അറുപത്തൊന്‍പതാം എപ്പിസോഡില്‍ എത്തിയ ഷോയില്‍ പുറത്തുപോകണമെന്ന് മിക്കവരും പലസമയത്തായി ബിഗ് ബോസിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.

എഴുപതാം ദിവസത്തിലേക്ക് അടുക്കുന്ന ബിഗ് ബോസ് മലയാളം സീസണ്‍ ഒന്നിന്റെ ഏറ്റവും പുതിയ എലിമിനേഷന്‍ എപ്പിസോഡുകള്‍ ആരംഭിച്ചു. പതിവുപോലെ കഴിഞ്ഞ ഒരാഴ്ചക്കാലത്ത് ബിഗ് ബോസ് ഹൗസില്‍ മത്സരാര്‍ഥികള്‍ക്കിടയില്‍ നടന്നതിനെക്കുറിച്ചുള്ള അഭിപ്രായങ്ങള്‍ പങ്കുവെച്ചായിരുന്നു അവതാരകനായ മോഹന്‍ലാലിന്റെ തുടക്കം. 

നമ്മള്‍ ഇവിടെയെത്തിയിട്ട് എത്ര ദിവസമായെന്ന് അറിയുമോ എന്ന ചോദ്യത്തോടെയാണ് മോഹന്‍ലാല്‍ സംസാരിക്കാന്‍ തുടങ്ങിയത്. അറുപത്തൊന്‍പതാം എപ്പിസോഡില്‍ എത്തിയ ഷോയില്‍ പുറത്തുപോകണമെന്ന് മിക്കവരും പലസമയത്തായി ബിഗ് ബോസിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഇപ്പോഴും അത്തരം ആവശ്യമുള്ളവര്‍ ആരൊക്കെയുണ്ടെന്ന മോഹന്‍ലാലിന്റെ ചോദ്യത്തിന് സാബു അടക്കമുള്ളവര്‍ കൈപൊക്കി.

ഇതുവരെ പുറത്തുപോകണമെന്ന് ആവശ്യപ്പെടാത്തവര്‍ എത്ര പേരുണ്ടെന്ന ചോദ്യത്തിന് രണ്ടുപേരാണ് കൈ പൊക്കിയത്. ശ്രീനിഷ് അരവിന്ദും അതിഥി റായിയുമായിരുന്നു അവര്‍. ഇവിടെ വന്നപ്പോഴത്തേതുപോലെ താന്‍ ഇതിനുമുന്‍പ് സ്‌നേഹിക്കപ്പെട്ടിട്ടില്ലെന്നും അതിനാല്‍ ബിഗ് ബോസ് പ്രിയപ്പെട്ടതാകുന്നുവെന്നുമായിരുന്നു അതിഥിയുടെ മറുപടി. എന്നാല്‍ 100 ദിവസം ദൈര്‍ഘ്യമുള്ള ഗെയിം എന്ന മാനസികമായ തയ്യാറെടുപ്പോടെയാണ് എത്തിയതെന്നും അതിനാല്‍ ഇടയ്ക്ക് പോകാന്‍ തോന്നിയിട്ടില്ലെന്നുമായിരുന്നു ശ്രീനിഷിന്റെ മറുപടി. മൂന്ന് പേരാണ് ഈ വാരത്തിലെ എലിമിനേഷന്‍ ലിസ്റ്റില്‍. അനൂപ് ചന്ദ്രന്‍, പേളി മാണി, ഷിയാസ് കരിം എന്നിവര്‍.