തിങ്കളാഴ്ച ലണ്ടനില്‍ ചിത്രീകരണം തുടങ്ങി
മോഹന്ലാലും സൂര്യയും ആദ്യമായി ഒന്നിക്കുന്നതിനാല്ത്തന്നെ ഏറെ വാര്ത്താപ്രാധാന്യം നേടി, പ്രമുഖ ഛായാഗ്രാഹകനും സംവിധായകനുമായ കെ.വി.ആനന്ദിന്റെ പുതിയ തമിഴ് ചിത്രം. ഇനിയും പേരിട്ടിട്ടില്ലാത്ത സിനിമയുടെ ചിത്രീകരണം തിങ്കളാഴ്ച ലണ്ടനില് ആരംഭിച്ചു. ലൈക പ്രൊഡക്ഷന്സ് നിര്മ്മിക്കുന്ന ബിഗ് ബജറ്റ് ചിത്രത്തിന്റെ ചിത്രീകരണം തുടങ്ങുമ്പോള്ത്തന്നെ അണിയറപ്രവര്ത്തകരില് ഒരാളെ മാറ്റി. ക്യാമറാമാനെയാണ് മാറ്റിയത്. ജിഗര്തണ്ടയും അമ്മ കണക്കുമൊക്കെ ക്യാമറയില് പകര്ത്തിയ ഗാവമിക് യു.അരിയെയാണ് നേരത്തേ ഛായാഗ്രാഹകനായി തീരുമാനിച്ചിരുന്നത്. എന്നാല് ആദ്യ ഷൂട്ടിംഗ് ദിനത്തില് തന്നെ ഛായാഗ്രാഹകനായി മറ്റൊരാളെ തീരുമാനിച്ചിരിക്കുകയാണ് നിര്മ്മാതാക്കള്.

ലിജോ ജോസ് പെല്ലിശ്ശേരിയുടെ ആമേനിലൂടെ സ്വതന്ത്ര ഛായാഗ്രാഹകനായ, പിന്നീട് ഡബിള് ബാരലും തമിഴ് ചിത്രങ്ങളുമൊക്കെ ചെയ്ത അഭിനന്ദന് രാമാനുജത്തെയാണ് ഛായാഗ്രാഹകനായി ഇപ്പോള് തീരുമാനിച്ചിരിക്കുന്നത്. പൃഥ്വിരാജ് ആദ്യമായി നിര്മ്മാതാവാകുന്ന ജെന്യൂസ് മുഹമ്മദ് ചിത്രം നയനിന്റെയും ഛായാഗ്രാഹകന് അഭിനന്ദന് ആണ്.
സൂര്യയുടെ 37ാം ചിത്രം ആക്ഷന് ത്രില്ലര് ഗണത്തില്പ്പെടുന്ന സിനിമയാണെന്നാണ് വിവരം. സൂര്യയുടെ ഇതുവരെയുള്ള കരിയറിലെ ഏറ്റവും ചെലവേറിയ ചിത്രം പത്ത് രാജ്യങ്ങളിലാണ് ചിത്രീകരിക്കുന്നത്. ന്യൂയോര്ക്ക്, ബ്രസീല്, ഇംഗ്ലണ്ട്, ഹൈദരാബാദ്, ദില്ലി എന്നിവിടങ്ങളൊക്കെ ലൊക്കേഷനുകളാണ്. സയ്യേഷയാണ് നായിക. മോഹന്ലാലിനും സൂര്യയ്ക്കുമൊപ്പം ബൊമാന് ഇറാനിയും സമുദ്രക്കനിയും ചിത്രത്തിലെ രണ്ട് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കും.
