍ലാലിന്‍റെ ഒരു സിനിമയ്ക്കുള്ള പ്രതിഫലം.

ഒപ്പം അമ്പത് കോടി പിന്നിടുകയും പുലിമുരുകന്‍ കളക്ഷനില്‍ സര്‍വ്വകാല റെക്കോര്‍ഡ് തീര്‍ക്കുകയും ചെയ്തതിന് പിന്നാലെയാണ് മോഹന്‍ലാല്‍ പ്രതിഫലം ഉയര്‍ത്തിയത്. ജനതാ ഗാരേജ്, വിസ്മയം എന്നീ സിനിമകളിലൂടെ തെലുങ്ക് പ്രേക്ഷകരില്‍ സ്വീകാര്യത നേടിയതും പ്രതിഫല വര്‍ദ്ധനവിന് കാരണമായി. 

മലയാളത്തേക്കാള്‍ ഉയര്‍ന്ന പ്രതിഫലമാണ് തമിഴ്-തെലുങ്ക് ചിത്രങ്ങള്‍ മോഹന്‍ലാല്‍ വാങ്ങിയിരുന്നത്. ജനതാ ഗാരേജില്‍ അഞ്ച് കോടിക്ക് മുകളിലായിരുന്നു മോഹന്‍ലാലിന്‍റെ പ്രതിഫലം എന്നറിയുന്നു. 19 കോടിയാണ് ജനതാ ഗാരേജിലെ നായകന്‍ ജൂനിയര്‍ എന്‍ടിആറിന്റെ പ്രതിഫലം.

ആഗോള ബോക്‌സ് ഓഫീസില്‍ 50 കോടി രൂപയാണ് ഒപ്പം ഗ്രോസ് കളക്ഷനായി നേടിയത്. 360 കേന്ദ്രങ്ങളില്‍ റിലീസ് ചെയ്ത പുലിമുരുകന്‍ 35 കോടി പിന്നിട്ടെന്നാണ് അറിയുന്നത്. കേരളത്തിന് പുറമേ ഓവര്‍സീസ് മാര്‍ക്കറ്റിലും മോഹന്‍ലാല്‍ സിനിമകള്‍ക്ക് മികച്ച സാമ്പത്തിക നേട്ടം കൈവരിക്കാനായതും പ്രതിഫലത്തുക ഉയര്‍ത്താന്‍ കാരണമായി.