ലേഡീസ് ആന്‍റ് ജെന്‍റില്‍മാന്‍ മുന്‍ ചിത്രം

ലേഡീസ് ആന്‍റ് ജെന്‍റില്‍മാന് ശേഷം വീണ്ടും മോഹന്‍ലാലിനെ നായകനാക്കാന്‍ സിദ്ദിഖ്. ഈ വര്‍ഷം നവംബറില്‍ ചിത്രീകരണം ആരംഭിക്കാനിരിക്കുന്ന സിനിമ ഒരു ആക്ഷന്‍-കോമഡി ആയിരിക്കുമെന്ന് സിദ്ദിഖ് ടൈംസ് ഓഫ് ഇന്ത്യയോട് പറഞ്ഞു. ബിഗ് ബജറ്റില്‍ ഒരുക്കുന്ന സിനിമയുടെ തിരക്കഥാരചന ഇനിയും ആരംഭിച്ചിട്ടില്ലെന്നും പ്രാഥമിക ചിന്ത മാത്രമേ ആയിട്ടുള്ളുവെന്നും സിദ്ദിഖ്.

ഭാസ്കര്‍ ദി റാസ്കലിന്‍റെ തമിഴ് റീമേക്കായ ഭാസ്കര്‍ ഒരു റാസ്കലാണ് സിദ്ദിഖിന്‍റെ സംവിധാനത്തില്‍ അവസാനം തീയേറ്ററുകളിലെത്തിയ ചിത്രം. ഇതിന്‍റെ ഹിന്ദി റീമേക്കിനും സിദ്ദിഖിന് പദ്ധതിയുണ്ട്. എന്നാല്‍ അതിന് സമയമെടുക്കുമെന്നും നായകന്‍റെ കാര്യത്തില്‍ അന്തിമതീരുമാനം ആയിട്ടില്ലെന്നും അദ്ദേഹം. മോഹന്‍ലാല്‍ ചിത്രത്തിന് ശേഷം ഒരു ദിലീപ് സിനിമയും ആലോചനയിലുണ്ട്.

2013ല്‍ പുറത്തിറങ്ങിയ ലേഡീസ് ആന്‍റ് ജെന്‍റില്‍മാന്‍ കൂടാതെ 1992ല്‍ പുറത്തിറങ്ങിയ വിയറ്റ്നാം കോളനിയിലും സിദ്ദിഖും മോഹന്‍ലാലും മുന്‍പ് സഹകരിച്ചിട്ടുണ്ട്. പക്ഷേ അവിടെ സംവിധാനത്തില്‍ ലാലുമുണ്ടായിരുന്നു ഒപ്പമെന്ന് മാത്രം.